”ചേച്ചീ വെള്ള ബ്ലൗസ് ഉണ്ടോ കയ്യിൽ? ഉണ്ടെങ്കിൽ അതെടുത്ത് കൊച്ചിക്ക് വായോ, പുള്ളീടെ വിചാരം അതെല്ലാത്തിനും ചേരും എന്നാ”; അനുഭവങ്ങൾ പങ്കുവെച്ച് സ്മിനു സിജോ| Sminu Sijo| Dhyan Sreenivasan


ഇന്ന് മലയാള സിനിമാ ലോകത്ത് സജീവ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് നടി സ്മിനു സിജോ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയജീവിതം തടസങ്ങളില്ലാതെ മുന്നേറുകയാണ്. വിനീത് ശ്രീനിവാസനും അജു വർ​ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ഖാലി പഴ്സ് ഓഫ് ബില്ല്യനയർ ആണ് സ്മിനുവിന്റെ ഏറ്റവും പുതിയ ചിത്രം.

ശ്രീനിവാസൻ കുടുംബവുമായി അടുത്ത ബന്ധമുള്ള സ്മിനു ഖാലി പഴ്സ് ഓഫ് ബില്ല്യനയറിൽ ധ്യാനിന്റെ അമ്മയായാണ് അഭിനയിക്കുന്നത്. സ്മിനുവിനെ സിനിമയിലേക്ക് കൊണ്ട് വരുന്നത് ശ്രീനിവാസൻ ആയിരുന്നു. താൻ ചെറുപ്പം മുതലേ കാണുന്ന ആളാണ് സ്മിനു എന്ന് ധ്യാൻ പറയുന്നു. ധ്യാനും സ്മിനുവും ചേർന്ന് ഇന്ത്യൻ സിനിമാ ​ഗാലറി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

താൻ ഒരുപാട് താരങ്ങളുടെ അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ധ്യാനിന്റെ കൂടെ അഭിനയിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെയാണെന്നാണ് സ്മിനു പറയുന്നത്. ഖാലി പഴ്സ് ഓഫ് ബില്ല്യനയർ ആണ് ഇവരുടേതായി ആദ്യം പുറത്തിറങ്ങുന്ന സിനിമ. എന്നാൽ ഇതല്ലാതെ ധ്യാനിന്റെ വേറൊരു സിനിമയിൽ കൂടെ താൻ അനുഭവിച്ചിട്ടുണ്ട് എന്ന് പറയുകയാണ് സ്മിനു.

ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ആ ചിത്രത്തിലേക്ക് ധ്യാൻ തന്നെ കാസ്റ്റ് ചെയ്തതിന്റെ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് സ്മിനു. ധ്യാൻ തന്നെ വിളിച്ചിട്ട് വെള്ള ബ്ലൗസ് ഉണ്ടെങ്കിൽ ഒരെണ്ണം എടുത്തിട്ട് കാറിൽ കയറാൻ പറഞ്ഞു എന്നാണ് സ്മിനു പറയുന്നത്.

”ധ്യാൻ ഫോണിൽ വിളിച്ചിട്ട് ചേച്ചി, ഞാൻ എന്റെ കാർ അങ്ങോട്ട് അയയ്ക്കാം വെള്ള ബ്ലൗസ് ഉണ്ടെങ്കിൽ ഒരെണ്ണം എടുത്തിട്ട് പോരെ. സാരി ഞാൻ വാങ്ങി വയ്ക്കാം. വെള്ള ബ്ലൗസ് എല്ലാ സാരിക്കും മാച്ച് ആകുമെന്നാണ് പുള്ളിക്കാരന്റെ വിചാരം. ഞാൻ പറഞ്ഞു, മോൻ മെനക്കെടണ്ട എന്റേൽ രണ്ട് ഉടുക്കാത്ത സാരിയുണ്ട്, ചേച്ചി അത് എടുത്തോണ്ട് വരാം എന്ന്”- സ്മിനു പറയുന്നു.

മുൻ സംസ്ഥാന ഹാൻഡ്‌ബാൾ ടീമിൽ അംഗമായിരുന്ന സ്മിനു, കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയാണ്. താരത്തിന്റെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. 2019-ൽ റിലീസായ കെട്ടിയോളാണ് എൻ്റെ മാലാഖ എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി. തുടർന്ന് നായാട്ട്, ദി പ്രീസ്റ്റ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ സജീവമായി.