‘നീ ഒരു കാലത്തും നന്നാവില്ല എന്ന് അവളോട് ആളുകള്‍ ശാപവാക്കുകള്‍ പറഞ്ഞു’; നോട്ട്ബുക്ക് എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ നടി റോമയ്ക്ക് പറ്റിയ അബദ്ധം പങ്കുവച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് | Rosshan Andrrews | Roma Asrani | Notebook Malayalam Movie


ഉദയനാണ് താരം എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായ ഇടമുണ്ടാക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. പിന്നീടിങ്ങോട്ട് മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. ഇവിടെ സ്വര്‍ഗമാണ് എന്ന നാടന്‍ ചിത്രം മുതല്‍ കാസനോവ പോലുള്ള ഹൈ ക്ലാസ് ബിഗ് ബജറ്റ് ചിത്രം വരെ റോഷന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളക്കിലെ വ്യത്യസ്തമായതും എക്കാലത്തെയും ഹിറ്റായതുമായ മുംബൈ പൊലീസ്, നടി മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കളമൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യൂ, നിവിന്‍ പോളിയെ ചരിത്ര കഥാപാത്രമാക്കി ഒരുക്കിയ കായംകുളം കൊച്ചുണ്ണി, പ്രതി പൂവന്‍ കോഴി, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് എന്നീ ചിത്രങ്ങളും റോഷന്‍ ആന്‍ഡ്രൂസിന്റെതാണ്. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് റോഷന്‍. ബോബി-സഞ്ജയ് ദ്വയമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഭൂരിഭാഗം ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ വളരെ വ്യത്യസ്തമായിരുന്ന ചിത്രമാണ് നോട്ട്ബുക്ക്. ഉദയനാണ് താരത്തിന് ശേഷം രണ്ടാമതായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മോഹന്‍ലാലിനെ പോലെ ഒരു സൂപ്പര്‍ സ്റ്റാറിനെ വച്ച് സിനിമ ചെയ്ത് വിജയിപ്പിച്ച ശേഷം പുതുമുഖങ്ങളെ അണിനിരത്തി മൂന്ന് പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാനുള്ള ധൈര്യമാണ് റോഷന്‍ അന്ന് കാണിച്ചത്. പാര്‍വ്വതി തിരുവോത്ത്, റോമ, മരിയ റോയ് എന്നിവരായിരുന്നു നോട്ട്ബുക്കിലെ കേന്ദ്രകഥാപാത്രങ്ങള്‍.

മികച്ച പ്രേക്ഷക പ്രശംസ നേടിയ നോട്ട്ബുക്ക് എന്ന ചിത്രം തിയേറ്ററുകളിലെത്തിയപ്പോഴുണ്ടായ ചില രസകരമായ അനുഭവങ്ങള്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവയ്ക്കുകയാണ്. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടയി സംവിധായകനാണ് താനെന്ന് അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

‘ലോകത്ത് ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടിയ സംവിധായകന്‍ ഞാനാണ്. അങ്ങനെ കൂവല് കിട്ടിയ സംവിധായകന്‍ വേറെ ഇല്ല. കാരണം, ഉദയനാണ് താരത്തിന് ശേഷം ഞാന്‍ ചെയ്ത നോട്ട്ബുക്ക് കാണാനായി എറണാകുളം കവിതാ തിയേറ്ററില്‍ പോയതായിരുന്നു. എന്റെ ഭാര്യ അന്ന് ഗര്‍ഭിണിയാണ്. ഞങ്ങളെല്ലാവരും കൂടിയാണ് സിനിമ കാണാന്‍ പോയത്. അതിന്റെ ടൈറ്റില് കാണിക്കുമ്പൊ മുതല്‍ കൂവലാണ്. ആ സമയത്ത് നോട്ട്ബുക്കിനൊപ്പം ഇറങ്ങിയത് മൂന്ന് പ്രധാനപ്പെട്ട നടന്മാരുടെ സിനിമകളാണ്. ആ സിനിമകളുടെ കൂടെയാണ് ഞാനീ പുതിയ മൂന്ന് പെണ്‍കുട്ടികളുമായി വരുന്നത്.’ -റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

‘സിനിമയിലെ നായികമാരായ മൂന്ന് പെണ്‍കുട്ടികളും സിനിമ കാണാനായി എത്തിയിരുന്നു. അതില്‍ ഒരാളായ റോമയ്ക്ക് മലയാളം അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റോമയ്ക്ക് വലിയൊരു അബദ്ധം പറ്റിയത്. റോമ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ ആളുകള്‍ ടിക്കറ്റ് കീറി അവളുടെ ദേഹത്തേക്ക് എറിഞ്ഞു. എന്നിട്ട് ‘നി ഒരുകാലത്തും നന്നാവില്ല’ എന്നൊക്കെ ശാപവാക്കുകള്‍ പറഞ്ഞു. പക്ഷേ ഇവള് വിചാരിച്ചത് പടത്തിലെ അവളുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടിട്ട് ടിക്കറ്റ് കീറിയെറിഞ്ഞ് ഇവളെ അഭിനന്ദിക്കുകയാണ് എന്നാണ്. ‘സാര്‍ ടിക്കറ്റൊക്കെ കീറി എറിഞ്ഞ് എല്ലാവരും എന്നെ അഭിനന്ദിക്കുന്നു’ എന്ന് റോമ എന്നോട് പറഞ്ഞു.’ -റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു നിര്‍ത്തി.

അന്ന് ഇത്തരത്തിലുള്ള അനുഭവങ്ങളാണ് നോട്ട്ബുക്ക് നേരിട്ടത് എങ്കിലും 2006 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നോട്ട്ബുക്കിനായിരുന്നു. കൂടാതെ നിരവധി സ്വകാര്യ ചാനലുകളുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ റോഷന്‍ ആന്‍ഡ്രൂസിനെ തേടിയെത്തിയിരുന്നു.

പുതുമുഖ ചിത്രമായിരുന്നിട്ട് കൂടി മികച്ച അഭിപ്രായങ്ങളാണ് നോട്ട്ബുക്കിന് ലഭിച്ചത്. ഇന്നും നോട്ട്ബുക്കിലെ സുരേഷ് ഗോപിയുടെ തീ പാറുന്ന അതിഥി വേഷം രോമാഞ്ചത്തോടെയാണ് പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. തിയേറ്ററിന് പുറത്ത് ആളുകളില്‍ നിന്ന് അധിക്ഷേപങ്ങള്‍ നേരിട്ട റോമ ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിയാണ്. തമിഴും തെലുങ്കുമുള്‍പ്പെടെയുള്ള ഭാഷകളിലും റോമ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Content Highlights / English Summary: Director Rosshan Andrrews says mistake committed by actress roma asrani on the release day of malayalam movie Notebook.