ഷാരൂഖ് വാങ്ങിയത് കോടികൾ, പഠാൻ ബി​ഗ് ബജറ്റ് ആയത് ഇങ്ങനെ കൂടി; റിപ്പോർട്ടുകൾ പുറത്ത്/Sharuk khan


ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമാ വ്യവസായത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. നാല് വർഷം ബ്രേക്കെടുത്ത ശേഷം ഷാരൂഖ് അഭിനയിക്കുന്ന ചിത്രമാണ് പഠാൻ. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി.

പ്രതീക്ഷകളെ സംതൃപ്തിപ്പെടുത്തുന്ന രീതിയിലാണ് പഠാന്റെ ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആദ്യത്തെ 12 ദിവസത്തിനുള്ളിൽ തന്നെ ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ.

ബിഗ് ബജറ്റിലാണ് പഠാൻ യാഷ് രാജ് ഫിലീംസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഷാരൂഖിന്റെ പ്രതിഫലം എത്രയെന്ന കാര്യത്തിൽ എല്ലാവർക്കും വലിയ കൗതുകമുണ്ടായിരിക്കും. ഇതിനിടെയാണ് പഠാനിൽ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാർത്തകൾ പുറത്തുവരുന്നത്. ബോളിവുഡ് വൃത്തങ്ങളുടെ കണക്ക് പ്രകാരം ഏകദേശം 250 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ചെലവ് . ഇതിൽ ഷാരൂഖ് 35-40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്ന് ട്രേഡ് അനലിസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ഡോട്ട് ഇൻ പറയുന്നു.

തമിഴ് സൂപ്പർ സ്റ്റാർ വിജയ് പോലും 100 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുമ്പോൾ ഷാരൂഖിന് എന്ത്കൊണ്ട് ഇത്രയും കുറഞ്ഞ തുകയെന്ന് സംശയം തോന്നുന്നെങ്കിൽ അതിന്റെ പിന്നിൽ വേറൊരു കാര്യമുണ്ട്. സിനിമയിൽ ലാഭം പങ്കിടൽ കാരാറും ഇതിന് പുറമേയുണ്ട്. അതിനാൽ തന്നെ ചിത്രം 1000 കോടി ബോക്സ് ഓഫീസിൽ എത്തിയാൽ ഷാരൂഖിനെ കാത്തിരിക്കുന്നത് വലിയ തുകയാണ്.

അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങൾ ഈ പ്രൊഫിറ്റ് മോഡലിലാണ് തങ്ങളുടെ ശമ്പളം വാങ്ങുന്നത്. കുറഞ്ഞ സൈനിംഗ് ഫീസ് ഈടാക്കുകയും സിനിമ വിജയിച്ചാൽ അതിൻറെ ലാഭത്തിൻറെ ഒരു ഭാഗം വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഇത്. ഹോളിവുഡിൽ അടക്കം നിലവിലുള്ള ശമ്പള രീതിയാണ് ഇത്.