”ആദ്യത്തെ ചോദ്യത്തിന് തന്നെ നാല് ചീത്ത പറഞ്ഞു, കുറേപേര്‍ക്ക് മുമ്പിലായിരുന്നു ഈ അപമാനം, ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു, ഇനി മമ്മൂക്കയുടെ ഇന്റര്‍വ്യൂ ചെയ്യില്ല” മമ്മൂട്ടിയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയി രണ്ട് തവണ കരഞ്ഞ് മടങ്ങേണ്ടിവന്ന അനുഭവം പങ്കുവെച്ച് ആര്‍.ജെ രേണു | Mammootty | R.J. Renu


നടന്‍ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്ത് രണ്ടുതവണ കരഞ്ഞ് മടങ്ങേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് ആര്‍.ജെ ആയ രേണു. ആദ്യ തവണ ക്ലബ് എഫ്.എം സ്റ്റുഡിയോയില്‍ നടന്ന അഭിമുഖത്തില്‍ മൂന്നാമത്തെ ചോദ്യത്തിന് പിന്നാലെ മമ്മൂട്ടി ഇറങ്ങിപ്പോയെന്നും രണ്ടാം തവണ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ആദ്യ ചോദ്യത്തിന് തന്നെ ചീത്തവിളിച്ചെന്നുമാണ് രേണു പറയുന്നത്.

മമ്മൂട്ടിക്ക് തന്നോട് ഭയങ്കര സ്‌നേഹമാണെന്നും വ്യക്തിപരമായി വലിയ അടുപ്പവുമാണ്. പക്ഷേ ഈ അഭിമുഖത്തിന്റെ സമയത്ത് ഇങ്ങനെ ചൂടായപ്പോള്‍ താന്‍ പൊട്ടിക്കരയുകയായിരുന്നെന്നും രേണു പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തിലാണ് രേണു പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ക്ലബ് എഫ്.എം സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന സമയത്താണ് മമ്മൂക്കയുമായുള്ള ആദ്യ ഇന്റര്‍വ്യൂ നടന്നതെന്ന് രേണു പറയുന്നു. ”മമ്മൂക്ക സ്റ്റുഡിയോയില്‍ വരികയാണ്, രേണുവാണ് ഇന്റര്‍വ്യൂ ചെയ്യേണ്ടത് എന്ന് പറഞ്ഞു. മമ്മൂക്കയെ പോലെ ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ അറിവ് വേണം. അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കുറച്ചു ക്ലാരിറ്റി വേണം. വളരെ അടുത്തകാലത്താണ് അദ്ദേഹം കുറച്ച് ലൈറ്റായി സംസാരിച്ചു തുടങ്ങിയത്. ഭയങ്കര പാടാണ്. മമ്മൂക്ക വന്നിരിക്കുന്നു. മൂന്നാമത്തെ ചോദ്യം, എണീറ്റ് നില്‍ക്കുന്നു, ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കാന്‍ പാടില്ലയെന്ന് പറയുന്നു. സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോകുന്നു, ഞാനവിടെ ഇരുന്ന് കരയുന്നു.”

കസബ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം മമ്മൂട്ടിയുടെ അഭിമുഖം എടുക്കാന്‍ പോയ അനുഭവമാണ് രണ്ടാമതായി രേണു പങ്കുവെക്കുന്നത്.

”വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മമ്മൂക്കയുടെ ഇന്റര്‍വ്യൂ. കസബയുടെ റിലീസ് ദിവസം രാവിലെ ഏഴുമണിക്ക് എന്നെ വിളിച്ചിട്ട് പറഞ്ഞു, എട്ടുമണിക്ക് മമ്മൂക്കയുടെ വീട്ടിലെത്തണം. എന്റെ വീടും ഈ സ്ഥലവും തമ്മില്‍ ചെറിയ ദൂരമാണ്. അവിടെ ചെന്ന് മമ്മൂക്കയുടെ ഇന്റര്‍വ്യൂ ചെയ്യണം. ഞാന്‍ പറഞ്ഞു, ഞാന്‍ കസബ കണ്ടിട്ടില്ല. കസബ മൂന്നുമണിക്ക് ഫസ്റ്റ് ഷോ നടത്തിയത്രേ. ഞാന്‍ പറഞ്ഞു, ഞാനെങ്ങനെ ഇന്റര്‍വ്യൂ ചെയ്യും. സിനിമ റിലേറ്റഡായി ചോദിക്കണം. ഈ സിനിമയെക്കുറിച്ച് മാത്രമേ പുള്ളി സംസാരിക്കൂ. ഞാനെങ്ങനെ ചോദിക്കും. അത് പറ്റില്ല മമ്മൂക്ക ഇപ്പോഴാ സമയം തന്നത് എന്നായിരുന്നു മറുപടി.”

”മമ്മൂക്കയുടെ വീട്ടിലെത്തി എന്ത് ചോദിക്കും എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. പുതുമുഖ സംവിധായകരെ വെച്ച് ഒത്തിരി സിനിമകള്‍ക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കുന്നുണ്ടല്ലോയെന്നതായിരുന്നു എന്റെ ആദ്യ ചോദ്യം. ‘ഇത് പലരും എന്റടുത്ത് ചോദിക്കുന്ന ചോദ്യമാണ് എന്ന് പറഞ്ഞ് നാല് ചീത്തയും കൂടി പറഞ്ഞു. എന്റെ ചുറ്റും ക്ലബ് എഫ്.എമ്മില്‍ നിന്നും വന്ന വേറെ ഒരു ആര്‍.ജെയുണ്ട്, മമ്മൂക്കയെ കാണാനെത്തിയ അഞ്ചെട്ട് പേരുണ്ട്. എന്റെ അപമാനം വളരെ വലുതായിരുന്നു, ഇത്രയും പേര്‍ കാണാനായി നില്‍ക്കുന്നുണ്ട്. എന്റെ ആദ്യ ചോദ്യത്തിന് തന്നെ അദ്ദേഹം എന്നോട് ചൂടായി.” രേണു ഓര്‍ക്കുന്നു.

”സിനിമ കണ്ടോയെന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഫാന്‍സ് ഷോ നടത്തിയത് പോലും ഞാന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. മൂന്നുമണിക്ക് ഞാന്‍ സിനിമ കണ്ട് വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ഞാന്‍ സിനിമ കണ്ടില്ലയെന്ന് പറഞ്ഞു. മമ്മൂക്കയെന്നോട് അതിന് ഭയങ്കരമായി ചൂടായി.” അവര്‍ പറഞ്ഞു.

താന്‍ പൊട്ടിപ്പൊട്ടി കരഞ്ഞപ്പോള്‍ സാരമില്ലയെന്ന് പറഞ്ഞ് മമ്മൂട്ടി തന്നെ ആശ്വസിപ്പിച്ചെന്നും രേണു പറഞ്ഞു. മൂന്നാം തവണ മമ്മൂക്ക ഇന്റര്‍വ്യൂ തന്ന സമയത്ത് ഞാന്‍ ചെയ്യുന്നില്ലയെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നെന്നും രേണു വെളിപ്പെടുത്തി.