നടി ഷംന കാസിമിന് കുഞ്ഞ് ജനിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു| Shamna Kasim | Baby Birth


നടി ഷംന കാസിം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം

രണ്ട് ദിവസം മുൻപ് ഷംന തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ സിനിമ ദസറയിലെ ​ഗാനത്തിന് ഡാൻസ് ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ഇത്രയും മികച്ച സിനിമയുടെ ഭാ​ഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിനിമയുടെ ആഘോഷങ്ങൾ മിസ് ചെയ്യുന്നെന്നും ഷംന വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു. ഇതിനിടെ പൂർണ്ണ​ഗർഭിണി ആയിരിക്കുമ്പോൾ ഇങ്ങനെ നൃത്തം ചെയ്യാമോ എന്നെല്ലാം ചോദിച്ച് ആരാധകരുടെ കമന്റുകളായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. ഷംന ഒന്നിനോടും പ്രതികരിച്ചില്ല.

2022 ഡിസംബർ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാൻ പോകുന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ഭർത്താവിനൊപ്പം ദുബൈയിലാണ് താരം താമസിക്കുന്നത്.

കുഞ്ഞ് ജനിച്ച ശേഷമേ ഇനി നാട്ടിലേക്കുള്ളൂ എന്ന് നടി നേരത്തെ തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷവും ​ഗർഭിണിയായ ആദ്യ മാസങ്ങളിലും നടി റിയാലിറ്റി ഷോകളിൽ ജ‍ഡ്ജായെത്തിയിരുന്നു. ബേബി ഷവർ ചടങ്ങ് നടത്തിയ ശേഷമാണ് നടി നാട്ടിൽ നിന്നും ദുബൈയിലേക്ക് പോയത്.

2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്ത് എത്തിയത്. കോളേജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ വ്‌ലോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് ഷംന. പൂർണ എന്ന പേരിലാണ് അന്യഭാഷകളിൽ അറിയപ്പെടുന്നത്.

നാനിയും കീർത്തി സുരേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദസറയാണ് ഷംനയുടെ ഏറ്റവും പുതിയചിത്രം. മലയാളി നടൻ ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാർച്ച് 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 100 കോടിയോളം ബോക്‌സ്ഓഫീസിൽ നിന്ന് ഇതുവരെ വരുമാനവും നേടി.