”എനിക്ക് ഭയങ്കര ചമ്മലുള്ള കാര്യമാണ് ഭാര്യയും ഭർത്താവുമായി അഭിനയിക്കുകന്നത്, ഭയങ്കര ബുദ്ധിമുട്ടാണ്”; അഹാനക്കൊപ്പമുള്ള ആദ്യ ചിത്രത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോ| Shine Tom Chakko | Ahaana Krishna
സിനിമയിൽ ഭാര്യയും ഭർത്താവുമായി അഭിനയിക്കുന്നത് തനിക്ക് വളരെ ചമ്മലുള്ള കാര്യമാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്റെ ഏറ്റവും പുതിയ സിനിമയായ അടിയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടി അഹാന കൃഷ്ണക്കൊപ്പമാണ് ഷൈൻ അടിയിൽ അഭിനയിച്ചിരിക്കുന്നത്.
”സീനിന്റെ നടത്തിപ്പിന് വേണ്ടിയിട്ടുള്ള കഥാപാത്രങ്ങളല്ല ഈ സിനിമയിൽ. കഥാപാത്രങ്ങളുടെ വ്യത്യാസങ്ങൾ കൊണ്ടാണ് സീൻ ഉണ്ടാകുന്നത്. ഒരു നടനെ സംബന്ധിച്ച് അത്തരത്തിലുള്ള കഥാപാത്രങ്ങൾ എപ്പോഴും കിട്ടില്ല. കഥാപാത്രങ്ങളുടെ വ്യത്യാസങ്ങൾ കൊണ്ട് സംഭവിക്കുന്ന സ്വീക്വൻസുകൾ കേട്ടാൽ നമുക്ക് പെട്ടെന്ന് മനസിലാവും. പിന്നെ അതൊക്കെ എങ്ങനെ സംഭവിക്കും?
പിന്നെ നമ്മൾ കല്യാണം കഴിച്ച് വന്നിട്ടുള്ള ആളുകൾ അല്ലല്ലോ. ആദ്യമായിട്ടാണ് ഞാനും അഹാനയും കാണുന്നതും അഭിനയിക്കുന്നതുമെല്ലാം. ഭയങ്കര ചമ്മലുള്ള കാര്യമാണ് ഈ ഭാര്യയും ഭർത്താവുമായി അഭിനയിക്കുക എന്ന് പറഞ്ഞത്. എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്”- ഷെെൻ പറയുന്നു. അതേസമയം, ഇക്കാര്യം പറഞ്ഞതിന് ശേഷം ഷൈൻ ഇത് ശരിയല്ലേ എന്ന് അഹാനയോട് ചോദിച്ചപ്പോൾ താരം ചിരിച്ച് കൊണ്ട് ഇപ്പോൾ പറഞ്ഞ് വരുന്നത് എന്തായിരുന്നു എന്നാണ് ചോദിച്ചത്.
ഇതിനിടെ, കരിയറിലെ തുടക്ക കാലത്ത് അന്നയും റസൂലും എന്ന രാജീവ് രവി സിനിമയിൽ നിന്നും ഓഫർ വന്നതിനെക്കുറിച്ച് അഹാന സംസാരിച്ചു. എന്ത് കണ്ടാണ് തന്നെ ആ സിനിമയിലേക്ക് ആൻഡ്രിയ അഭിനയിച്ച റോളിലേക്ക് വിളിച്ചതെന്ന് ഇപ്പോഴും അറിയില്ല എന്ന് അഹാന പറഞ്ഞപ്പോൾ കണ്ണ് കണ്ടിട്ടാണ് എന്നാണ് ഷൈൻ ഇടക്ക് കയറി പറഞ്ഞത്.
”എന്ത് കണ്ടാണ് എന്നെ അന്നയും റസൂലിനും വിളിച്ചതെന്ന് എനിക്ക് ശരിക്കും അറിയില്ല. ഇന്ന ആളുടെ മോളല്ലേ സിനിമയിലേക്കെടുക്കാം എന്നൊന്നും ആയിരുന്നില്ല. അങ്ങനെയാണെങ്കിൽ അവരത് കഴിഞ്ഞു ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടല്ലോ. അന്നയും റസൂലിനും ഇന്നായിരുന്നു എന്നെ വിളിച്ചിരുന്നതെങ്കിലെന്ന് ആഗ്രഹിക്കുന്നു”- അഹാന വ്യക്തമാക്കി.
അതേസമയം, ഇഷ്ക് സിനിമയുടെ തിരക്കഥാകൃത്ത് രതീഷ് രവിയുടെ തിരക്കഥയിൽ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അടി. ലില്ലി, അന്വേഷണം എന്നീ സിനിമകളുടെ സംവിധായകനാണ് പ്രശോഭ്. ധ്രുവൻ ആണ് ചിത്രത്തിലെ പ്രാധാന്യമുള്ള മറ്റൊരു വേഷത്തിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ഈ സിനിമ ഏപ്രിൽ പതിനാലിന് വിഷു റിലീസ് ആയി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.