‘ആ നടിയെയും ലൈറ്റ് ഓപ്പറേറ്ററെയും ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടിച്ചു, പൊലീസ് ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞു’; തന്റെ നാടക ട്രൂപ്പായിരുന്ന ആരതി തിയേറ്റേഴ്‌സ് പൂട്ടിപ്പോയതിന്റെ കഥ പറഞ്ഞ് സലിം കുമാര്‍ | Malayalam Actor Salim Kumar | Theatrical Drama Troupe | Aarathi Theatres


മലയാള സിനിമയിലെ കോമഡി രാജാക്കന്മാരില്‍ ഒരാളാണ് സലിം കുമാര്‍. സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മാത്രമല്ല സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെയും ഓരോ ദിവസവും സലിം കുമാര്‍ നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കോമഡി വേഷങ്ങള്‍ക്ക് പുറമെ മലയാള സിനിമയില്‍ പല സീരിയസ് റോളുകളും ചെയ്ത് ഞെട്ടിച്ചിട്ടുമുണ്ട് സലിം കുമാര്‍.

മലയാളത്തിലെ പല താരങ്ങളെയും പോലെ മിമിക്രിയില്‍ നിന്നാണ് സലിം കുമാര്‍ സിനിമയിലെത്തുന്നത്. ആദ്യകാലത്ത് മിമിക്രി-കോമഡി റോളുകള്‍ മാത്രം ചെയ്ത സലിം കുമാര്‍ പിന്നീടാണ് മികച്ച ക്യാരക്ടര്‍ റോളുകള്‍ കൂടി ചെയ്ത് തുടങ്ങിയത്. ഉള്ളിലെ അഭിനയ പ്രതിഭയെ സലിം കുമാര്‍ പുറത്തെടുത്തപ്പോള്‍ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

സി.ഐ.ഡി മൂസ, കല്യാണരാമന്‍, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, തൊമ്മനും മക്കളും, രാപകല്‍, തുറുപ്പുഗുലാന്‍, ചെസ്സ്, മായാവി, റോമിയോ, ഹലോ, 2 ഹരിഹര്‍ നഗര്‍ എന്നിങ്ങനെ എണ്ണമറ്റ കോമഡി സിനിമകളാണ് സലിം കുമാറിന്റെതായി മലയാളി പ്രേക്ഷകര്‍ക്ക് കിട്ടിയത്. പെരുമഴക്കാലം, അച്ഛന്‍ ഉറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു, കറുത്ത ജൂതന്‍ എന്നിങ്ങനെ അഭിനയ പ്രാധാന്യമുള്ള സിനിമകളും സലിം കുമാര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് മികച്ച പുരസ്‌കാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

സ്റ്റേജില്‍ നിന്ന് സിനിമയിലെത്തിയെങ്കിലും സ്റ്റേജിനെ മറന്നിരുന്നില്ല സലിം കുമാര്‍. അതുകൊണ്ടാണ് ആരതി തിയറ്റേഴ്‌സ് എന്ന നാടക ട്രൂപ്പ് അദ്ദേഹം ആരംഭിച്ചത്. നാടകത്തോടുള്ള സ്‌നേഹം കൊണ്ടും നാടകമെന്ന കലയെ പ്രോത്സാഹിപ്പിക്കാനായാണ് അദ്ദേഹം ട്രൂപ്പ് തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആ ട്രൂപ്പ് പക്ഷേ അധികകാലം മുന്നോട്ട് കൊണ്ടുപോകാന്‍ സലിംകുമാറിന് സാധിച്ചില്ല. എന്തുകൊണ്ടാണ് തന്റെ നാടക ട്രൂപ്പ് പൂട്ടിയത് എന്ന് പറയുകയാണ് സലിം കുമാര്‍. സൈന സൗത്ത് പ്ലസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ മിമിക്രിയും സ്റ്റേജും വിട്ട് സിനിമയിലേക്ക് പോയി. എനിക്കൊപ്പമുണ്ടായിരുന്ന മികച്ച കലാകാരന്മാരും ടെലിവിഷനിലേക്കും സിനിമയിലേക്കുമെല്ലാം പോയി. പിന്നീട് എനിക്കൊപ്പമെത്തിയത് താരതമ്യേനെ മോശം കലാകാരന്മാരാണ്. അതോടെ മിമിക്രി നിര്‍ത്താം എന്ന് തീരുമാനിച്ചതാണ്. മിമിക്രി ട്രൂപ്പിന്റെ ഓഫീസ് വെറുതെ കിടക്കുകയാണ്. അപ്പോഴാണ് നാടക ട്രൂപ്പ് എന്ന ആശയം ഉണ്ടായത്.’ -സലിം കുമാര്‍ പറഞ്ഞു.

‘നാടക ട്രൂപ്പ് തുടങ്ങല്ലേ എന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ എന്റെ തീരുമാനവുമായി മുന്നോട്ട് പോയി. ആദ്യ വര്‍ഷങ്ങളിലൊന്നും എന്റെ ആരതി തിയറ്റേഴ്‌സ് എന്ന ട്രൂപ്പിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ട്രൂപ്പിലുണ്ടായിരുന്ന എല്ലാവരും നല്ല ആളുകളായിരുന്നു. അവസാന വര്‍ഷമായപ്പോഴാണ് ചെറിയ കുഴപ്പങ്ങള്‍ തുടങ്ങിയത്. ട്രൂപ്പിലെ ഒരു നടിയായിരുന്നു അതിന് കാരണം.’

‘ഒരു ദിവസം ഞാന്‍ ഷൂട്ടിങ് സ്ഥലത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് കൊടുങ്ങല്ലൂരില്‍ നിന്ന് ഒരു ഫോണ്‍ വന്നു. ഒരു പൊലീസുകാരനാണ് വിളിക്കുന്നത്. നിങ്ങളുടെ ട്രൂപ്പിലെ നടിയെയും ലൈറ്റ് ഓപ്പറേറ്ററെയും ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടികൂടി എന്നാണ് ആ പൊലീസുകാരന്‍ എന്നോട് പറഞ്ഞത്. എനിക്ക് അത് കേട്ട് വല്ലാതെ സങ്കടമായി. വിവരം അറിയിക്കാനായി പൊലീസ് എന്നെയാണ് ആദ്യം വിളിക്കുന്നത്. ആ പൊലീസുകാരന്‍ എന്ത് വിചാരിച്ച് കാണും? അത് വരെ ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലാ നടിമാരും അങ്ങനെയൊന്നുമല്ല. ഈ നടി മാത്രമാണ് അങ്ങനെ. അവര്‍ക്ക് ഭര്‍ത്താവും കുട്ടികളുമൊക്കെയുണ്ട്. ഈ സംഭവം എന്റെ മനസിനെ പിടിച്ചുലച്ചു. സലിം കുമാറിന്റെ ട്രൂപ്പ് എന്ന് പറഞ്ഞാണ് എല്ലാവരും ഈ സംഭവം പറഞ്ഞത്.’ -സലിം കുമാര്‍ പറഞ്ഞു.

‘മാനസികമായി വലിയ വിഷമമാണ് എനിക്കുണ്ടായത്. ആ പെണ്ണ് പിന്നീട് ട്രൂപ്പിലേക്ക് വന്നില്ല. നാടകം മുടങ്ങി. പുതിയ ആളെ വച്ചു. അങ്ങനെ പ്രശ്‌നങ്ങള്‍ പലതായി. അതോടെയാണ് ഞാന്‍ ട്രൂപ്പ് നിര്‍ത്തിയത്. ഇപ്പോള്‍ ആ ഓഫീസില്‍ എന്റെ ഡ്രൈവര്‍മാര്‍ താമസിക്കുകയാണ്.’ -സലിം കുമാര്‍ പറഞ്ഞു നിര്‍ത്തി.

Content Highlights / English Summary: Female actor and light operator got arrested by police from a hotel. Malayalam actor and comedian Salim Kumar says how his theatrical drama troupe Aarathi Theatres shut down in an interview.