‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍ ഒഴുകിപ്പോയി, ഒപ്പമുള്ളവര്‍ ചാടിയാണ് രക്ഷിച്ചത്, ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഒരു കുളത്തില്‍’; സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്തെ അപകടം വെളിപ്പെടുത്തി ഷാജി കൈലാസ്


മോഹന്‍ലാലിന്റെ ഏറ്റവും വലിയ മാസ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. പൂവള്ളി ഇന്ദുചൂഢനായി മലയാളികളുടെ ലാലേട്ടന്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകര്‍ അത്യാവേശത്തോടെയാണ് അത് ഏറ്റെടുത്തത്. ഇന്നും ടി.വിയില്‍ വരുമ്പോഴും തിയേറ്ററില്‍ റീ റിലീസ് ചെയ്യുമ്പോഴുമെല്ലാം രണ്ടായിരത്തില്‍ ചിത്രം ആദ്യമിറങ്ങിയപ്പോഴുള്ള അതേ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നരസിംഹം കാണാറ്.

നരസിംഹത്തെ മാസ് ചിത്രമെന്ന നിലയില്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനായിരുന്നു. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര സ്‌റ്റൈലിഷായും മാസായും എടുത്ത ആ സീന്‍ ഇപ്പോള്‍ കാണുമ്പോഴും ഏതൊരു മലയാളിക്കും രോമാഞ്ചമുണ്ടാകും.

ഷാജി കൈലാസിന്റെ കിടിലന്‍ ഷോട്ടുകള്‍ക്കൊപ്പം രാജാമണിയുടെ മാസ്മരികമായ പശ്ചാത്തല സംഗീതം കൂടി എത്തുമ്പോള്‍ പ്രേക്ഷകരടെ സിരകളില്‍ അഡ്രിനാലിന്‍ നിറയാതിരിക്കുന്നതെങ്ങനെ. ഇന്നും നരസിംഹം എന്ന പേര് കേട്ടാല്‍ ആളുകളുടെ മനസിലേക്ക് ഓടിയെത്തുന്നത് പുഴയില്‍ നിന്ന് ഉയര്‍ന്ന് നനഞ്ഞ ദേഹത്തോടെ പിരിച്ച മീശയുമായി സ്‌റ്റൈലിഷായി നടന്ന് വരുന്ന മോഹന്‍ലാലിന്റെ ചിത്രമാണ്.

വലിയ സന്നാഹത്തിന്റെ അകമ്പടിയോടെ വളരെ കഷ്ടപ്പെട്ടാണ് ഷാജി കൈലാസും സംഘവും ഈ രംഗം ചിത്രീകരിച്ചത്. ഇന്‍ട്രോ സീനിന്റെ ഒടുവില്‍ ഭാരതപ്പുഴയുടെ മണല്‍ത്തിട്ടയിലൂടെ ആയിരക്കണക്കിന് ആളുകള്‍ ഓടി വരുന്നതെല്ലാം എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന് പലരും അത്ഭുതം കൂറാറുണ്ട്.

എന്നാല്‍ നരസിംഹം ഇന്‍ട്രോ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ അപകടത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ് സംവിധായകന്‍ ഷാജി കൈലാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ക്ലബ്ബ് എഫ്.എമ്മിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ അപകടത്തെ കുറിച്ച് ഷാജി പറഞ്ഞത്.

‘നരസിംഹത്തിലെ മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ഭാരതപ്പുഴയിലാണ് എടുക്കാന്‍ പ്ലാന്‍ ചെയ്തത്. തലേ ദിവസമാണ് സംഭവം. നാളെ ലാല്‍ വരും. വെള്ളത്തില് ഇറങ്ങിയിട്ട് ചെക്ക് ചെയ്യണം. ചുമ്മാ വന്ന് ലാലിന് പൊസിഷന്‍ കൊടുക്കാന്‍ പറ്റില്ലല്ലോ. അതിനായി ക്യാമറ വെച്ചിട്ട് ഒരാള്‍ വെള്ളത്തിലിറങ്ങി.’ -ഷാജി കൈലാസ് പറഞ്ഞു.

‘വെള്ളത്തില്‍ മുങ്ങിയിട്ട് വണ്‍, ടു, ത്രീ, ഫോര്‍, ഫൈവ്, സിക്‌സ്, സെവന്‍, എയ്റ്റ് എണ്ണിക്കഴിയുമ്പൊ പൊങ്ങണം എന്നാണ് അയാളോട് പറഞ്ഞത്. എയ്റ്റ് കഴിഞ്ഞ് നയന്‍, ടെന്‍, ലവന്‍, ട്വല്‍വ്… അങ്ങനെ ട്വന്റി വരെ പോയിട്ടും പുള്ളി പൊങ്ങുന്നില്ല. ഞാന്‍ പറഞ്ഞു, ദൈവമേ, ആള് ചാടിക്കോ എന്ന്. നോക്കുമ്പൊ കുറച്ച് ദൂരെ നിന്ന് ‘സാര്‍…’ എന്ന് അയാളുടെ കരച്ചില് കേട്ടു. കൈ മാത്രമാണ് കാണുന്നത്. അയാളെ അടിയൊഴുക്ക് കൊണ്ടുപോയി.’ -ഷാജി തുടര്‍ന്നു.

‘ഈ പുഴയില്‍ ലാലിനെ വച്ച് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് എനിക്കറിയത്തില്ലായിരുന്നു. ഞാന്‍ പിന്നെ ഒരു കുളത്തില് വച്ചിട്ടാണ് മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ഷൂട്ട് ചെയ്തത്.’ -ഷാജി കൈലാസ് പറഞ്ഞു നിര്‍ത്തി.

ആ ഇൻട്രോ സീൻ ഒരിക്കൽ കൂടെ കണ്ടാലോ…?