”കോഴിമുട്ട കൊടുത്ത് സിനിമയിൽ അവസരം മേടിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഞാനായിരിക്കും”; രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിജു സണ്ണി| Siju Sunny| Vellari Pattanam


രോമാഞ്ചം സിനിമ കണ്ടവർക്കാർക്കും സിജു സണ്ണിയെ മറക്കാൻ കഴിയില്ല. ഏത് സമയത്തും വായിൽ ​ഹാൻസ് വെച്ച് സഹമുറിയൻമാരുടെ കയ്യിൽ നിന്നും വഴക്ക് കിട്ടുന്ന മുകേഷ് എന്ന കഥാപാത്രത്തെയായിരുന്നു സിജു രോമാഞ്ചത്തിൽ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ വെള്ളരിപ്പട്ടണത്തിലേക്ക് എത്തിപ്പെടാനുണ്ടായ രസകരമായ സംഭവം വിവരിക്കുകയാണ് താരം.

ഇന്ത്യൻ സിനിമയിൽ കോഴിമുട്ട കൊടുത്ത് അവസരം മേടിച്ച ഏക വ്യക്തി താനാണെന്നാണ് താരം സ്വയം പറയുന്നത്. സംവിധായകൻ മഹേഷ് വെട്ടിയാറിന്റെ വീടിന്റെ അടുത്താണ് സിജുവിന്റെയും വീട്. വെള്ളരിപ്പട്ടണം അനൗൺസ് ചെയ്ത സമയത്തായിരുന്നു അദ്ദേഹത്തിന് നാടൻ കോഴിമുട്ട വേണമെന്ന് പറഞ്ഞത്. ഇതിലൂടെ തനിക്ക് എന്തെങ്കിലും അവസരം ലഭിച്ചാലോ എന്നോർത്ത് താൻ കോഴിമുട്ടയുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു എന്നാണ് സിജു പറയുന്നത്.

”കോഴിമുട്ട കൊടുത്ത് സിനിമയിൽ അവസരം മേടിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഞാനായിരിക്കും. മഹേഷേട്ടന് കോഴിമുട്ട വേണമെന്ന് പറഞ്ഞു, വീട്ടിൽ കോഴിയുണ്ട്. അന്നേരം വെള്ളരിപ്പട്ടണം പടം അനൗൺസ് ചെയ്തിട്ടുണ്ട്. എന്റെ വീടും മഹേഷേട്ടന്റെ വീടും തമ്മിൽ പതിനഞ്ച് കിലോമീറ്റർ വ്യത്യാസമുണ്ട്. അപ്പോൾ ഞാനീ പത്ത് മുട്ട മഹേഷേട്ടന്റെ വീട്ടിൽ കൊടുത്തു.

കോഴിമുട്ട കൊടുക്കുന്നത് പതിവായി, മഹേഷേട്ടനെ നമുക്ക് നേരത്തെ അറിയാവുന്നതുമാണ്. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ മഹേഷേട്ടൻ പറഞ്ഞു, എടാ ഒരു ചെറിയ റോളുണ്ട് എന്ന്. ഞാൻ എട്ട് രൂപയ്ക്കാണ് മുട്ട കൊടുത്തോണ്ടിരുന്നത്. പിന്നെ അത് ഏഴ് ആക്കി. എനിക്ക് ഒരു സീൻ ഉണ്ടായിരുന്നത് മൂന്ന് സീൻ ആയി അപ്പോൾ. അങ്ങനെയൊരു സംഭവം ഇതിലുണ്ട്”- സിജു സണ്ണി പറയുന്നു. മഞ്ജു വാര്യർക്കും സൗബിൻ ഷാഹിറുനൊമൊപ്പം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കിരൺ ആന്റണി സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ വിശുദ്ധ മേജോ ആണ് സിജു സണ്ണി അഭിനയിച്ച ആദ്യത്തെ ചിത്രം. പക്ഷേ രോമാഞ്ചം ആണ് ആദ്യം തിയേറ്ററുകളിലെത്തിയത്. സമ്പൂർണ്ണ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് മഞ്ജു വാര്യരും സൗബിൻ സാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെള്ളരിപ്പട്ടണം. എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ട്രോൾ ചെയ്തുകൊണ്ടെത്തിയ ചിത്രം ഒരു മുഴുനീള ഫാമിലി എന്റർടൈനറാണ്.

മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കൃഷ്ണ ശങ്കർ, പുതുമുഖം അഭിരാമി ഭാർഗവൻ, വീണ നായർ, ശബരീഷ് വർമ്മ, കോട്ടയം രമേശ്, സലിം കുമാർ, രമ്യ സുരേഷ്, ഹരീഷ്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.