”മമ്മൂട്ടി ചിത്രത്തിൽ റിഹേഴ്സൽ കഴിഞ്ഞ് ടേക്ക് പറഞ്ഞാൽ അബി ഒരു മിനിറ്റ് എന്ന് പറഞ്ഞ് അപ്രത്യക്ഷനാകും, ആദ്യം ആർക്കും കാര്യം മനസിലായില്ല”; അബിയുടെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ| kalabhavan abi| mammootty
മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന പ്രതിഭയായിരുന്നു കലാഭവൻ അബി. അദ്ദേഹം ലോകത്തോട് വിട പറഞ്ഞിട്ട് ആറ് വർഷം പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസിൽ അബി ഇന്നും നിറഞ്ഞ ചിരിയോടെ വിരിഞ്ഞു നിൽക്കുന്നു. തൃശ്ശിവപേരൂർ ക്ലിപ്തമാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ. അബിയുടെ മകൻ ഷെയ്ൻ നിഗം ഇന്ന് മലയാള സിനിമയിലെ നിറ സാന്നിന്ധ്യമാണ്.
അബിയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അബി ആർക്കും വഴങ്ങിക്കൊടുക്കാത്ത പ്രകൃതക്കാരനാണ് എന്ന് പറയുകയാണ് അദ്ദേഹം. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അബിയെക്കുറിച്ച് പറഞ്ഞ ഏതാനും ഭാഗങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മമ്മൂട്ടിയുടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അബിയുടെ പെരുമാറ്റ രീതിയെക്കുറിച്ചായിരുന്നു ശാന്തിവിള ദിനേഷ് വിവരിച്ചത്. ”റിഹേഴ്സൽ കഴിഞ്ഞ് ടേക്ക് പറയുമ്പോൾ അദ്ദേഹം ഒരു മിനിറ്റ് എന്ന് പറഞ്ഞ് പോകുമായിരുന്നു. ആദ്യം എല്ലാവരും കരുതി അബി മൂത്രമൊഴിക്കാൻ പോവുകയാണെന്ന്. പിന്നീട് ഒരു മിനിറ്റ് അഞ്ചും ആറും അതിൽ കൂടുതലും ആയപ്പോഴാണ് കാര്യം മനസിലായതെന്ന് സംവിധായകൻ പറയുന്നു.
ഞാൻ ശരിയല്ലാത്തതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല. ഞാൻ കരുതുന്നത് ഞാൻ അമിതാഭ് ബച്ചന് മുകളിലാണെന്നാണ് എന്ന് നർമ്മത്തോടെ പറയുന്ന അബിയെ ആണെനിക്കിഷ്ടം. ഒരു പരിധി വരെ തന്റെ തളർച്ച എന്ന് പറയുന്നതും ഇതു തന്നെയാണ്, കാരണം നമ്മൾ വഴങ്ങില്ല. അബിയും വഴങ്ങില്ല.
എന്റെ അഭിമുഖം കണ്ടിട്ട് ഒരു സംവിധായകൻ വിളിച്ചു, അദ്ദേഹത്തിന്റെ സിനിമയിൽ അബി മമ്മൂക്കയുടെ കൂടെ ഒരു നല്ല വേഷം ചെയ്തിരുന്നു. പക്ഷേ റിഹേഴ്സൽ എല്ലാം കഴിഞ്ഞ് ടേക്ക് എന്ന് പറയുമ്പോൾ ഒരു മിനിറ്റ് എന്ന് പറഞ്ഞ് അബി ടോയ്ലെറ്റിലേക്ക് പോകും. ഇത് ആദ്യമാദ്യം സെറ്റിലുള്ള ആർക്കും മനസിലായില്ല, ഒരു മിനിറ്റെന്നൊക്കെ പറഞ്ഞ് പോകുന്നത് മൂത്രമൊഴിക്കാനാണെന്ന് കരുതിക്കാണും.
വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഒരു രണ്ട് മൂന്ന് മിനിറ്റ് മമ്മൂക്ക ആ ലൈറ്റിന് മുന്നിൽ നിൽക്കട്ടേ എന്ന ചിന്തയിലാണ്. ഇത് പുള്ളി ബോധപൂർവ്വം ചെയ്യുന്നതാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ അയാളത് ആസ്വദിച്ചിരുന്നു. അതൊക്കെയാണ് അബിയുടെ മൈനസ് എന്ന് പറയുന്നത്”- അദ്ദേഹം വ്യക്തമാക്കി.
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബർ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു തവണ ഒന്നാം സ്ഥാനം നേടിയ അബി അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹബീബ് അഹമ്മദ് എന്ന അബി മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു തൻ്റെ മിമിക്രി കരിയർ ആരംഭിച്ചത്.