”എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു, അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം”; തുറന്നടിച്ച് സന്തോഷ് കീഴാറ്റൂർ| Santhosh Keezhattoor| Public Transportation


എറണാകുളത്തെ പൊതു ​ഗതാ​ഗത സംവിധാനത്തിനെതിരെ വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേയും ദയനീയാവസ്ഥ എടുത്ത് പറഞ്ഞാണ് വിമർശനം. ട്രെയിൻ വരുന്നതിന് വേണ്ടി കാത്തിരിക്കുന്നവർക്ക് പ്ലാറ്റ്ഫോമിൽ വൃത്തിയുള്ള ഇടമോ വൃത്തിയുള്ള ശുചിമുറിയോ ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നെന്നും അവരുടെ തറവാട്ട് സ്വത്താണെന്നാണ് വിചാരം എന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി. രാവിലെ 5.15ന്റെ ട്രെയിനിൽ യാത്രചെയ്യാൻ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാൻ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനമാണെന്നും സന്തോഷ് പറയുന്നു. തീയേറ്റർ ആർട്ടിസ്റ്റ് കൂടിയായ സന്തോഷ് പൊതുവിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്.


സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ അതുപോലെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്….ഇത് രണ്ടും നന്നാവാൻ പാടില്ലാ എന്ന് ആർക്കാണ് ഇത്ര വാശി.. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടം , വൃത്തിയുള്ള ടോയ്‌ലറ്റ് കഷ്ടം..പരമ ദയനീയം.

എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് ഡ്യൂട്ടി ചെയ്യുന്നതിനല്ലെ സർക്കാർ ശമ്പളം തരുന്നത്…. വേറൊരു വശത്ത് എല്ലാ വൃത്തിയോടും കൂടി കോടികൾ ചിലവിട്ട മെട്രോ സ്‌റ്റേഷൻ..….

NB: 5.15 AM ട്രെയിനിൽ യാത്രചെയ്യുവാൻ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാൻ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനം…വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ ഇതൊന്നും കാണില്ല… കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി.