”വിവാഹം കഴിക്കാനുള്ള സമയമായോ? കമിറ്റഡ് ആണോ?”: ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി നടൻ ഷെയിൻ നി​ഗം| Shane Nigam | Corona Papers


ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ ഷെയ്ൻ നി​ഗം അഭിനയിച്ച കൊറോണ പേപ്പേഴ്സ് റിലീസിനൊരുങ്ങുകയാണ്. ഷെയ്ൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. നേരത്തേ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും പൃഥ്വിരാജ് നായകനായെത്തിയ താന്തോന്നി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് ഷെയ്ൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. കിസ്മത്തിൽ ആയിരുന്നു ആദ്യമായി നായകനായെത്തുന്നത്.

യുവതാരങ്ങൾ പലരും വിവാഹിതരാകുന്ന പശ്ചാത്തലത്തിൽ ഷെയ്നിന്റെ വിവാഹം ഉടനെ ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇല്ല, സമയം ആയിട്ടില്ല എന്നാണ് താരം മറുപടി നൽകുന്നത്. താൻ കമിറ്റഡ് അല്ലെന്നും താരം വ്യക്തമാക്കി. തൗസന്റ് ആരോസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

അതേസമയം, താൻ ഇതുവരെ സിനിമയിൽ നിന്ന് ഇടവേള എടുത്തിട്ടില്ല, ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അഭിനയിച്ച സിനിമയുടെ റിലീസ് നീട്ടി വയ്ക്കുന്നത് കൊണ്ടാണ് മറ്റുള്ളവർക്ക് താൻ ​ഗ്യാപ് എടുത്തതായി തോന്നുന്നത് എന്നും താരം വ്യക്തമാക്കി. പ്രിയദർശന്റെ കൂടെ ആദ്യമായി ജോലി ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷവും ഷൈൻ പങ്കുവയ്ക്കുന്നുണ്ട്.

ഇത്രയും വലിയ ടീമിന്റെ കൂടെ പ്രവർത്തിച്ചപ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ തനിക്ക് അഭിനയിച്ച എല്ലാ സിനിമകളും ഒരു പോലെയാണെന്നാണ് അദ്ദേഹം പറയുന്നത്. ”കിസ്മത്തിൽ അഭിനയിക്കുമ്പോഴും അത് റിലീസ് ചെയ്യുമ്പോഴുമുള്ള അതേ ഉത്കണ്ഠയും ടെൻഷനും തന്നെയാണ് ഇപ്പോഴുമുള്ളത്. എല്ലാ പടത്തിലും എനിക്ക് അങ്ങനെ ഉണ്ടാകും.

കാരണം എല്ലാ സിനിമയും പുതിയതാണ്. മറ്റേത് ചെയ്തു എന്ന് വിചാരിച്ചിട്ട് ഇതിൽ എന്തെങ്കിലും നേട്ടം ഉള്ളതായി തോന്നിയിട്ടില്ല. നമ്മൽ ഒന്നേ എന്ന് തന്നെ പണിയെടുക്കണം, അതാണെനിക്ക് തോന്നിയിട്ടുള്ളത്. സിനിമ കഴിഞ്ഞിട്ട് ഇറങ്ങാൻ നേരത്ത് ഉണ്ടാകുന്ന ടെൻഷൻ എല്ലാം സത്യം പറഞ്ഞാൽ എനിക്ക് കൂടിയിട്ടേയുള്ളു. ഓരോ സിനിമയും എങ്ങനെയായിരിക്കും ജനങ്ങളിലേക്ക് എത്തുക, ജനങ്ങൾ എന്തായിരിക്കും പറയുക എന്നെല്ലാം ഞാൻ ആലോചിക്കും”- ഷെയ്ൻ പറയുന്നു.

അതേസമയം, ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ നായികയായെത്തിയ ഗായത്രി ശങ്കർ ആണ് കൊറോണ പേപ്പേഴ്സിലും നായികയായെത്തുന്നത്. ഷൈൻ ടോം ചാക്കോ, ലാൽ ജൂനിയർ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയദർശൻ തന്നെയാണ് കൊറോണ പേപ്പേഴ്സിന് തിരക്കഥ ഒരുക്കുന്നത്.