”ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വേഷങ്ങൾ ചെയ്ത് മടുത്തു എനിക്ക്”; മറ്റൊന്നിനെപ്പറ്റിയും ശ്രദ്ധിക്കാതെ പ്രണയത്തിൽ മാത്രമാകുന്ന ഭാർഗവിയെ ഒരുപാട് ഇഷ്ടമായെന്ന് റിമ കല്ലിങ്കൽ| Rima Kallingal| Neelavelicham
തനിക്ക് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വേഷങ്ങൾ ചെയ്ത് മടുത്തെന്ന് നടി റിമ കല്ലിങ്കൽ. അതുകൊണ്ട് തന്നെ തന്റെ പുതിയ ചിത്രമായ നീലവെളിച്ചത്തിലെ ഭാർഗവി എന്ന കഥാപാത്രത്തോട് വളരെയധികം സ്നേഹം തോന്നുന്നു എന്നാണ് റിമ പറയുന്നത്. അയാം വിത്ത് ധന്യ എന്ന യൂട്യൂബ് ചാനലിൽ ധന്യ വർമ്മയ്ക്കൊപ്പം ചെയ്ത അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
”ഭാർഗവി മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ പ്രണയിക്കുകയാണ്. അവരായി മാറുന്നത് എനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്. എനിക്ക് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സ്റ്റീരിയോടൈപ്പ് വേഷങ്ങൾ ചെയ്ത് മതിയായി. എന്താണ് ബോൾഡ്? ശരിക്കും അങ്ങനെ ആകേണ്ട ആവശ്യമുണ്ടോ? ഞാൻ ജീവിക്കുന്ന സാഹചര്യം എന്നെ റിലാക്സ് ചെയ്യിപ്പിക്കാനും എന്റെ എലമെന്റിൽ ഇരിക്കാനും സമ്മതിക്കുന്ന ഒരു സ്പേസ് ഇല്ലാത്തത് കൊണ്ട് എനിക്ക് ഫൈറ്റ് ചെയ്യേണ്ടി വരികയാണ്.
എനിക്ക് ശരിക്കും അത് ചെയ്യേണ്ട. എനിക്ക് ചിൽ ആകണം, എനിക്ക് ഞാൻ ആകണം, പരമ്പരാഗതമായ വേർതിരിവുകളില്ലാതെ എന്റെ ഫെമിനിൻ ഡിവൈൻ സ്പേസ് എക്സ്പ്ലോർ ചെയ്യണം. പക്ഷേ ദിനം പ്രതി എനിക്ക് ഞാനായി ജീവിക്കാനുള്ള സാഹചര്യം ഇവിടെയില്ല. ഈ അവസ്ഥയിൽ എനിക്ക് ഭാർഗവി എന്ന കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ആ കഥാപാത്രത്തിന്റെ സ്പേസ് ഇഷ്ടപ്പെട്ടു. ഭയങ്കരായിട്ട് ആസ്വദിച്ചാണ് അഭിനയിച്ചത്”- റിമ വ്യക്തമാക്കി.
ഭാർഗവി എന്ന കഥാപാത്രത്തിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി അവരുടെ പ്രണയം ആണെന്നാണ് റിമ പറയുന്നത്. മാത്രമല്ല, സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ ആഗ്രഹിക്കുന്നതും ഭാർഗവിയുടെ പ്രണയം ആണെന്ന് റിമ പറയുന്നു.
അതേസമയം റിമ കല്ലിങ്കലും ടൊവിനോ തോമസും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന നീലവെളിച്ചം സംവിധാനം ചെയ്യുന്നത് റിമയുടെ ഭർത്താവും സംവിധായകനുമായ ആഷിഖ് അബു ആണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു ‘നീലവെളിച്ചം’ സംവിധാനം ചെയ്യുന്നത്.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം.