”വേറെ ആരും ഇല്ലല്ലോ അവരെ സപ്പോർട്ട് ചെയ്യാൻ, ഒരു ചാൻസ് കൊടുത്താലോ എന്ന് കരുതിയാണ് ചതുരത്തിലേക്ക് കാസ്റ്റ് ചെയ്തത്”; സിദ്ധാർത്ഥ് ഭരതൻ| sidharth bharathan| swasika vijay


സ്വാസികയെ നായികയാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. 2022 നവംബർ നാലിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇന്നലെയായിരുന്നു. അതേസമയം, സീരിയൽ നടിയാണെന്ന് അറിയാതെയായിരുന്നു തന്റെ പടത്തിലേക്ക് സ്വാസികയെ കാസ്റ്റ് ചെയ്തത് എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. നടി അഭിനയിച്ച വാസന്തി എന്ന ചിത്രത്തിന് അവാർഡ് കിട്ടിയ സമയത്തായിരുന്നു അവരെ സിദ്ധാർത്ഥ് തിരഞ്ഞെടുത്തത്.

പിന്നീട് സ്വാസിക സീരിയൽ താരമാണെന്ന് അറിഞ്ഞപ്പോൾ സിദ്ധാർത്ഥ് യഥാർത്ഥത്തിൽ ഞെട്ടിപ്പോയെന്നാണ് പറയുന്നത്. തനിക്കൊഴികെ ബാക്കിയെല്ലാവർക്കും സ്വാസിക അഞ്ച് വർഷമായി സീരിയലിൽ അഭിനയിക്കുന്ന കാര്യം അറിയാമായിരുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ മനസ് തുറന്നത്.

സ്വാസികയെ ചതുരത്തിൽ കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത് വാസന്തി എന്ന അവരുടെ ചിത്രത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്തായിരുന്നു. അവരുടെ കുറച്ച് ക്ലിപ്പിങ്സ് ഒക്കെ കണ്ടിരുന്നു. ”യങ്ങും ബ്യൂട്ടിഫുളുമായിട്ടുള്ള ഒരു പെൺകുട്ടി. അതിന് ശേഷം യൂട്യൂബിൽ എപ്പോഴോ ബ്രൗസ് ചെയ്യുമ്പോൾ തുടരും എന്നൊരു ഷോർട് ഫിലിം കണ്ടു. അതിലും ഈ കുട്ടി തന്നെ, കുഴപ്പമില്ലാതെ ചെയ്തിട്ടുമുണ്ട്. അങ്ങനെ ഇവരെ കോണ്ടാക്ട് ചെയ്തു”- സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ ബോൾഡ് കഥാപാത്രമാണെന്ന് സ്വാസികയോട് സിദ്ധാർത്ഥ് പറഞ്ഞിരുന്നു. കഥയും പറഞ്ഞിരുന്നു. എന്നാൽ കഥ കേട്ട ശേഷം ചേട്ടാ നിദ്രയിലെ പോലെയാണോ എന്നായിരുന്നു സ്വാസിക ചോദിച്ചത്. അതുക്കും മേലെയാണ്, ഓക്കെ ആണെങ്കിൽ പ്രൊസീഡ് ചെയ്യാം എന്നായിരുന്നു അപ്പോൾ സിദ്ധാർത്ഥിന്റെ മറുപടി.

സ്വാസികയാണ് തന്റെ സിനിമയിലെ നടിയെന്ന് പറഞ്ഞപ്പോൾ അറിയാം കുറെ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു സിദ്ധാർത്ഥിന്റെ അമ്മ കെപിഎസി ലളിതയുടെ മറുപടി. അപ്പോഴും സ്വാസിക സീരിയൽ താരമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. പിന്നീട് അറിഞ്ഞപ്പോൾ കെപിഎസി ലളിതയോട് അതേക്കുറിച്ച് ചോദിച്ചപ്പോൾ നിനക്ക് ഇതുവരെ അത് അറിയില്ലേ എന്നായിരുന്നു മറുപടി.

ഞാൻ വിചാരിക്കുന്നത് ഏതോ സ്ട്ര​ഗ്ലിങ് ആക്ട്രസ് ആണ്, നമുക്ക് ഒരു ചാൻസ് കൊടുത്താലോ വേറെ ആരും ഇല്ലല്ലോ അവരെ സഹായിക്കാൻ എന്നൊക്കെയാണ്- സിദ്ധാർത്ഥ് പറയുന്നു. അതേസമയം സീരിയൽ നടിമാർ മോശം ആണെന്ന് കരുതിയിട്ടല്ല താൻ ഇങ്ങനെ പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലിവിഷൻ താരങ്ങൾ ഓവർ ആക്ടിങ് ആയതുകൊണ്ട് താൻ എടുക്കേണ്ട പണിയുടെ ലെവൽ ആലോചിച്ചാണ് ടെൻഷൻ ആയത്. പക്ഷേ അതായിരുന്നു എളുപ്പം എന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.