”അന്ന് കോഴിക്കോട്ടെ മാളിൽ കയറ്റാതിരുന്നത് നന്നായി, ഇതാണ് സത്യം”; കൊച്ചിയിലെ മഹാദേവ ക്ഷേത്രത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല| Shakkeela| chief gust
മാസങ്ങൾക്ക് മുൻപ് നടി ഷക്കീലയ്ക്ക് കോഴിക്കോട്ടെ ഒരു മാളിൽ പ്രവേശനം നിഷേധിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഷക്കീല പങ്കെടുക്കുന്ന സിനിമാ ട്രെയിലർ ലോഞ്ചിനായിരുന്നു അനുമതി നിഷേധിച്ചത്. അതിന് ശേഷം തൃശൂർ സാഹിത്യ അക്കാദമിയിൽ സഹയാത്രികയുടെ 20ാം വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കോഴിക്കോട് നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് താരം മനസ് തുറന്നിരുന്നു.
എന്നാലിപ്പോൾ എറണാകുളത്തെ ഒരു മഹാദേവ ക്ഷേത്രത്തിൽ ഷക്കീലയെ വിശിഷ്ടാതിഥിയായി ആദരിച്ചതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി വിശിഷ്ടാതിഥിയായി ഷക്കീലയെ ക്ഷണിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ നിരവധി ശിവക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു എന്നും എന്നാൽ ഈയിടെ കേരളത്തിലെ ഒരു മാളിൽ ( കോഴിക്കോട് , ഹൈലൈറ്റ് മാൾ) തനിക്ക് പ്രവേശനാനുമതി നിഷേധിച്ചപ്പോൾ മാറ്റിനിർത്തപ്പെട്ട തിക്താനുഭവത്തിൽ വളരേയധികം വിഷമിച്ചിരുന്നു എന്ന് ഷക്കീല വേദിയിൽ വെച്ച് പറഞ്ഞു.
എങ്കിലും ഇവിടെ തന്നെ വിശിഷ്ടാതിഥിയായി വിളിച്ചത് വളരേയധികം സന്തോഷം നൽകിയെന്നും ഇത് ഭഗവാൻ ശിവൻ നൽകിയ അനുഗ്രഹമായി കാണുന്നു എന്നുമാണ് ഷക്കീല അഭിപ്രായപ്പെട്ടത്…! കൂടാതെ നമ്മൾ ഇതുവരെ ചെയ്ത പാപങ്ങൾക്കെല്ലാം ശിക്ഷയെന്നോണം പ്രകൃതി ദുരന്തങ്ങളും കൊറോണയുമൊക്കെയായി കഷ്ടപ്പെട്ടു, ഇനിയങ്ങനെ സംഭവിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാമെന്നും താരം പറഞ്ഞു.
പ്രസംഗത്തിന് ശേഷം ക്ഷേത്രക്കമ്മിറ്റിയുടെ അനുവാദത്തോടെ ഷക്കീല തന്റെ കൂടെ വന്നവരെ വേദിയിലേക്ക് ക്ഷണിക്കുകയും തുടർന്ന് അവരെ പരിചയപ്പെടുത്തുകയും ചെയ്തു. ദിയ സന, സാഷ, നിമിഷ എന്നിവരെയായിരുന്നു ഷക്കീല തന്റെ മക്കൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. ദിയ സനയെ എല്ലാവർക്കും അറിയാമല്ലോ, ബിഗ് ബോസ്.. ഓർമ്മയില്ലേ എന്ന് ചോദിച്ചായിരുന്നു ഷക്കീല പരിചയപ്പെടുത്തിയത്. ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു ദിയ സന.
നടി സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ താരം നിരവധി മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.