”സുഹൃത്തിനൊപ്പം നിന്നത് കൊണ്ട് അവസരങ്ങൾ നഷ്ടമായി, പക്ഷേ ഇവിടെ അറ്റ്ലീസ്റ്റ് ഇങ്ങനെ സംസാരിക്കാനുള്ള സ്പേസ് ഉണ്ട്”; തുറന്ന് പറച്ചിലുമായി രമ്യ നമ്പീശൻ| Remya Nambeesan| Malayalam Movies


മലയാള സിനിമയിൽ സജീവമായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് താരം അവസരങ്ങൾ ഇല്ലാതെ അപ്രത്യക്ഷയായത്. സുഹൃത്തിനൊപ്പം നിന്നു എന്ന കാരണത്തിലാണ് തനിക്ക് മലയാള സിനിമ അവസരം നിഷേധിച്ചത് എന്നാണ് താരം പറയുന്നത്. സുഹൃത്തിനൊപ്പം നിൽക്കുന്നതിൽ തെറ്റില്ല, ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ അതിജീവിക്കുക എന്നതാണ് പ്രധാനം എന്നും താരം വ്യക്തമാക്കി.

”അവസരങ്ങൾ നഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ നമുക്ക് സ്വാഭാവികമായിട്ടും മനസിലാക്കാൻ പറ്റുമല്ലോ. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാ​ഗ്യം ഉണ്ടായത്, ഞാൻ സമാന്തരമായ തമിഴ് സിനിമയിൽ വർക്ക് ചെയ്ത് കൊണ്ടിരുന്നത് കൊണ്ട് അവിടെ ഒരു സ്പേസ് കിട്ടി. അപ്പോൾ എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നില്ല. എനിക്ക് വർക്ക് ചെയ്യാൻ പറ്റി.

പക്ഷേ തീർച്ചയായിട്ടും ഇവിടെ അതിന്റേതായ രീതിയിലുള്ള അവ​ഗണിക്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഇതൊന്നും ആലോചിച്ച് നമ്മൾ തളർന്നിരുന്നിട്ട് ഒരു കാര്യവുമില്ല. പുതിയൊരു സിസ്റ്റം വരുമ്പോൾ ചില ആളുകൾ അതിൽ ബലിയാടുകൾ ആയേക്കാം. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നു നമ്മുടെ മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ പറ്റുന്നു എന്നത് തന്നെ വലിയ കാര്യമാണ്.

തമിഴിൽ അത്രയും ഇങ്ങനെ ഇരുന്ന് കാര്യങ്ങൾ സംസാരിക്കാൻ പറ്റുന്ന രീതിയിലുള്ള മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെ നമുക്ക് അങ്ങനെ സംസാരിക്കാൻ പറ്റുന്നുണ്ട്. ഐശ്വര്യ രാജേഷിനെപ്പോലുള്ളവരും നയൻ താരയെപ്പോലുള്ളവരും ഒരു സ്പേസ് ഉണ്ടാക്കുന്നത് ഭയങ്കര അം​ഗീകാരമാണ്”- രമ്യാ നമ്പീശൻ വ്യക്തമാക്കി.

അതേസമയം, നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴും സിനിമയിൽ കാര്യങ്ങൾ നടന്നുപോകുന്നത് എന്നും രമ്യ പറയുന്നു. അർഹിക്കുന്ന ന്യായമായ വേതനം നടിമാർക്ക് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. തുല്യവേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇൻഡസ്ട്രിയും വളരണമെന്നാണ് ആഗ്രഹം. ഒരു സ്ത്രീ സിനിമ പറയുന്നു എന്ന് കേൾക്കുമ്പോൾ വേറെന്തോ ഭാവമാണ്. അത്തരം സിനിമകൾ ഒന്ന് കാണുകയും കേൾക്കുകയും ചെയ്ത് നോക്കൂ. അത് കേൾക്കുന്നതിനും മുന്നേയുള്ള വിധിപ്രസ്താവത്തിലേക്കാണ് പോകുന്നത്. അതുതന്നെ ആദ്യം മാറണമെന്നും രമ്യ പറഞ്ഞു.