“സ്ത്രീകൾ പോരാടേണ്ടത് തുല്യതയ്ക്ക് വേണ്ടിയല്ല, ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്”; ഷൈൻ ടോം ചാക്കോ| shine tom chakko| feminism


സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഒരു സ്ത്രീതന്നെ തുടക്കമിടണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. മാതൃഭൂമി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിൽപ്പോയി എന്തിന് ജീവിതം തുടങ്ങുന്നുവെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയാൻ എവിടെ നിന്ന് തുടങ്ങണമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ഒരു സ്ത്രീക്ക് അവൾ ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ലെന്ന് ഷൈൻ അഭിപ്രായപ്പെട്ടു. ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതൽ. തുല്യ വസ്ത്രധാരണത്തേക്കുറിച്ചോ, തുല്യ സമയ രീതിയേക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘അവരവർ ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങൾക്ക് പൊരുതണമെങ്കിൽ ആദ്യം സ്വന്തം വീട്ടിൽ നിന്ന് പൊരുതണം. അപ്പോൾ പറയും അങ്ങനെയേ കുടുംബങ്ങൾ ഉണ്ടാവൂ എന്ന്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തുനിൽക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.’ ഷൈൻ പറഞ്ഞു.

നിങ്ങളെങ്ങനെയാണ്, എന്ത് ധൈര്യത്തിലാണ് ഒരു പരിചമയമില്ലാത്ത വീട്ടിൽ ഇത് നിങ്ങളുടെ വീടാണ് വീട്ടുകാരാണ് എന്ന് കരുതി പോകുന്നതെന്നും ഷൈൻ ചോദിക്കുന്നു. ഇങ്ങനെ ആണുങ്ങളെ പറഞ്ഞയച്ചാൽ അവർ രണ്ട് ദിവസം കൊണ്ട് തിരിച്ച് വരുമെന്നും താരം പറയുന്നു. സ്വന്തം വീട്ടിൽ നിൽക്കാൻ കഴിയുന്നതാണ് സ്ത്രീകളുടെ സ്വാതന്ത്ര്യം, അതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോയെന്നും താരം ചോദിക്കുന്നു.

ആദ്യം തുല്യജീവിതത്തിന് വേണ്ടി പോരാടണമെന്നും തുല്യവേതനം പിന്നെയാണെന്നും താരം പറയുന്നു. എന്നാൽ അതിനിടെ പൊരിച്ചമീൻ വിവാദത്തെക്കുറിച്ച് ഇതേ അഭിമുഖത്തിൽ ഷൈൻ പറഞ്ഞതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്ത്രീകൾക്ക് പൊരിച്ചമീൻ നൽകാതിരുന്നത് അവരുടെ ചർമ്മത്തിൽ കുരുക്കൾ വരുന്നത് കൊണ്ടാണെന്നാണ് ഷൈനിന്റെ അഭിപ്രായം.

ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ഷൈൻ ടോം ചാക്കോ 2011ൽ ഗദ്ദാമ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിഞ്ഞത്. 2012ൽ ഈ അടുത്ത കാലത്ത്, ചാപ്‌റ്റോഴ്‌സ് എന്നീ ചിത്രങ്ങളിൽ അഭിനിയിച്ചു. 2013ൽ അന്നയും റസൂലും എന്ന ചിത്രത്തിൽ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2015 ജനുവരിയിലാണ് നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അറുപത് ദിവസത്തോളം ഷൈനിന് ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്.