“അവർ ഒരുപാട് സ്വീറ്റാണ്, എല്ലാ ഭാഷയും സംസാരിക്കും”; നയൻതാരയ്ക്കൊപ്പമുള്ള മികച്ച അനുഭവം പങ്കുവെച്ച് ഷാരൂഖ് ഖാൻ
മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര സിനിമാലോകത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് ശക്തമായിത്തന്നെ വേരുറപ്പിച്ച താരം ബോളിവുഡിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് തന്റെ കരിയർ തുടങ്ങിയ താരം 2005ൽ അയ്യാ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, തസ്കരവീരൻ, രാപ്പകൽ, ബോഡിഗാർഡ്, ഇലക്ട്ര, ഭാസ്കർ ദി റാസ്കൽ, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, നിഴൽ, ഗോൾഡ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ മികച്ച അഭിനയിത്തിലൂടെയാണ് താരത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിച്ചത്. തെന്നിന്ത്യയിലെ കൂടിയ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നയൻതാര.
ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖൻ, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസർക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
വിവാഹശേഷം അഭിനയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുന്ന താരം ഷാരൂഖാനൊപ്പം ജവാൻ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കയാണ്. ഇതിനിടെ കിങ് ഖാൻ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നയൻതാരയ്ക്കൊപ്പമുള്ള തന്റെ നല്ല അനുഭവം ട്വീറ്ററിലൂടെയാണ് ഷാരൂഖ് പങ്കുവെച്ചത്.
ഏറെ ആരാധകപ്രതീക്ഷയുള്ള ചിത്രമാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ. ഇപ്പോഴിതാ നയൻതാരയേയും ജവാനിലെ അവരുടെ കഥാപാത്രത്തേയും മനസുതുറന്ന് അഭിനന്ദിച്ചിരിക്കുകയാണ് സാക്ഷാൽ ഷാരൂഖ് ഖാൻ.
കഴിഞ്ഞ ദിവസം ‘ആസ്ക് എസ്ആർകെ’ എന്ന പേരിൽ ട്വിറ്ററിലൂടെ ഷാരൂഖ് തന്റെ ആരാധകരുമായി സംവദിച്ചിരുന്നു. ഇതിൽ ഒരാളുടെ ചോദ്യം ജവാനിൽ നയൻതാരയോടൊപ്പം പ്രവർത്തിച്ചത് എങ്ങനെയെന്നും അവരേക്കുറിച്ച് രണ്ട് വാക്ക് പറയണമെന്നുമായിരുന്നു. വളരെ സ്വീറ്റാണ് നയൻതാരയെന്നാണ് ഇതിന് കിങ് ഖാൻ മറുപടി പറഞ്ഞത്.
അവർ വളരെ സ്വീറ്റാണ്. എല്ലാ ഭാഷയും നന്നായി സംസാരിക്കും. വളരെ മികച്ച അനുഭവമായിരുന്നു അത്. ജവാനിലെ അവരുടെ കഥാപാത്രത്തെ ഏവരും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹത്തിൽ ഷാരുഖ് ഖാൻ എത്തിയിരുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെയാണ് ഷാരുഖ് ഖാനും നയൻതാരയും ഒന്നിക്കുന്നത്. ആക്ഷൻ ചിത്രമായാണ് ജവാൻ തിയേറ്ററുകളിലെത്തുക.
അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. വിജയ് സേതുപതിയാണ് വില്ലൻവേഷത്തിൽ. സാന്യ മൽഹോത്രയാണ് മറ്റൊരു പ്രധാനവേഷത്തിൽ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.