”ഇടയ്ക്ക് ഓർമ്മ വരുമ്പോൾ എന്നെ വിളിച്ച്, സത്യാ ഞാൻ എപ്പോഴാണ് അഭിനയിക്കാൻ വരേണ്ടതെന്ന് ചോദിക്കും”; തന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെയാണ് കെപിഎസി ലളിത പോയതെന്ന് സത്യൻ അന്തിക്കാട്| Sathyan Anthikkad|


ജയറാമും മീര ജാസ്മിനും പ്രധാനവേഷങ്ങളിലെത്തി 2022ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിൽ അന്തരിച്ച നടി കെപിഎസി ലളിത പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കേണ്ടതായിരുന്നു എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയ്ക്ക് വേണ്ടി കെപിഎസി ലളിത പൂർണ്ണമായും തയാറായിരുന്നതാണ് എന്നാണ് അദ്ദേ​ഹം പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.

താൻ ഒരു സിനിമ അനൗൺസ് ചെയ്യുമ്പോഴേക്കും ഇന്നസെന്റ് കെപിഎസി ലളിത തുടങ്ങിയവരെല്ലാം അഭിനയിക്കാൻ തയാറായി വരുമെന്നാണ് സത്യൻ പറയുന്നത്. ഈ സിനിമയിലും അതുപോലെത്തന്നെ ആയിരുന്നു. അഭിനയിക്കുമ്പോൾ ഉപയോ​ഗിക്കേണ്ട വി​ഗ് വരെ ലളിതാമ്മ കരുതി വെച്ചിരുന്നു. ഷൂട്ടിങ് തുടങ്ങാറായപ്പോൾ താരത്തിന് സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ആ സമയത്ത് സത്യൻ വിളിച്ചപ്പോൾ താൻ ബിപി ചെക്ക് ചെയ്യാൻ വന്നതാണെന്നും എന്തായാലും അഭിനയിക്കുമെന്നുമാണ് പറഞ്ഞത്.

”ലളിത ചേച്ചി ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന് സേതു മണ്ണാർക്കാട് ആണ് പറഞ്ഞത്. ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ ബിപി ചെക്ക് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു. ഷൂട്ട് തുടങ്ങി ഒരു പകുതി ആയപ്പോൾ തുടങ്ങി ചേച്ചി എന്നെ വിളിക്കും, ഞാൻ എപ്പോഴാണ് അഭിനയിക്കാൻ വരേണ്ടത് സത്യാ എന്ന് ചോദിക്കും, സമയം ആയിട്ടില്ല ചേച്ചി ഞാൻ വിളിക്കാം എന്ന് പറഞ്ഞ് വിളിക്കും.

അങ്ങനെയൊരു ദിവസം ചേച്ചിയുടെ മകൻ സിദ്ധാർത്ഥൻ എന്നോട് പറഞ്ഞു, അമ്മയ്ക്ക് അഭിനയിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അമ്മയ്ക്ക് ഓർമ്മ വന്നും പോയും കൊണ്ടിരിക്കുകയാണ്. ഓർമ്മ വരുന്ന സമയത്താണ് ഫോൺ എടുത്ത് എന്നെ വിളിക്കുന്നത്. സിനിമയിൽ അഭിനയിക്കണമെന്നുള്ള അതിയായ ആ​ഗ്രഹം ഉള്ളിലുണ്ടായിരുന്നു ചേച്ചിക്ക്”- അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് കെപിഎസി ലളിത അഭിനയിക്കാനിരുന്ന സീനുകളുമായി ബന്ധപ്പെട്ട സീനുകളെല്ലാം മാറ്റി എഴുതി, ഒടുവിൽ ആ കഥാപാത്രത്തെ വെട്ടി മാറ്റുകയാണ് ചെയ്തത്. മകൾ എന്ന സിനിമയിൽ താരത്തിന് അഭിനയിക്കാൻ കഴിയാതെ പോയതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്ന് അദ്ദേഹം പറയുന്നു. വളരെ മികച്ച അഭിനേതാക്കൾ മലയാള സിനിമയിലേക്ക് വരുന്നുണ്ട്. പക്ഷേ ഇവർക്ക് പകരം റീപ്ലേസ് ചെയ്യാൻ ആരും വരില്ല എന്നും സത്യൻ അന്തിക്കാട് പറയുന്നു.

ജയറാം മീര ജാസ്മിൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളായി അവതരിപ്പിച്ച് 2022ലാണ് മകൾ എന്ന സിനിമ റിലീസ് ചെയ്തത്. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിനു ശേഷം മീര ജാസ്മമിൻ നായികയാവുന്ന സത്യൻ അന്തിക്കാട് ചിത്രമായിരുന്നു ഇത്. സിദ്ദിഖ്, നസ്‍ലെൻ, ഇന്നസെൻറ്, ദേവിക സഞ്ജയ്, ശ്രീനിവാസൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.