”അഴിഞ്ഞാടാൻ വിടുകയാണോ കുട്ടിയെ? എന്റെ സ്കൂൾ ടീച്ചേഴ്സ് പലരും അമ്മയെ വിളിച്ച് ചോദിക്കുന്നു, എല്ലാം നിർത്തി എങ്ങോട്ടെങ്കിലും പോയാൽ മതിയെന്ന് കരുതിയിട്ടുണ്ട്”; മനസ് തുറന്ന് സാനിയ ഇയ്യപ്പൻ| Saniya Iyyappan| School Life
തന്നെ ഇതുവരെ ആരും അംഗീകരിച്ചിട്ടില്ലെന്ന് യുവനടി സാനിയ ഇയ്യപ്പൻ. പ്രായത്തിന് അനുസരിച്ച വസ്ത്രമല്ല ധരിക്കുന്നത്, അഹങ്കാരിയാണ് എന്നെല്ലാം പറഞ്ഞ് സിനിമാ മേഖലയിൽ നിന്ന് തന്നെ പല വിമർശനങ്ങളും താൻ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ധന്യ വർമ്മയുടെ അയാം വിത്ത് ധന്യ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് സാനിയ മനസ് തുറന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് കടന്ന് വന്ന സാനിയയ്ക്ക് സ്കൂൾ, കോളജ് ലൈഫ് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് അവിടെ സുഹൃത്തുക്കളുമുണ്ടാകില്ല. എന്നാൽ സിനിമാ മേഖലയിലും തനിക്ക് സുഹൃത്തുക്കളില്ല എന്നാണ് താരം പറയുന്നത്.
തന്റ ഇതുവരെയുള്ള അനുഭവം വെച്ച് വിദ്യാഭ്യാസത്തിന് ജീവിതത്തിൽ വലിയ പ്രാധാന്യമില്ലെന്നാണ് താരം പറയുന്നത്.” എല്ലാവരും പറയും വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്ന്, ഞാൻ അങ്ങനെ കരുതുന്നില്ല. എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും നമ്മൾ വളർന്നു വന്ന രീതി, നമ്മളെ പഠിപ്പിച്ച രീതി അല്ലെങ്കിൽ നമ്മൾ എങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കിയിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പെരുമാറുക”- സാനിയ പറയുന്നു.
തനിക്ക് സ്കൂൾ ജീവിതത്തിൽ നിന്ന് ഒന്നും പഠിക്കാൻ കഴിഞ്ഞിട്ടില് എന്നാണ് സാനിയ പറയുന്നത്. ചെറിയ ഒരു സ്കേർട്ട് ധരിച്ച് സ്കൂളിൽ പോയാൽ തന്നെ വലിയ തോതിൽ വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ള ആളാണ് സാനിയ. ”എന്റെ സ്കൂൾ ടീച്ചേഴ്സ് ഇന്നും അമ്മയെ വിളിച്ച് ചോദിക്കുന്നത് അഴിഞ്ഞാടാൻ വിടുകയാണോ കുട്ടിയെ എന്നാണ്. കറക്റ്റ് ആയിട്ട് സ്കൂളിലൊന്നും വിടണ്ട എന്നെല്ലാം പറയുന്നു. സ്കൂളിൽ നിന്ന് അപ്പോൾ എന്താ കിട്ടുന്നേ?
അതുകൊണ്ട് വിദ്യാഭ്യാസം കൊണ്ടാണ് ആളുകളുടെ ചിന്താഗതികൾ ശരിപ്പെടുന്നത് എന്ന കാര്യം ഞാൻ അംഗീകരിക്കില്ല. സ്വയം രൂപപ്പെടുത്തിയെടുക്കേണ്ടതാണ് വ്യക്തിത്വം. ഇത് ഇങ്ങനെയാണെന്ന് പറഞ്ഞ് ആരും പഠിപ്പിച്ച് തരേണ്ടതല്ല. ഒരിക്കലും ഞാൻ അങ്ങനെ വിശ്വസിക്കില്ല”- സാനിയ വ്യക്തമാക്കി.
അതേസമയം, സ്കൂൾ കോളജ് ലൈഫ് മിസ് ആകുന്നതിനെക്കുറിച്ച് ഓർത്ത് ചില സമയത്ത് വിഷമം തോന്നുമെന്നും സാനിയ പറയുന്നു. മാത്രമല്ല, സമൂഹമാധ്യമങ്ങളിൽ കാണുന്നതല്ല എല്ലാവരുടെയും യഥാർത്ഥ ജീവിതമെന്നും താരം പറയുന്നു. ”എല്ലാവരുടെയും ജീവിതത്തിൽ അവരുടേതായ വെല്ലുവിളികൾ ഉണ്ടാകും. കോവിഡ് കാലഘട്ടത്തിൽ ഒരുപാട് അനുഭവിച്ചു. ഒരു പോയിന്റ് എത്തിയപ്പോൾ എല്ലാം നിർത്തി എങ്ങോട്ടെങ്കിലും പോയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്”- സാനിയ പറയുന്നു.