‘ശരീരം കാണിക്കാനാണോ ജിമ്മില്‍ വരുന്നത്? ജിമ്മിലെ ആശാന് കോളടിച്ചല്ലോ’; സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്കെതിരെ ഗായിക അഭയ ഹിരണ്മയി | Singer Abhaya Hiranmayi | Social Media Comments
ഖല്‍ബില് തേനൊഴുകണ കോഴിക്കോട് എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ച് ഗാനങ്ങളേ പാടിയിട്ടുള്ളൂ എങ്കിലും എല്ലാം സംഗീതാസ്വാദകരുടെ മനസില്‍ ഇടം പിടിച്ച ഗാനങ്ങളാണ്. ഗായിക എന്നതിലുപരി മോഡലും ടെലിവിഷന്‍ അവതാരകയുമാണ് അഭയ.
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയായിരുന്നു അഭയ. വിവാഹിതരാകാതെ ഇരുവരും ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പില്‍ ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. അഭയയെ മലയാള സംഗീതലോകത്തിന് പരിചയപ്പെടുത്തിയത് ഗോപി സുന്ദറായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ യാതൊരു മടിയുമില്ലാത്ത അഭയയ്ക്ക് പലപ്പോഴും സൈബര്‍ ആക്രമണവും സൈബര്‍ അധിക്ഷേപവും നേരിടേണ്ടിവന്നിട്ടുണ്ട്. പ്രധാനമായും വസ്ത്രധാരണത്തിന്റെ പേരിലാണ് അഭയയ്ക്ക് അധിക്ഷേപം നേരിടേണ്ടി വന്നിട്ടുള്ളത്.
എന്നാല്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും അതില്‍ ഉള്‍പ്പെട്ട ആളുകളുടെയും പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അപ്പോള്‍ അഭയ.
‘എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നാണ് അഭയ പറയുന്നത്. മറ്റൊരാളുടെ ഇഷ്ടത്തെ എങ്ങനെയാണ് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുക എന്ന് നിങ്ങള്‍ എപ്പോഴും ആലോചിക്കേണ്ട ഒന്നാണ്. മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് ചിന്തിച്ചിരുന്നാല്‍ ആര്‍ക്കും ഒരുകാലത്തും സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ കഴിയില്ല.’ -അഭയ ഹിരണ്മയി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ജീവിതത്തില്‍ നമ്മള്‍ ഒറ്റയ്ക്കാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതെല്ലാം ചെയ്യണം. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ശ്രമക്കരുത്. അല്ലാതെ ശരീരം കാണിക്കുന്ന ഡ്രസ്സാണോ ഇട്ടത് എന്നൊന്നും മറ്റുള്ളവരെ ബാധിക്കുന്ന കാര്യമേ അല്ല.’
‘ഓര്‍മ്മ വച്ച കാലം മുതല്‍ ഞാന്‍ ഷോര്‍ട്ട്‌സല് ഇടാറുണ്ട്. അന്നും എന്നെ കുറ്റം പറയുന്ന ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അന്ന് എന്റെ ചുറ്റിലുമുള്ളവരായിരുന്നു കുറ്റം പറഞ്ഞതെങ്കില്‍ ഇന്ന് അങ്ങനെ കുറ്റം പറയുന്നവരുടെ വ്യാപ്തി വലിയ തോതില്‍ കൂടിയിട്ടുണ്ട്. അതൊരു വലിയ ജനസമൂഹമായി മാറിയിട്ടുണ്ട്. അവിടെ നമ്മള്‍ മനസിലാക്കേണ്ടത് എല്ലാക്കാലത്തും നിങ്ങളെ കുറ്റം പറയാനും നിങ്ങളിടുന്ന ഡ്രസിനെ കുറിച്ച് മോശം പറയാനും ആള്‍ക്കാരുണ്ടാകും. അതിപ്പൊ നിങ്ങളൊരു സാരിയാണ് ഉടുക്കുന്നതെങ്കില്‍ പോലും അവര്‍ കുറ്റം പറയും. ചെയ്യാന്‍ പറ്റുന്ന ഒരൊറ്റ കാര്യം അതിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ അടിക്കാതിരിക്കുക എന്നതാണ്. എന്നെ ഈ ഡ്രസില്‍ കാണാനാണ് എനിക്കിഷ്ടം, അതിനപ്പുറം മറ്റുള്ളവര്‍ പറയുന്ന ഒരു കമന്റ്‌സും എന്നെ ബാധിക്കില്ല എന്ന നിലപാടെടുക്കണം.’
‘ഞാന്‍ എന്റെ ആശാന്റെ കൂടെ ജിമ്മില്‍ ട്രെയിന്‍ ചെയ്യുന്ന വീഡിയോ ഇട്ട സമയത്ത് ‘ആശാന് ഭയങ്കര കോളായല്ലോ, ആശാന്റെയൊക്കെ യോഗം, ജിമ്മില്‍ എന്തിനാ ഇങ്ങനത്തെ ഡ്രസ് ഇട്ട് വരുന്നെ, നിന്റെ ശരീരം കാണിക്കാനാണോ വര്‍ക്ക് ഔട്ട് ചെയ്യാനാണോ വരുന്നെ’ എന്നൊക്കെയാണ് അതിന് വന്ന കമന്റുകള്‍.’
‘സമൂഹം വളര്‍ന്നിട്ടില്ല എന്ന് ഞാനൊരിക്കലും പറയില്ല. തീര്‍ച്ചയായും സമൂഹം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ മാറ്റങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. നല്ല കമന്റ്‌സ് ഒരുപാട് വരാറുണ്ട്. പത്ത് പേരില്‍ നാലോ അഞ്ചോ പേര്‍ മോശം കമന്റ് ഇട്ടാല്‍ അവരോട് എനിക്ക് സഹതാപമാണ്.’ -അഭയ ഹിരണ്മയി പറഞ്ഞു.
വീഡിയോ കാണാം:
English Summary / Content Highlights: Singer model Abhaya Hiranmayi opens up against people who make bad comments on her photos in social media.