”രാവിലെ ഏഴ് മണിക്ക് സുരാജിനെ കാണാൻ യൂണിഫോമിട്ട കുട്ടികൾ വരും, അവർ നിരാശരായി തിരിച്ച് പോകുന്നത് കണ്ടാൽ നമുക്ക് തന്നെ സങ്കടമാകും”; രതീഷ് ബാലകൃഷ്ണൻ| Ratheesh Balakrishnan| Suraj Venjaramoodu


സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും പ്രധാനവേഷത്തിലെത്തിയ മദനോത്സവം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ഇതിനിടെ സിനിമയുടെ പ്രമോഷൻന്റെ ഭാ​ഗമായി നടൻമാരും സംവിധായകൻ സുധീഷ് ​ഗോപിനാഥും തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണനും ചേർന്ന് ദി ക്യൂവിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവങ്ങളാണ് രതീഷ് പങ്കുവയ്ക്കുന്നത്.

സുരാജിനെ കാണാൻ വേണ്ടി സ്കൂൾ കുട്ടികൾ ഇവർ താമസിക്കുന്ന വീട്ടിൽ എത്താറുണ്ട്. രാവിലെ ഏഴ് മണിക്ക് മുൻപായിരിക്കും ഇവർ സുരാജ് എഴുന്നേറ്റോ എന്ന് ചോദിച്ച് വരുന്നത് എന്നും രതീഷ് പറയുന്നു. കാസർകോട് വെച്ചാണ് മദനോത്സവം ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ താരങ്ങളെല്ലാം ലൊക്കേഷനടുത്തുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. താനും സുരാജും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത് എന്നും രതീഷ് വ്യക്തമാക്കി.

സുരാജിന് മാത്രമല്ല ബാബു ആന്റണിക്കും കാസർകോട് നിറയെ ആരാധകർ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബാബു ആന്റണിക്ക് ഷൂട്ടിങ്ങ് കഴിഞ്ഞാൽ എല്ലാദിവസവും വേറെ എന്തെങ്കിലും പരിപാടിയുണ്ടാകുമെന്നും അ​ദ്ദേഹം പറയുന്നു.

”ബാബു ചേട്ടനൊക്കെ വൈകുന്നേരം ഷൂട്ട് കഴിഞ്ഞാൽ എന്തെങ്കിലുമൊക്കെ പരിപാടി കാണും. പൗരസ്വീകരണമെല്ലാം ഉണ്ടാകും, അവർക്ക് എല്ലാം ആഘോഷങ്ങളായിരുന്നു. ഏത് ചെറിയ പരിപാടി ആണെങ്കിലും സുരാജ് വരണം ബാബു ആന്റണി വരണം എന്ന് ആവശ്യപ്പെടും. സുരാജിനെ കാണാൻ രാവിലെത്തന്നെ സ്കൂൾ കുട്ടികൾ വരും. ഞാനും സുരാജും ഒരേ ഫ്ലാറ്റിൽ ആയിരുന്നു താമസം.

രാവിലെ ഏഴ് മണിക്ക് സുരാജിനെ കാണാൻ യൂണിഫോമിട്ട കുട്ടികൾ വരും. സ്കൂളിൽ പോകുന്ന വഴിക്ക് കണ്ടിട്ട് പോയേക്കാം, സുരാജ് എഴുന്നേറ്റോ എന്നാണവർക്കറിയേണ്ടത്. സുരാജ് രാവിലെ എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോയിട്ടുണ്ടാകും. ഇത് ഒരു ഒറ്റപ്പെട്ട സ്ഥലത്തുള്ള വീടാ. അവിടേക്കാണ് കുട്ടികൾ ​ഗേറ്റൊക്കെ തുറന്ന് ഇങ്ങനെ വരുന്നത്. അവരോട് സുരാജ് ഇവിടെയില്ലെന്ന് പറയുമ്പോൾ നമുക്കെന്നെ സങ്കടം വരും. കാരണം അവർ സുരാജിനെ കണ്ടിട്ടേ വരൂ എന്ന് പ്രതീക്ഷയോടെ വീട്ടിലൊക്കെ പറഞ്ഞിട്ടാവും വരുന്നത്”- രതീഷ് വ്യക്തമാക്കി.

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ വിനായക അജിത്താണ് നിർമ്മിക്കുന്നത്. ഇ സന്തോഷ് കുമാറിൻ്റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.