”തലയോട് പൊട്ടി ഇന്നസെന്റ് ആശുപത്രിയിലായി, ഓർമ്മകളെ പായൽ പോലെ മറവി മൂടി”; അന്ന് തിരിച്ച് വരാൻ പ്രചോദനമായത് പത്മരാജന്റെ വാക്കുകൾ | innocent | Sathyan Anthikkad
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിൽ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാലോകത്ത് നിറഞ്ഞാടുകയായിരുന്നു നടൻ ഇന്നസെന്റ്. അദ്ദേഹത്തിന്റെ മരണം ചലച്ചിത്ര ലോകത്തെ അതീവ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ സമൂഹത്തിന്റെ പല കോണിൽ നിന്നുള്ളവരും അനുശോചനമറിയിച്ചു.
അഭിനേതാക്കളും സംവിധായകരുമുൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. അതിൽ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ അവിഭാജ്യ ഘടകം തന്നെയായിരുന്നു ഇന്നസെന്റ്. സന്ദേശത്തിലും നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലും ഒരിന്ത്യൻ പ്രണയകഥയിലും മറ്റും അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പകരം മറ്റൊരാളെ ആലോചിക്കാൻ പോലുമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനിടെ ഇന്നസെന്റിന് വർഷങ്ങൾക്ക് മുൻപ് ഒരു അപകടം സംഭവിച്ച് ഓർമ്മ പോലും നഷ്ടപ്പെട്ട സംഭവം വിവരിക്കുകയാണ് സംവിധായകൻ. അന്തരിച്ച സംവിധായകൻ പത്മരാജൻ സിനിമയിൽ സജീവമായ കാലത്തായിരുന്നു അത്. ഇടവേള എന്ന സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്ത് തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുമ്പോൾ ഇന്നസെന്റ് സഞ്ചരിച്ച ജീപ്പ് വൈദ്യുത തൂണിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ഇന്നസെന്റിന്റെ തലയോട് തകർന്നു. അദ്ദേഹത്തിന്റെ ഓർമ്മ പോലും നഷ്ടപ്പെട്ടു. ആശുപത്രിയിൽ പത്മരാജൻ കാണാൻ വന്നപ്പോൾ ആരാണെന്ന് മനസിലാക്കാൻ ഇന്നസെന്റിന് കഴിഞ്ഞില്ല. ഇന്നസന്റും പത്മരാജനും നല്ല സുഹൃത്തുക്കളായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ല.
ഞാൻ ഇളക്കങ്ങൾ സിനിമ കണ്ടു, ഇന്നസെന്റ് ഗംഭീരമായിരിക്കുന്നു, എന്റെ അടുത്ത പടത്തിൽ ഇന്നസെന്റ് നല്ലെരു റോളിൽ അഭിനയിക്കും എന്ന് അദ്ദേഹം ഇന്നസെന്റിനോട് പറഞ്ഞു. അന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ശ്രീചിത്രയിൽ കിടക്കുമ്പോൾ പത്മരാജൻ പറഞ്ഞ വാക്കുകളാണ് ഇന്നസെന്റിന് മുന്നോട്ട് ജീവിക്കാൻ പ്രചോദനമായത്.
‘‘ഇടവേള സിനിമയുടെ ചർച്ചകൾക്കിടെ ഒരു ദിവസം തൃശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു മടങ്ങുമ്പോൾ ഇന്നസന്റ് സഞ്ചരിച്ചിരുന്ന ജീപ്പ് വൈദ്യുതിത്തൂണിൽ ഇടിച്ചു. തലയോടു പൊട്ടി ഇന്നസന്റ് ആശുപത്രിയിലായി. സംഗതി ഗുരുതരമായതിനാൽ പിറ്റേന്ന് തിരുവനന്തപുരത്ത് ശ്രീചിത്രയിലേക്കു കൊണ്ടുപോയി മരണത്തിനും ജീവിതത്തിനുമിടയിൽ ഒരാഴ്ച ആടിക്കളിച്ചു. ഓർമകളെ പായൽപോലെ മറവി മൂടി.
അങ്ങനൊരു ദിവസം രാവിലെ ഒരാൾ ആശുപത്രി മുറിയിലേക്കു വന്ന് അടുത്തുവന്നിരുന്നു കൈപിടിച്ചു. ഇന്നസന്റിന് ആളെ മനസ്സിലായില്ല. അപ്പോൾ മുഴങ്ങുന്ന സ്വരത്തിൽ അയാൾ പറഞ്ഞു: ‘ഞാൻ പത്മരാജനാണ്.’ ഇന്നസന്റും പത്മരാജനും നല്ല സുഹൃത്തുക്കളായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ല.
പത്മരാജൻ പറഞ്ഞു-‘ഇളക്കങ്ങൾ സിനിമ ഞാൻ കണ്ടു. ഇന്നസന്റ് ഗംഭീരമായിരിക്കുന്നു. എത്രയും പെട്ടെന്ന് രോഗം മാറി നിങ്ങൾ തിരിച്ചുവരും. എന്റെ അടുത്തപടത്തിൽ നല്ലൊരു റോളിൽ അഭിനയിക്കും.’ ആ വാക്കുകൾ തനിക്ക് ഉത്തേജകമായെന്ന് പിന്നീട് ഇന്നസന്റ് എഴുതി. ‘ഉടലിലെ സകലകോശങ്ങളും ഉണർന്നു. ഇരുപത്തഞ്ചാം ദിവസം ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തി ഇന്നസന്റ് ആശുപത്രി വിട്ടു. ‘വേണ്ടപ്പെട്ട ഒരാൾ മാഞ്ഞു പോയി എന്നു തിരിച്ചറിയുമ്പോഴാണ് മനസ്സിലാവുന്നത്, ഒന്നും പറയാനും ഓർക്കാനും കഴിയില്ലെന്ന്.’’ – സത്യൻ അന്തിക്കാട് ഓർക്കുന്നു.