‘വിവാഹമെന്ന ആശയത്തില്‍ വിശ്വസിക്കുന്നില്ല, ഒരു രാത്രികൊണ്ട് എന്നെ സംബന്ധിച്ച് എല്ലാം മാറി” ആഷിക്കിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ എന്ന ചോദ്യത്തിന് റിമ നല്‍കിയ മറുപടി | Aashiq Abu | Rima Kallingal


വിവാഹം എന്ന ആശയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകളെ വളരാന്‍ അനുവദിക്കാത്ത അടിച്ചമര്‍ത്തല്‍ സിസ്റ്റമാണ് വിവാഹമെന്നാണ് റിമ പറയുന്നത്. ധന്യവര്‍മ്മയുമായുള്ള അഭിമുഖത്തില്‍ ആഷിക്കിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ജീവിതം എങ്ങനെ വ്യത്യസ്തമായിരുന്നേനെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

” ഒരിക്കലും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നു. ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം ജീവിതത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍. എല്ലാതരത്തിലും അത് വലിയ മൈനസാണ്.” റിമ പറയുന്നു.

വിവാഹമെന്നത് വളരെ റിഗ്രസീവായ സിസ്റ്റമാണ്. ഒരു തരത്തിലും സ്ത്രീകള്‍ മുന്നേറരുത് എന്ന രീതിയിലാണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്. വളരെ പുരുഷാധിപത്യപരമായ സിസ്റ്റത്തിനുള്ളില്‍ സ്ത്രീകളെ തളച്ചിടാന്‍ ഉദ്ദേശിച്ചുള്ളതാണ് അതെന്നും അവര്‍ പറയുന്നു.

വിവാഹം കഴിക്കുന്ന വ്യക്തി എങ്ങനെയെന്നതല്ല വിഷയം. ഇതൊരു സിസ്റ്റമാണ്. മികച്ച ജീവിത പങ്കാളിയാണെങ്കില്‍ പോലും സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ പരാജയപ്പെടണം എന്ന ഉദ്ദേശത്തിലാണ് ഈ സിസ്റ്റം രൂപപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്വന്തം ജീവിതത്തില്‍ നിന്ന് ഒരു ഉദാഹരണം പറയാമോയെന്ന് ചോദിച്ചപ്പോള്‍ റിമയുടെ മറുപടി ഇങ്ങനെയായിരുന്നു. ” ഒരു രാത്രികൊണ്ട് എന്റെ കാര്യത്തില്‍ എല്ലാം മാറി. ആഷിക്കിനെ സംബന്ധിച്ച് ഒരുമാറ്റവുമില്ല. പതിനേഴ് വയസുമുതല്‍ ഞാന്‍ സമ്പാദിക്കുന്നതാണ്. ഒരുപ്രായം കഴിഞ്ഞപ്പോള്‍ സാമ്പത്തികമായി ആരെയും ഞാന്‍ ആശ്രയിച്ചിട്ടില്ല. പക്ഷേ വിവാഹത്തോടെ എല്ലാം മാറി. അതുവരെ ഉണ്ടാക്കിയ കരിയര്‍… ചില അഭിമുഖങ്ങള്‍ക്ക് സ്ത്രീകളെ പൊതുവെ വിളിക്കില്ല. എന്നാല്‍ വിവാഹിതയാവാന്‍ പോകുന്നുവെന്ന് കണ്ടാല്‍ അവസാന അഭിമുഖം എന്നപോലെ അവര്‍ വിളിക്കും. ഞാന്‍ ആ സമയത്ത് എല്ലാ ഇന്റര്‍വ്യൂവിലും വ്യക്തമായി പറഞ്ഞതാണ് വിവാഹശേഷം ഞാന്‍ ജോലി ചെയ്യുമെന്ന്. അതുകാരണം ആളുകള്‍ വിളിക്കാതിരിക്കുന്നത് എന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്തത്.”

പക്ഷേ എന്നെ സംബന്ധിച്ച് എല്ലാം മാറി. അതിന്റെ കാരണങ്ങള്‍ നമ്മള്‍ അന്വേഷിച്ച് പോകണം. പ്രേക്ഷകരുടെ പ്രശ്‌നമാണെന്ന് കരുതുന്നില്ല. കാരണം പുറത്തുപോകുമ്പോള്‍ എല്ലാവരും ചോദിക്കാറുണ്ട്, എപ്പോഴാണ് അടുത്തപടമെന്നൊക്കെ. പക്ഷേ ഇന്റസ്ട്രി ശരിക്കും എന്നെ പുറത്താക്കി. ഡബ്ല്യു.സി.സി കൂടി വന്നതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും മാറ്റി നിര്‍ത്തി.

ഒരു രാത്രികൊണ്ട് ആളുകള്‍ നമ്മളെ വിവാഹിതയായി കാണാന്‍ തുടങ്ങും. എനിക്കൊരു മാറ്റവും ഉണ്ടായിട്ടില്ല. പക്ഷേ ആളുകള്‍ എന്നെ മാറ്റത്തോടെയാണ് കാണുന്നതെന്നും റിമ പറഞ്ഞു.