”പഴയ സുരാജിനെ കിട്ടാൻ ഇത് ഒഎൽഎക്സ് ഒന്നും അല്ല; പഴയ സുരാജിനെ ഒഎൽഎക്സിൽ നിന്ന് നല്ല പൈസ കൊടുത്ത് വാങ്ങിയതാണെന്ന് രതീഷ് ബാലകൃഷ്ണൻ | Suraj Venjaramoodu| Sudheesh Gopinath
നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും പുതിയ ചിത്രം. വിഷു റിലീസ് ആയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കൊപ്പം സുരാജ് പങ്കെടുത്ത പരിപാടിയിൽ അദ്ദേഹം പറഞ്ഞ ചില രസകരമായ സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പഴയ സുരാജിനെ കാണാനേയില്ലെന്ന് കുറച്ച് നാളുകളായി ആളുകൾ പറയുന്നുണ്ടെന്ന് സംവിധായകൻ സുധീഷ് പരിപാടിക്ക് ഇടയിൽ പറഞ്ഞു. അതിന് മറുപടിയായി പഴയ സുരാജിനെ കിട്ടാൻ ഇത് ഒഎൽഎക്സ് ഒന്നും അല്ല എന്നായിരുന്നു താരത്തിന്റെ സ്വതസിദ്ധമായ രീതിയിലുള്ള മറുപടി.
”പഴയ സുരാജിനെ കിട്ടാൻ ഇത് ഒഎൽഎക്സ് ഒന്നും അല്ല, പഴയ സുരാജ് ആണ്, പക്ഷേ ഇതൊരു പുതിയ കഥയും കഥാ സന്ദർഭവുമൊക്കെയാണ് മദനോത്സവത്തിൽ സംഭവിക്കുന്നത്”- സുരാജ് വ്യക്തമാക്കി. സുരാജിന്റെ ഇന്നത്തെ തമാശ കഴിഞ്ഞു എന്നാണ് സുധീഷ് ഇതിന് മറുപടിയായി പറഞ്ഞത്. മാത്രമല്ല പഴയ സുരാജിനെ ഒൽഎക്സിൽ നിന്നും നല്ല പൈസ കൊടുത്ത് വാങ്ങിയ പടമാണ്, കഴിവതും എല്ലാവരും പോയി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”സുരാജ് തകർത്ത് അഭിനയിച്ചിട്ടുണ്ട്. നല്ല പടമാണ്. പഴയ സുരാജിനെ ഒൽഎക്സിൽ നിന്നും നല്ല പൈസ കൊടുത്ത് വാങ്ങിയിട്ട് അഭിനയിപ്പിച്ച പടമാണ്. പുതിയ സുരാജിന്റെ പൈസ കൊടുത്തിട്ട് തന്നെയാണ് പഴയ സുരാജിനെ എടുത്തിട്ടുള്ളത്. സുരാജൊക്കെ തകർത്താടിയിട്ടുണ്ട്. പിന്നെ കുറെ കാലത്തിന് ശേഷം നമ്മുടെ ബാബു ആന്റണി ചേട്ടൻ വീണ്ടും നമുക്ക് മുന്നിലൊരു ഇന്ററസ്റ്റിങ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്”- സുധീഷ് പറയുന്നു.
അതേസമയം, എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഞാനും കുറെ കാലമായി ആഗ്രഹിച്ചിരുന്നതാണ് ഒരഴിഞ്ഞാടിയുള്ളൊരു ഹ്യൂമർ സിനിമ. എന്തായാലും മദനോത്സവം എന്ന സിനിമയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ഒരുപാട് ഷേഡുള്ള കഥാപാത്രത്തെയാണ് ഞാൻ ഇതിൽ അവതരിപ്പിക്കുന്നത്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഒരുപാട് പുതുമുഖ താരങ്ങൾ ഈ സിനിമയിലുണ്ടെന്നും അദ്ദേഹം പറയുന്നു.
”സുരാജ് ഇപ്പോൾ ഒത്തിരി സീരിയസ് ആണോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. കോമഡി റോൾ കിട്ടണ്ടേ. കിട്ടിയത് ഇതാണ്, മദനോത്സവം. അത് ഭംഗിയായി തന്നെ വന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഫെസ്റ്റിവൽ മൂഡുള്ള പടമാണ്. എല്ലാവരും തിയേറ്ററിൽ പോയി കാണുക”- സുരാജ് വ്യക്തമാക്കി.