ശുഭ്മൻ ​ഗില്ലിന് രശ്മിക മന്ഥനയോട് ക്രഷ് ഉണ്ടോ?, അതോ പ്രണയമോ!; അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം| shubman gill| rashmika mandanna


പ്രശസ്ത തെലുങ്ക്, ബോളിവുഡ് നടിയും മോഡലുമാണ് രശ്മിക മന്ഥന. ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന താരത്തിന് തെന്നിന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഇപ്പോൾ നടി രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റേതെന്ന രീതിയിൽ പുറത്തുവന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ഥനയാണു തന്റെ ‘ക്രഷ്’ എന്നാണ് ശുഭ്മാൻ വെളിപ്പെടുത്തിയത്. ഇഷ്ടപ്പെട്ട നടി ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് യുവ ഇന്ത്യൻ താരം മറുപടി നൽകിയത്. ആദ്യം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ ഗിൽ പിന്നീടു രശ്മികയുടെ പേരു പറയുകയായിരുന്നു. രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന് താരം പിന്നീടുള്ള ചോദ്യത്തിന് മറുപടി നൽകി.

ബോളിവുഡ‍് നടി സാറ അലി ഖാനുമായി താരം പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽ‌ക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി താരം ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ പ്രണയ ദിനത്തിൽ ഒരു റസ്റ്ററന്റിൽ ഇരിക്കുന്ന ചിത്രം ശുഭ്മൻ ഗിൽ പങ്കുവച്ചിരുന്നു. 2021 ജൂലൈയിൽ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ഇതേ റസ്റ്ററന്റിൽനിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നതായി ആരാധകർ പിന്നീടു കണ്ടെത്തി.

സാറയുടെ പഴയ ചിത്രത്തിലും ഗില്ലിന്റെ പുതിയ ചിത്രത്തിലും പിറകിലിരിക്കുന്ന ആളുകൾ ഒന്നാണെന്നാണു ചില ആരാധകർ വാദിച്ചത്. ബോർഡർ– ഗാവസ്കർ ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ കളിച്ച ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സിൽ‍ 21 റൺസും രണ്ടാം ഇന്നിങ്സിൽ അഞ്ചു റൺസുമാണു നേടിയത്. നാലാം ടെസ്റ്റിലും താരത്തിന് അവസരം ലഭിക്കുമെന്നാണു കരുതുന്നത്. മാർച്ച് ഒൻപതിന് അഹമ്മദാബാദിലാണു പരമ്പരയിലെ അവസാന മത്സരം.