Shah Rukh Khan, Deepika Padukone, John Abraham Starring Bollywood Movie Pathaan Trailer Released | വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ്-ദീപിക ചിത്രം പഠാന്റെ ട്രെയിലര്‍ എത്തി; സ്റ്റൈലിഷ് വില്ലനായി ജോണ്‍ എബ്രഹാം, പട്ടാള വേഷത്തില്‍ ദീപിക (ട്രെയിലര്‍ കാണാം)


ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം പഠാന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി ദീപിക പദുക്കോണും വില്ലനായി ജോണ്‍ എബ്രഹാമുമാണ് എത്തുന്നത്.

ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ പേരിലുണ്ടായ വലിയ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ട്രെയിലര്‍ പുറത്തിറക്കുന്നത്. ആരാധകരില്‍ നിന്ന് വലിയ വരവേല്‍പ്പാണ് ട്രെയിലറിന് ലഭിക്കുന്നത്. യൂട്യൂബില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 50 ലക്ഷത്തിലേറെ പേരാണ് പഠാന്‍ ട്രെയിലര്‍ കണ്ടത്. ഓരോ നിമിഷവും കാഴ്ചക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഗംഭീരമായ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഷാരൂഖ് ഖാന്‍ നിറഞ്ഞാടുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ തന്നെയാണ് ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും എത്തുന്നത്. യാഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ആദ്യ സിനിമ എന്ന പ്രത്യേകതയും പഠാനുണ്ട്.


Also Read: ആരാധകരെ ആവേശത്തില്‍ ആറാടിക്കാനായി റോക്കി ഭായി വീണ്ടുമെത്തും; കെ.ജി.എഫ് മൂന്നാം ഭാഗം എപ്പോഴെന്ന് വെളിപ്പെടുത്തി നിർമ്മാതാവ്, അഞ്ചാം ഭാഗത്തിന് ശേഷം റോക്കിയായി പുതിയൊരാൾ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


യാഷ് രാജ് ഫിലിംസിനു വേണ്ടി ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 25 നാണ് തിയേറ്ററുകളിലെത്തുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഷാരൂഖ് ചിത്രം എന്ന പ്രത്യേകത കൂടി പഠാനുണ്ട്. 2018 ലെ സീറോ ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം. ഈ വര്‍ഷത്തെ ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമാകും പഠാന്‍ എന്ന സൂചന നല്‍കുന്ന ട്രെയിലര്‍ കൂടി എത്തിയതോടെ ആവേശക്കൊടുമുടിയിലാണ് ആരാധകര്‍.

പഠാനിലെ ബേഷരം രംഗ് എന്ന ഗാനം ഇറങ്ങിയതോടെയാണ് ചിത്രത്തെ കുറിച്ചുഴള്ള വിവാദങ്ങള്‍ ആരംഭിച്ചത്. ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി നിറമുള്ള വസ്ത്രത്തിനെതിരെ വിവിധ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് അവസാനമായത്.

വിശാല്‍-ശേഖര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിനൊപ്പം ശ്രീധര്‍ രാഘവനും അബ്ബാസ് ടയര്‍വാലയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ക്ക് പുറമെ അശുതോഷ് റാണ, ഗൗതം റോഡ്, ഡിപിള്‍ കപാഡിയ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും പഠാനില്‍ എത്തുന്നുണ്ട്.

പഠാന്‍ ട്രെയിലര്‍ കാണാം:

Summary: Shah Rukh Khan, Deepika Padukone, John Abraham Starring Bollywood Movie Pathaan Trailer Released. Watch Trailer Video.