“വലിയൊരു ഓവർകോട്ട് ധരിച്ചാണ് സിൽക്ക് സ്മിത ലൊക്കേഷനിൽ വരുക, ആളുകളെല്ലാം വാ പൊളിച്ച് നോക്കിനിൽക്കും”; ഇപ്പോൾ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് രൂപേഷ്/Silk Smitha


വിടർന്ന കണ്ണുകളും വശ്യമായ ചിരിയും ആരെയും ആകർഷിക്കുന്ന സൗന്ദര്യവുമായി തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. 80കളിലെയും 90കളിലെയും ഒട്ടുമിക്ക ചിത്രങ്ങളിലും താരത്തിന്റെ നൃത്തരം​ഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ സിൽക്ക് സ്മിത തിളങ്ങി.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്ന താരം വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തോട് വിടപറഞ്ഞു. 1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്. വിജയലക്ഷ്മി എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു താരത്തിന്.

പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിൻറെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആ ബന്ധം അധികം നീണ്ടില്ല. തുടർന്ന് ടച്ച് അപ് ആർടിസ്റ്റായി സിനിമാ മേഖലയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും കടന്നു.

സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് വിജയലക്ഷ്മിയെ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. തുടർന്ന് സ്മിത എന്ന പേരും നൽകി. വിനു ചക്രവർത്തിയുടെ ഭാര്യ കർണ സ്മിതയെ ഇം​ഗ്ലീഷ് പഠിപ്പിച്ചു. നൃത്തവും അഭിനയവും പഠിക്കാൻ സൗകര്യം ചെയ്ത് കൊടുത്തു.

1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ‘മൂൺട്രു മുഖം’ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും ആ പേര് സ്മിത അർഥവത്താക്കുകയും ചെയ്തു.

മരിക്കുന്നതിന് ഒരു വർഷം മുൻപാണ് താരം മലയാളത്തിലെ ഹിറ്റ് ചിത്രം സ്ഫടികത്തിൽ അഭിനയിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ രം​ഗങ്ങളിലെല്ലാം ഒരു പടി മുന്നിൽ നിൽക്കുന്ന പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്. സീനുകൾ കുറവായിരുന്നെങ്കിലും ​മോഹൻലാലിനൊപ്പം ഏറെ ശ്രദ്ധേയമായൊരു ​ഗാനരം​ഗമുണ്ടായിരുന്നു സ്മിതക്ക്.

ഇപ്പോൾ ചിത്രത്തിലെ താരങ്ങളായ രൂപേഷും ഡോക്ടർ ആര്യയും ചേർന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സ്മിതയെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയിൽ സ്മിതയെക്കുറിച്ച് ഓർമ്മകളുള്ള താരങ്ങൾ കുറവായിരിക്കും. വലിയ ഓവർകോട്ട് ധരിച്ച് ലൊക്കേഷനിലെത്തുന്ന സ്മിത ആരോടും അധികം സംസാരിക്കാത്ത ശാന്തസ്വഭാവക്കാരിയായിരുന്നു എന്നാണ് രൂപേഷ് പറയുന്നത്.

വളരെയധികം സൂപ്പർസ്റ്റാർഡം ഉണ്ടായിരുന്ന നടിയായിരുന്നു സ്മിതയെന്നും രൂപേഷ് പറയുന്നു. അവർ അഭിനയിക്കുന്ന സമയത്ത് എല്ലാവരും ഉറ്റ് നോക്കിക്കൊണ്ടിരിക്കും, എന്നാൽ ആ സമയത്ത് അവർ പതറില്ല, അത്രയ്ക്കും പ്രഫഷനൽ ആയിരുന്നു. എന്നാൽ അവരുടെ ആ സമയത്തെ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു.- രൂപേഷ് പറയുന്നു.