”വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി?; സംശയങ്ങൾക്കെല്ലാം ഒറ്റ മറുപടിയേയുള്ളൂ”; മനസ് തുറന്ന് ഷംന കാസിം| Shamna Kasim | Baby Shower


നടി ഷംന കാസിമിന്റെ ബേബി ഷവർ ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിനിടയിലും വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും താരം എങ്ങനെ 7 മാസം ​ഗർഭിണിയായെന്നാണ് മലയാളികളുടെ സംശയം.

നയൻതാരക്കും പ്രിയങ്ക ചോപ്രക്കും കുഞ്ഞുങ്ങൾ ജനിച്ചപ്പോഴും ഇത് തന്നെയായിരുന്നു ആളുകളുടെ സംശയം. തനിക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത് സരോ​ഗസി വഴിയാണെന്ന് താരം വ്യക്തമാക്കിയപ്പോഴാണ് പലർക്കും ആശ്വാസമായത്. ആളുകളുടെ നിലക്കാത്ത സംശയങ്ങൾക്ക് അവസാനമില്ലാതായപ്പോൾ ഈ വിഷയത്തിൽ നടി ഷംന കാസിമും മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ്.

ഒക്ടോബറിൽ വിവാഹിതയായ താൻ മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി എന്നതിന് കൃത്യമായ മറുപടിയാണ് ഷംന കാസിം പങ്കുവെക്കുന്നത്. നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ‌ ഭർത്താവിനൊപ്പം ലിവിങ് ടു​​​ഗെതർ ആയിരുന്നുവെന്നാണ് നടി പറയുന്നത്. ‘കല്യാണത്തിന് മുന്നെ ​ഗർഭിണിയായോ എന്ന ചോദ്യം ഞാൻ കണ്ടിരുന്നു. മുസ്ലീം വിഭാ​ഗത്തിൽ നിക്കാഹ് എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് തന്നെ എന്റെ യഥാർഥ വിവാഹ തിയ്യതി ജൂൺ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാം​ഗങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു.

ചിലർ നിക്കാഹ് കഴിഞ്ഞ് ഒരുമിച്ച് താമസിക്കും. ചിലർ താമസിക്കില്ല. ഫങ്ഷൻ കഴി‍ഞ്ഞെ താമസിക്കാറുള്ളു. ശേഷം ഞാനും ഭർത്താവും ലിവിങ് ടു​ഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാണ് മാരേജ് ഫങ്ഷൻ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷൻ ഒക്ടോബറിൽ നടത്തിയത്. അതുകൊണ്ടാണ് നിങ്ങൾ​ക്കും കൺഫ്യൂഷൻ വന്നത്’- ഷംന പറഞ്ഞു.

​ഗർഭിണി ആയ സമയത്തും ഷംന അഭിനയിച്ചിരുന്നു. അതിൽ ഒന്ന് എല്ലാവരും വെയിറ്റ് ചെയ്യുന്ന തെലുങ്ക് സിനിമ ദസറയാണ്. കീർത്തി സുരേഷും നാനിയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ​ദസ്റയിലെ തന്റെ അവസാനത്തെ കുറച്ച് ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഷംന ​ഗർഭിണിയായിരുന്നു എന്നാണ് പറയുന്നത്.

‘ഡെവിൾ എന്നൊരു തമിഴ് സിനിമയിലും ​ഗർഭിണിയായിരിക്കെ ഞാൻ അഭിനയിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സും സോങും ഷൂട്ട് ചെയ്യുമ്പോൾ ഞാൻ നാല് മാസം ​ഗർഭിണിയായിരുന്നു. കൂടാതെ ഡി14 എന്ന റിയാലിറ്റിഷോയുടെ ഫിനാലെയിൽ ഡാൻസ് ചെയ്തപ്പോൾ ഞാൻ‌ അഞ്ച് മാസം ​ഗർഭിണിയായിരുന്നു. കൂടാതെ കുറെ യാത്രകളും ചെയ്തിരുന്നു’- താരം വ്യക്തമാക്കി.

കഴിഞ്ഞ വർഷമായിരുന്നു ഷംന കാസിമിന്റെ വിവാഹം. ദുബായിൽ വെച്ച് ആഘോഷമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹവും, ഗർഭധാരണവും മറ്റ് വിശേഷങ്ങളുമെല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ ഷംന പങ്കുവെച്ചിരുന്നു. ദുബായിയിലെ മലയാളി വ്യവസായിയായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. കുറച്ചുനാൾ മുമ്പ് ഷംന തന്റെ വളകാപ്പ് ചടങ്ങുകൾ നടത്തിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു.