”കൊച്ചിയിലെ പുകയോ? എനിക്കറിയാവുന്ന പുക വേറെയാ, വളരെ നാച്വറലായിട്ടുള്ളത്, അപ്പോൾ ഏതായിരിക്കും നല്ലത്”; ഷൈൻ ടോം ചാക്കോ| Shine Tom Chacko| Telegu Movie


നടൻ ഷൈൻ ടോം ചാക്കോ ആദ്യമായി തെലുങ്ക് സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുകയാണ്. നവാ​ഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദസറ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിൽ നടൻ നാനിയുടെ വില്ലൻ കഥാപാത്രമായാണ് അദ്ദേഹം അഭിനയിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷൈനും നാനിയും ചേർന്ന് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അഭിമുഖത്തിനിടെ ബ്രഹ്മപുരത്തെ പുകയെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ താൻ ഇപ്പോഴാണ് അതേക്കുറിച്ച് അറിയുന്നത് എന്നാണ് ഷൈൻ പറയുന്നത്. തനിക്ക് അറിയാവുന്ന പുക വേറെയാണെന്നും അദ്ദേഹം പറയുന്നു. ”ഞാൻ ഇന്നാണ് അറിഞ്ഞത്. അതിന് മുന്നെ എനിക്കറിയാവുന്ന പുക ഇതായിരുന്നില്ല. അത് വളരെ നാച്വറലായിട്ടുള്ളൊരു പുകയായിരുന്നു.

ഇതാണെങ്കിൽ വളരെ അൺ നാച്വറൽ ആയിട്ടുള്ള പുകയാണെന്ന് മനസിലായില്ലേ? ഏത് പുകയാണ് നല്ലത് ആരോ​ഗ്യത്തിന്?”- ഷൈൻ അവതാരകയോട് ചോദിച്ചു. എന്നാൽ ഷൈൻ പറയുന്ന പുക ആരോ​ഗ്യത്തിന് മോശമാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് അവർ ചെയ്തത്.

ഇതിനിടെ തനിക്ക് ഷൈനിന്റെ ഇം​ഗ്ലീഷ് കേൾക്കാൻ വളരെ ഇഷ്ടമാണെന്നും അത് ക്യൂട്ട് ആണെന്നും നാനി പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ ഇന്റർവ്യൂകളെല്ലാം കണ്ട് നോക്കാനാണ് അതതാരിക പറയുന്നത്. ബി​ഗ് ബജറ്റ് ചിത്രമായ ദസറയുടെ വിശേഷങ്ങളും ഷൈനും നാനിയും ചേർന്ന് പങ്കുവയ്ക്കുന്നുണ്ട്.

തെലുങ്ക് പോലൊരു ഇൻഡസ്ട്രിയിലെ വില്ലൻ കഥാപാത്രമായതിനാൽ ഒരുപാട് ഫൈറ്റ് സീനുകൾ ഉണ്ടാകുമെന്നാണ് ഷൈൻ കരുതിയിരുന്നത്. അതുകൊണ്ട് താൻ ഒരു ബോഡി ബിൽഡർ ഒന്നുമല്ല, അധികം ഫൈറ്റ് ചെയ്യാനൊന്നും കഴിയില്ലെന്ന് സംവിധായകൻ ശ്രീകാന്തിനോട് ഷൈൻ ആദ്യമേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷൈൻ എങ്ങനെയാണോ ഉള്ളത് അതുപോലെ അഭിനയിച്ചാൽ മതി എന്നായിരുന്നു സംവിധായകന്റെ മറുപടി.

”പൊതുവെ തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ വില്ലൻമാർക്ക് ഒരുപാട് ഫൈറ്റൊക്കെ ചെയ്യണമല്ലോ, ആ സമയത്താണെങ്കിൽ ഞാൻ തല്ലുമാലയൊക്കെ കഴിഞ്ഞ് ലി​ഗമെന്റിന് പ്രശ്നമായിരിക്കുകയാണ്. അപ്പോൾ ഞാൻ ശ്രീകാന്തിനോട് പറഞ്ഞു എനിക്ക് ഓടി നടന്ന് ഫൈറ്റൊന്നും ചെയ്യാൻ പറ്റില്ലെന്ന്. അതുപോലെ ഞാനൊരു ബഡിബിൽഡർ അല്ലെന്നും എനിക്ക് ഒരുപാട് മസിലൊന്നും ഇല്ലെന്നും പറഞ്ഞു.

മസിലും ബോഡിയും ഒന്നും വേണ്ട, എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ വന്നാൽ മതിയെന്ന് ശ്രീകാന്ത് എന്നോട് പറഞ്ഞു. വളരെ നോർമലായിട്ടുള്ള മനുഷ്യൻ എന്ന രീതിയിൽ തന്നെയാണ് അദ്ദേഹം ആ കഥാപാത്രത്തെ രൂപപ്പെടുത്തിയത്. കൂടുതൽ എക്സ്പ്രഷൻസോ കാര്യങ്ങളോ ഒന്നും ആ കഥാപാത്രത്തിനില്ലായിരുന്നു. സാധാരണ നമ്മുടെയൊക്കെ വീട്ടിൽ കാണുന്ന ഒരാളെപ്പോലെയുള്ള കഥാപാത്രമായിരുന്നു അത്”- ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.