“സിദ്ധിഖിനെ നിർമ്മാതാവ് തല്ലി, ഗണേഷ് കുമാർ അന്ന് എംഎൽഎ കൂടിയല്ല, എന്നിട്ടും അദ്ദേഹത്തിന്റെ മിടുക്കിൽ അത് സംഭവിച്ചു”; വെളിപ്പെടുത്തലുമായി പൂജപ്പുര രാധാകൃഷ്ണൻ |Poojappura Radhakrishnan|Amma|Ganesh kumar
കാലങ്ങളായി മലയാള സിനിമാ മേഖലയിൽ നിറസാനിദ്ധ്യമായി തുടരുന്നയാളാണ് പൂജപ്പുര രാധാകൃഷ്ണൻ. വളരെ ചെറിയ വേഷങ്ങളിലാണ് അഭിനയിക്കുന്നതെങ്കിലും ചെയ്യുന്ന വേഷങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ് ഇദ്ദേഹം.
പിന്നീട് പൂജപ്പുര സോമൻ നായരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിക്രമ തിയ്യേറ്റേഴ്സ് എന്ന നാടക കൂട്ടായ്മയുടെ സ്ഥിരം ബാലതാരമായി മാറി. ശ്രീകുമാരൻ തമ്പിയുടെ അമ്പലവിളക്ക് എന്ന സിനിമയിലാണ് പൂജപ്പുര രാധാകൃഷ്ഷൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ശ്രീകുമാരൻ തമ്പിയുടെ എല്ലാ സിനിമകളിലും പൂജപ്പുര രാധാകൃഷ്ണനുണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയാണ് രാധാകൃഷ്ണന് “പൂജപ്പുര രാധാകൃഷ്ണൻ” എന്ന പേര് നൽകിയത്.
തുടർന്ന് കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി കിട്ടിയ താരം അഭിനയം അതിനൊപ്പം തുടർന്നു. കൂടെവിടെ, അരപ്പെട്ടകെട്ടിയ ഗ്രാമത്തിൽ, തിങ്കളാഴ്ച്ച നല്ല ദിവസം, ഞാൻ ഗന്ധർവൻ തുടങ്ങിയവയെല്ലാം ആ സമയത്തിറങ്ങിയ ചിത്രങ്ങളാണ്. ഉത്സവമേളം,മുഖചിത്രം എന്നീ സിനിമകളിൽ അസോസിയേറ്റ് സംവിധായകനായും, ഞാൻ ഗന്ധർവ്വൻ, ഇന്നലെ എന്നീ സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായും പൂജപ്പുര രാധാകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ ടെലിവിഷൻ സീരിയലുകളായിരുന്നു താരത്തിന് കുറച്ച് കൂടി പ്രശസ്തി നേടിക്കൊടുത്തത്. ടെലിവിഷൻ സംഘടനയായ ആത്മയുടെ സെക്രട്ടറിയാണ് താരം. ഇപ്പോൾ താരസംഘടനയായ അമ്മയുടെ രൂപീകരണത്തിലേക്ക് നയിച്ച പ്രധാനസംഭവങ്ങളിലേക്ക് വിരൽചൂണ്ടുകയാണ് അദ്ദേഹം. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
സിദ്ധീഖിനെ തല്ലിയ സംഭവമാണ് അമ്മയുടെ പിറവിയ്ക്ക് കാരണമായത് എന്നാണ് നടൻ വെളിപ്പെടുത്തിയത്. നിർമ്മാതാവ് സിമ്പിൾ ബഷീർ, പ്രതിഫലം ചോദിച്ചതിന് നടൻ സിദ്ധിഖിനെ തല്ലിയ സംഭവത്തിൽ നിന്നാണ് അമ്മയുടെ പിറവിയെന്ന് പൂജപ്പുര രാധാകൃഷ്ണൻ വെളിപ്പെടുത്തി. നടൻ ഗണേഷ് കുമാറിന്റെ നിർബന്ധത്തിൽ തുടങ്ങിയ സംഘടനയ്ക്ക് പേര് നിർദേശിച്ചത് അന്തരിച്ച നടൻ മുരളിയായിരുന്നു.
“സിദ്ധിക്കിനെ തല്ലി എന്ന് കേട്ടപ്പോൾ നമ്മൾക്ക് ആർക്കും സഹിച്ചില്ല. എന്തിനാണ് തല്ലിയത്, താൻ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം ചോദിച്ചതിനാണ്. സിമ്പിൾ ബഷീർ ഇന്ന് ഒന്നുമല്ല. ഡബ്ബിംഗിന് വരുമ്പോൾ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ കൊടുത്തില്ല. ചോദിച്ചപ്പോൾ വാക്ക് തർക്കമായി. അങ്ങനെ സിദ്ധീഖിനെ അടിക്കുകയായിരുന്നു. കെബി ഗണേഷ് കുമാർ അന്ന് മന്ത്രിയൊന്നുമല്ല, ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് പറഞ്ഞു. ഗണേഷ് കുമാറിന്റെ മിടുക്കിലാണ് അതുണ്ടാകുന്നത്”- അദ്ദേഹം വ്യക്തമാക്കി.