”മോഹൻലാലിനെ പൊന്നുപോലെയാണ് കൊണ്ട് നടക്കുന്നത്, അദ്ദേഹത്തിന്റെ എല്ലാ കാര്യവും അറിയാം”; സിനിമയിലെ ഏറ്റവും ടെൻഷൻ അനുഭവിക്കുന്നയാളുടെ വാക്കുകൾ| Mohanlal| Seven Arts Mohan


പൊതുവെ കോ വർക്കേഴ്സിനോട് വളരെ മാന്യമായി പെരുമാറുന്ന സ്വഭാവക്കാരനാണ് മോഹൻലാൽ. പലരും അദ്ദേഹത്തിന്റെ കൂടെയുള്ള നല്ല അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടൻ മോഹൻലാലിനെക്കുറിച്ച് തന്റെ അഭിപ്രായവും അദ്ദേഹം തനിക്ക് ആരാണെന്നുെല്ലാം പങ്കുവയ്ക്കുകയാണ് മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാവായ സെവൻ‌ ആർട്സ് മോഹൻ.

മോഹൻലാലിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞേ താൻ ഇതുവരെ പെരുമാറാറിയിട്ടുള്ളു എന്നാണ് മോഹൻ പറയുന്നത്. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ”ലാൽ സാറിന് എന്താണ് ഇഷ്ടം എന്താണ് ഇഷ്ടമില്ലാത്തത് എന്ന് നമുക്ക് അറിയാമല്ലോ, അതിന് അനുസരിച്ചേ പെരുമാറുകയുള്ളു. ലാൽ സാർ വരുന്ന സമയത്ത് അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നമ്മൾ ചെയ്യില്ല.

ഇത്രയും കാലം കൂടെ നിന്നത് കൊണ്ട് അദ്ദേഹത്തിന്റെ ഇഷ്ടമെന്താണെന്ന് അറിയാം അത് അറിഞ്ഞ് പെരുമാറുന്നത് കൊണ്ട് അദ്ദേഹത്തിനും കംഫേർട്ട് ആയിരിക്കും. പുള്ളിയുടെ താൽപര്യത്തിനനുസരിച്ച് വണ്ടി, താമസം, ഭക്ഷണം ഇതിലൊക്കെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൊന്നുപോലെയാണ് അദ്ദേഹത്തെ കൊണ്ട് നടക്കുന്നത്”- മോഹൻ വ്യക്തമാക്കി.

മോഹൻലാൽ മാത്രമല്ല, ഏതൊരു നടനും ലൊക്കേഷനിൽ കംഫർട്ട് ആയില്ലെങ്കിൽ അല്ലെങ്കിൽ ഇറിറ്റേറ്റഡ് ആയാൽ അത് മുഴുവൻ സെറ്റിനേയും വർക്കിനേയും ബാധിക്കും എന്നാണ് മോഹൻ പറയുന്നത്. എല്ലാം സ്മൂത്ത് ആയിട്ട് പോവുകയാണെങ്കിൽ ആസ്വദിച്ച് ചെയ്യാവുന്ന ജോലിയാണിത്. മാത്രമല്ല സിനിമയിൽ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

സെറ്റിൽ വന്ന് കാണുന്നവർക്ക് പ്രൊഡക്ഷൻ കൺട്രോളർക്ക് ഒരു ജോലിയുമുള്ളതായി തോന്നില്ല. എന്തെങ്കിലും കാരണം വന്ന് ചിത്രീകരണം നിന്നുപോയാലാണ് പ്രൊഡക്ഷൻ കൺട്രോളറുടെ ജോലിയും കഷ്ടപ്പാടും എന്താണെന്ന് മനസിലാവുക. സിനിമയുടെ മുഴുവൻ ഉത്തരവാദിത്വവും പ്രൊഡക്ഷൻ കൺട്രോളർക്കായിരിക്കും എന്നാണ് മോഹന്റെ അഭിപ്രായം.

അതേസമയം, സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടെ വാലിബൻ തിരക്കലിലാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. കുറച്ച് നാളുകളായി താരം ചെയ്തു വരുന്ന സിനിമകളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകർക്ക് വേണ്ടി ഒരു ​ഗം​ഗീര തിരിച്ച് വരവ് നടത്തുമെന്നാണ് പ്രതീക്ഷ. നാലരപ്പതിറ്റാണ്ടിൻ്റെ അഭിനയ ജീവിതത്തിൽ മോഹൻലാൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ പുതിയ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.