‘നില്‍ക്കാനോ കിടക്കാനോ പറ്റാറില്ല, ആര്‍ത്തവ ദിവസങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ട്, പിരിയഡ് പെയിന്‍ സിമുലേറ്റര്‍ വാങ്ങി സുഹൃത്തുക്കള്‍ക്കെല്ലാം കൊടുക്കണമെന്നാണ് ആഗ്രഹം’; താരസുന്ദരി രശ്മിക മന്ദാന പറയുന്നു | Rashmika Mandanna | Menstruation Period


ദക്ഷിണേന്ത്യയിലെ പ്രമുഖയായ മോഡലും നടിയുമാണ് രശ്മിക മന്ദാന. ദക്ഷിണേന്ത്യയും കടന്ന് ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സുന്ദരിക്ക് രാജ്യമാകെ നിരവധി ആരാധകരുണ്ട്. കിറുക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന വെള്ളിത്തിരയിലെത്തുന്നത്.

പിന്നീട് പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ഗീതാഗോവിന്ദത്തിലൂടെയാണ് രശ്മികയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ രശ്മിക നായികയായി. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് അടുത്തിടെ ഇറങ്ങിയ രശ്മിക മന്ദാനയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം.

മനോഹരമായ ചിരിയുടെ ഉടമയായ രശ്മികയെ ക്യൂട്ട്‌നെസ് ക്വീന്‍ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിക മന്ദാന സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും തന്റെ വര്‍ക്ക് ഔട്ട് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ അഭിമുഖത്തില്‍ രശ്മിക മന്ദാന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്ത്രീകള്‍ വളരെ വ്യക്തിഗതമായ കാര്യമായി കാണുന്ന ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവകാലത്തെ തന്റെ അനുഭവങ്ങളെ കുറിച്ചുമാണ് രശ്മിക മന്ദാന തുറന്ന് പറഞ്ഞിരിക്കുന്നത്. പ്രേമ ദി ജേര്‍ണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പൊതുവേ അനുഭവിക്കുന്ന ബുദ്ധിമുട്ടും താന്‍ വ്യക്തിപരമായി അനുഭവിക്കുന്ന ബുദ്ധിമുട്ടും രശ്മിക തുറന്ന് പറഞ്ഞു. ആര്‍ത്തവ ദിവസങ്ങളില്‍ ഇരിക്കാനോ നില്‍ക്കാനോ പോലും തനിക്ക് വലിയ ബുദ്ധിമുട്ടാണ് എന്ന് രശ്മിക പറയുന്നു.

‘അടുത്തിടെ ഞാനൊരു വീഡിയോ കണ്ടിരുന്നു. അതില്‍ പറയുന്നത് സ്ത്രീകള്‍ ഉള്ളില്‍ വേദന കൊണ്ടുനടക്കുന്നവരാണ്. ആര്‍ത്തവകാലത്ത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഒന്ന് നില്‍ക്കാനോ കിടക്കാനോ എനിക്ക് പറ്റാറില്ല. അതൊക്കെ വലിയ വിഷമമാണ്. അതേസമയം എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെയല്ല ബുദ്ധിമുട്ട്. ചില ആളുകള്‍ക്ക് തീരെ വേദന ഉണ്ടാകില്ല. ചിലര്‍ക്കാണെങ്കില്‍ ഒന്നിനും സാധിക്കാത്ത അവസ്ഥയാണ്. എന്റെ അമ്മ ലക്കിയാണ്. അമ്മയ്ക്ക് ഈ സമയത്ത് വേദന ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ എന്റെ വേദന അമ്മയ്ക്ക് പോലും മനസിലാകാറില്ല.’ -രശ്മിക മന്ദാന പറഞ്ഞു.

‘ഞാന്‍ ഇടയ്ക്ക് വിചാരിക്കാറുണ്ട് പുരുഷന്മാര്‍ക്ക് ഇത്തരം ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കില്‍ അവര്‍ എങ്ങനെയാണ് പിരീഡ് പെയിന്‍ കൈകാര്യം ചെയ്യുക എന്ന്. പിരീഡ് പെയിന്‍ സിമുലേറ്റര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും സ്ത്രീകള്‍ അനുഭവിക്കുന്ന വേദന അറിയാം. എനിക്ക് പിരീഡി പെയിന്‍ സിമുലേറ്റര്‍ കിട്ടിയിരുന്നെങ്കില്‍ അത് വാങ്ങി എന്റെ ആണ്‍ സുഹൃത്തുക്കള്‍ക്കെല്ലാം കൊടുക്കും. എന്നിട്ട് ഇതാണ് ഞങ്ങള്‍ അനുഭവിക്കുന്ന വേദന എന്ന് എനിക്ക് അവരോട് പറയണം. അതിന് ശേഷമുള്ള അവരുടെ റിയാക്ഷന്‍ എനിക്ക് കാണണം.’ -രശ്മിക മന്ദാന പറഞ്ഞുനിര്‍ത്തി.

Content Highlights / English Summary: Rashmika Mandanna actress says about her problems during menstruation period and she wish to get a period pain simulator for her friends.