‘ബലാത്സംഗ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു, ഞാനറിയാതെ അവര്‍ ആ സീന്‍ ഷൂട്ട് ചെയ്ത് സിനിമയില്‍ ചേര്‍ത്തു, ഞാന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിക്കേണ്ടത് ഞാനാണ്’; മലയാളികളുടെ പ്രിയനടി ശോഭന തുറന്ന് പറയുന്നു


മലയാള സിനിമയില്‍ സൗന്ദര്യവും അഭിനയപാടവവും മനോഹരമായ നൃത്തവുമെല്ലാം കൊണ്ട് തന്റെതായ ഇടമുണ്ടാക്കിയ അഭിനേത്രിയാണ് ശോഭന. സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തപ്പോഴും ശോഭന എന്ന പേര് മലയാളികളുടെ മനസില്‍ സജീവമായി നിലനില്‍ക്കാന്‍ കാരണം അഭിനയിച്ച സിനിമകളിലെ മാസ്മരികമായ പ്രകടനങ്ങള്‍ തന്നെയാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയെ ക്ലാസിക്കാക്കി മാറ്റിയതില്‍ മോഹന്‍ലാലിനെക്കാളും സുരേഷ് ഗോപിയെക്കാളുമെല്ലാം പങ്ക് ശോഭനയ്ക്കാണ് എന്ന് ആ സിനിമ കണ്ടവരെല്ലാം പറയും.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത് 1984 ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ രംഗപ്രവേശം. പിന്നീട് ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്തില്‍ ശോഭനയെത്തി.

പിന്നീടിങ്ങോട്ട് മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങളിലാണ് ശോഭന അഭിനയിച്ചത്. തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, യാത്ര, ടി.പി.ബാലഗോപാലന്‍ എം.എ, നാടോടിക്കാറ്റ്, കളിക്കളം, അപരന്‍, അയ്യര്‍ ദി ഗ്രേറ്റ്, പപ്പയുടെ സ്വന്തം അപ്പൂസ്, കമ്മീഷണര്‍, മിന്നാരം, വിഷ്ണു, മഴയെത്തും മുമ്പെ, സൂപ്പര്‍മാന്‍, വല്യേട്ടന്‍ തുടങ്ങിയവയെല്ലാം ശോഭന അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ചിലതാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും ശോഭന അഭിനയിച്ചിട്ടുണ്ട്. രണ്ട് ദേശീയ പുരസ്‌കാരങ്ങളും ഒരു തവണ സംസ്ഥാന പുരസ്‌കാരവും നേടിയ ശോഭന തന്റെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

താന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിക്കേണ്ടത് താനാണ് എന്ന് ശോഭന പറയുന്നു. സ്വന്തം അഭിപ്രായം പറയുന്നതിന് ആരെയാണ് പേടിക്കേണ്ടത്? അത്തരത്തില്‍ തുറന്ന് സംസാരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ സിനിമയില്‍ ഉണ്ടാകാം. തന്റെ മാതാപിതാക്കള്‍ തന്റെ അഭിപ്രായത്തെ അനുകൂലിച്ചിരുന്നുവെന്നും ശോഭന പറയുന്നു.

‘ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അതിലൊരു ബലാത്സംഗ സീന്‍ ഉള്ളതായി കണ്ടു. അപ്പോള്‍ ഞാന്‍ അതിന് ഓ.കെ അല്ല എന്ന് പറഞ്ഞു. കഥ കേട്ടപ്പോള്‍ തന്നെ ഇക്കാര്യം ഞാന്‍ അവരെ അറിയിച്ചതാണ്. അപ്പോള്‍ അവരത് സമ്മതിച്ചിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ബലാത്സംഗ സീന്‍ അതിലുണ്ട്. അവരത് ഡ്യൂപ്പിനെ വച്ച് ചെയ്തു.’ -ശോഭന പറയുന്നു.

‘എന്റെ അച്ഛന്‍ ഇത് അറിഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. പ്രശ്‌നമാക്കി. എന്റെ അനുവാദമില്ലാതെ ഇങ്ങനെ ചെയ്തത് ശരിയല്ലല്ലോ. എനിക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്നതേ ഞാന്‍ ചെയ്യാറുള്ളൂ. മലയാളത്തില്‍ എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.’

‘പ്രേക്ഷകരുടെ ഇഷ്ടനടിയായ ശോഭനയെ എനിക്ക് ഇഷ്ടമല്ല. ടി.വിയില്‍ സിനിമകള്‍ കാണുമ്പോഴെല്ലാം കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നും. മണിച്ചിത്രത്താഴ് കാണുമ്പോള്‍ പോലും എനിക്കിത് തോന്നാറുണ്ട്.’

‘എനിക്ക് ഇന്‍സ്റ്റഗ്രാം ശരിയാവില്ല. കൂടെ അഭിനയിച്ചവര്‍ അരങ്ങൊഴിയുമ്പോഴുള്ള ശൂന്യത കൊണ്ടാണ് അത്. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ മിനുറ്റുകള്‍ക്കകം അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതി അടുത്ത സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യും. ഞാനും അങ്ങനെ ചെയ്യണമെന്ന് ആളുകള്‍ പ്രതീക്ഷിക്കാന്‍ പാടില്ല.’

‘കെ.പി.എ.സി ലളിത ചേച്ചി പെട്ടെന്നാണ് പോയത്. ചേച്ചി എന്റെ സുഹൃത്താണ്. വാട്ട്‌സ്ആപ്പില്‍ ഞങ്ങള്‍ നിരന്തരം സംസാരിക്കുമായിരുന്നു. ശോഭൂ എന്നാണ് എന്നെ വിളിച്ചിരുന്നത്. കുറേ വര്‍ത്തമാനം പറയും. ഞാന്‍ അടുത്തിടെ അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ചേച്ചി ഉണ്ട്. പുതിയ ടെക്‌നോളജികള്‍ക്ക് മുന്നില്‍ ഞാന്‍ പകച്ച് നില്‍ക്കുമ്പോള്‍ ചേച്ചി അനായാസമായി അങ്ങ് അഭിനയിച്ച് പോകും. എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ അതൊക്കെ വരും ശോഭൂ എന്ന് പറയും. ആ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. നെടുമുടി വേണുച്ചേട്ടനുംതിലകന്‍ ചേട്ടനുമൊക്കെ എനിക്ക് അധ്യാപകരായിരുന്നു.’ -ശോഭന പറഞ്ഞുനിര്‍ത്തി.

English Summary / Content Highlights: Actress Shobhana says crew shot a rape scene against her will during a film shooting.