“ഞാൻ തെറ്റ് സമ്മതിച്ചിട്ടുപോലും അത് വ്യക്തിപരമായി എടുത്തു, കൊന്നു കളയും എന്നുവരെ ഭീഷണിയുണ്ടായി”; ഉണ്ണിമുകുന്ദനുമായുള്ള പ്രശ്നത്തിൽ പ്രതികരണവുമായി നടൻ| unni mukundan| santhosh keezhattoor


ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നടൻ സന്തോഷ് കീഴാറ്റൂർ നൽകിയ മറുപടി വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. കമന്റിട്ടതിന് പിന്നാലെ സന്തോഷ് കീഴാറ്റൂരിനെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.

ഈ സംഭവത്തിന് ശേഷം കൊന്ന് കളയും എന്നുവരെ ചിലർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ‌താൻ മാപ്പു പറഞ്ഞിട്ടും ഉണ്ണി മുകുന്ദൻ വ്യക്തിപരമായി എടുത്തു എന്നതാണ് കൂടുതൽ വേദനിപ്പിച്ചതെന്നും സന്തോഷ് കീഴാറ്റൂർ പറയുന്നത്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

താൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ കൂടിയാണ് ആക്രമണങ്ങൾ എന്നാണ് താരം പറയുന്നത്. പക്ഷേ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന്റെ താഴെ പോസ്റ്റ് ചെയ്ത കമന്റ് തെറ്റായിപ്പോയെന്ന് പറഞ്ഞ് സന്തോഷ് കീഴാറ്റൂർ മാപ്പ് പറഞ്ഞിരുന്നു. പക്ഷേ പിന്നീട് അഭിമുഖങ്ങളിലെല്ലാം തന്നെ അറിയാത്തപോലെയാണ് ഉണ്ണി മുകുന്ദൻ സംസാരിച്ചത്, അത് വിഷമമുണ്ടാക്കിയെന്നും താരം പറയുന്നു.

‘ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. മല്ലു സിം​ഗ് പോലുള്ള സിനിമകൾ ഭയങ്കരമായി ഇഷ്ടപ്പെട്ട ആളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ മികച്ച വേഷം. സ്റ്റൈൽ എന്ന സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വധ ഭീഷണി അടക്കം നേരിട്ടൊരാൾ ഞാൻ ആണ്. കൊന്ന് കളയും എന്നുവരെ ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാൻ എന്റെ രാഷ്ട്രീയം കൃത്യമായി ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് അതെന്ന് എനിക്കറിയാം. സങ്കടം എന്താണെന്ന് പറഞ്ഞാൽ, ഞാൻ തെറ്റ് സമ്മതിച്ചിട്ട് പോലും അത് വ്യക്തിപരമായി എടുത്തു. അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താൽ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളിൽ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. ‘- സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

മാളികപ്പുറം സിനിമയുടെ റിവ്യുവിന്റെ പേരിൽ യൂട്യൂബറെ ഉണ്ണി മുകുന്ദൻ തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോൾ വിഷമം തോന്നിയെന്നും നടൻ കൂട്ടിച്ചേർത്തു. അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. കാരണം എന്തിനാണ് അങ്ങനെ ഒക്കെ ചെയ്യുന്നത് തോന്നി. പരസ്പരം തിരിച്ചറിയണം. ആ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു. – സന്തോഷ് വ്യക്തമാക്കി.

ഹനുമാൻ സ്വാമിക്കൊപ്പമുള്ള ചിത്രം ഉണ്ണി മുകുന്ദൻ പങ്കുവച്ചിരുന്നു. ഇതിനു താഴെയുള്ള സന്തോഷിന്റെ കമന്റാണ് വിവാദമായത്. ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു ചോദ്യം. തൊട്ടുപിന്നാലെ മറുപടിയുമായി ഉണ്ണിയും എത്തി. ‘ചേട്ടാ, നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ,- ഇതോടെയാണ് സന്തോഷ് കീഴാറ്റൂരിനെതിരെ രൂക്ഷ സൈബറാക്രമണം ഉണ്ടായത്.