” ചെന്നിറിങ്ങുമ്പോഴേക്കും പറഞ്ഞു ഗോള്‍ഡന്‍വിസ, ഞാന്‍ ചോദിക്കട്ടെ ഇത് ഏത് ജ്വല്ലറിയിലാണ് കിട്ടുന്നത്? … ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല” ‘അയ്യര് കണ്ട ദുബായ്’ ടൈറ്റില്‍ ലോഞ്ചിനിടെ ഗോള്‍ഡന്‍ വിസ കിട്ടാത്തതിന്റെ ‘പരിഭവം’ പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യു.എ.ഇ ഭരണകൂടം ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കാറുണ്ട്. പത്തുവര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യുമെന്നതാണ് ഇതിന്റെ ആകര്‍ഷണം.
പ്രമുഖനടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ വിസ കിട്ടാത്തതില്‍ ചെറിയ തോലില്‍ പരിഭവമുള്ള ഒരു നടനുണ്ട് മലയാളത്തില്‍. മറ്റാരുമല്ല നടന്‍ ഷൈന്‍ ടോം ചാക്കോ തന്നെ. ‘അയ്യര് കണ്ട ദുബായ്’ എന്ന ഷൈനിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത് ദുബൈയിലാണ്. ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ഷൈന്‍ ടോം ചാക്കോ ദുബായിയില്‍ തനിക്ക് ഗോള്‍ഡന്‍ വിസ കിട്ടാത്തതിന്റെ പരിഭവം തമാശരൂപേണ പങ്കുവെച്ചത്.
ഡസേര്‍ട്ട് ഡ്രൈവിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഷൈനിന്റെ രസകരമായ പ്രതികരണം. ”ദുബൈയില്‍ വണ്ടിയോടിക്കാന്‍ ലൈസന്‍സ് വേണോ എനിക്ക്. ഇന്റര്‍നാഷണല്‍ ലൈസന്‍സ് മതിയോ. അപ്പോ പിന്നെ ഗോള്‍ഡന്‍ വിസയുടെ ആവശ്യമുണ്ടാവില്ല അല്ലേ. ചെന്നിറങ്ങുമ്പോഴേക്കും ഗോള്‍ഡന്‍ വിസ ഗോള്‍ഡന്‍ വിസ എന്നു പറയുന്നുണ്ട്. ഞാന്‍ ചോദിക്കുകയാണ്, ഗോള്‍ഡന്‍ വിസ ഏത് ജ്വല്ലറിയിലാണ് കിട്ടുക? ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. മൂന്നാല് പേര് ഒരുമിച്ച് അപേക്ഷിച്ചെന്നാ തോന്നുന്നത്. അവിടെ ചെല്ലുമ്പോഴേക്കും മൂന്നാലുപേര് ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോയി.” ഷൈന്‍ പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, മുകേഷ്, ഉര്‍വശി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘അയ്യര് കണ്ട ദുബായ്’. തിങ്കളാഴ്ച ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങ് നടന്നിരുന്നു. എം.എ നിഷാദാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.