”ഞാൻ ഒരു ഹിന്ദു മത വിശ്വാസി ആയിരുന്നു, അതിന് ശേഷം അവിശ്വാസി ആയി മാറുകയും ചെയ്തു”; മനസ് തുറന്ന് സിദ്ധാർത്ഥ് ഭരതൻ| Siddharth Bharathan| religion


താൻ ഒരു വിശ്വാസി ആയിരുന്നു എന്നും തന്റെ അമ്മയുടെ മരണത്തോടെ അങ്ങനെ അല്ലാതായെന്നും നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ. ഏഷ്യാവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം താൻ ലേൺ ചെയ്ത കാര്യങ്ങളെക്കുറിച്ചും അൺലേൺ ചെയ്ത കാര്യങ്ങളെക്കുറിച്ചും സംസാരിച്ചത്. ആദ്യം താൻ ദൈവത്തിൽ വിശ്വസിക്കാൻ പഠിച്ചെന്നും പിന്നീട് അങ്ങനെ അല്ലാതായി എന്നുമാണ് അദ്ദേഹം പറയുന്നത്.

”ഞാൻ ഒരു വിശ്വാസി ആയിരുന്നു, ഇപ്പോഴും ആണ്, പക്ഷേ അത് ദൈവത്തിൽ അല്ല. എന്നെ ദൈവ വിശ്വാസി ആക്കുന്നത് എന്റെ അമ്മയാണ്. അമ്മയുടെ മരണത്തോടു കൂടി ഞാൻ അവിശ്വാസി ആയി മാറുകയും ചെയ്തു. എന്റെ അമ്മയും അച്ഛനുമാണ് എന്റെ ദൈവം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവരാണ് എന്നെ ക്രിയേറ്റ് ചെയ്തത്. പിന്നെ അവർ ഹിന്ദു ആയത് കൊണ്ട് എന്നെ അങ്ങനെ വളർത്തി. ഇതാണ് ഹിന്ദു പോറ്റി, ഇതാണ് കൃഷ്ണൻ എന്നൊക്കെ കാണിച്ച് തന്നു.

അവർ മുസ്ലീംസ് ആയിരുന്നെങ്കിലോ? ഞാൻ മുസ്ലീം ആയി വളർന്നേനെ. അവർ ക്രിസ്ത്യൻസ് ആയിരുന്നെങ്കിൽ ഞാൻ ക്രിസ്ത്യാനി ആയും വളരുമായിരുന്നു. എന്നെ ക്രിയേറ്റ് ചെയ്തത് അവർ രണ്ട് പേരുമാണ്, അവർ ഹിന്ദു ദൈവങ്ങളെ കാണിച്ച് തന്നിട്ട് അവരാണ് നിന്നെ ക്രിയേറ്റ് ചെയ്തത് എന്ന് പറഞ്ഞ് തന്നു”- അദ്ദേഹം വ്യക്തമാക്കി.

സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തിയ ദി ജിന്ന് എന്ന ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ അവസാനം സംവിധാനം ചെയ്ത സിനിമ. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച് സിദ്ധാർത്ഥ് ഭരതൻ 2022ൽ പുറത്തിറങ്ങിയ ചതുരം തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമായാണ്. മാത്രമല്ല, സീരിയൽ താരം കൂടിയായ നടി സ്വാസികയ്ക്ക് കരിയർ ബ്രേക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭരതന്റെയും ചലച്ചിത്ര താരം കെ പി എ സി ലളിതയുടെയും മകനായ സിദ്ധാർത്ഥ് ഭരതൻ 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര രം​ഗത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ നായകനായും സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സിദ്ധാർത്ഥിന്റെ അച്ഛൻ ഭരതൻ സംവിധാനം ചെയ്ത് 1981 ൽ റിലീസായ നിദ്ര എന്ന സിനിമ 2012ൽ റീമേക്ക് ചെയ്ത് കൊണ്ടാണ് സിദ്ധാർത്ഥ് സംവിധാന രം​ഗത്തേക്ക് എത്തുന്നത്. 2015ൽ ദിലീപും അനുശ്രീയും പ്രധാന വേഷത്തിലെത്തിയ ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയും 2017ൽ വർണ്യത്തിൽ ആശങ്ക എന്ന സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തു. ഇതിന് ശേഷം സിദ്ധാർത്ഥ് വീണ്ടും വെള്ളിത്തിരയിൽ സജീവമാവുകയാണ്.