‘ജാതിപ്പേര് കാരണം ഒരു ക്യൂവില്‍ പോലും മുന്‍ഗണന കിട്ടിയിട്ടില്ല, ഒരു പ്രയോജനവുമില്ലെന്ന് തിരിച്ചറിഞ്ഞ് മക്കളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാത്തയാളാണ് എന്റെ അച്ഛന്‍’; പേരിനൊപ്പം ഇല്ലാതിരുന്ന ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | Ramesh Pisharody | Caste Surname | Manorama News | Johny Lukose | Interview | Nere Chovve


രമേഷ് പിഷാരടി എന്ന പേര് കേട്ടാല്‍ തന്നെ മലയാളികളുടെ മുഖത്ത് ചിരി വിടരും. ഹാസ്യത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാകാരനാണ് രമേഷ് പിഷാരടി. മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയുമെല്ലാം പിഷാരടി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

സ്വന്തം പ്രൊഡക്ഷനില്‍ മലയാളത്തിലെ ആദ്യ സ്റ്റാന്റ് അപ്പ് കോമഡി ഷോ ഫണ്‍സ് അപ്പോണ്‍ എ ടൈം ആരംഭിച്ച് മലയാളികളെ ചിരിപ്പിക്കുക എന്ന തന്റെ ജോലി പൂര്‍വ്വാധികം ഭംഗിയായി രമേഷ് തുടരുകയാണ്. മിമിക്രി വേദികളിലായാലും ടെലിവിഷന്‍ പരിപാടികളിലായാലും പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവകഥകളും രസകരമായ കൗണ്ടറുകളും തഗ് ഡയലോഗുകളും പറഞ്ഞാണ് പിഷാരടി സ്റ്റാറാവുന്നത്.

മിമിക്രിയിലൂടെ സിനിമയിലെത്തിയ രമേഷ് പിഷാരടി ഇതിനകം രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് കഴിഞ്ഞു. ജയറാമിനെ നായകനാക്കിയ പഞ്ചവര്‍ണ്ണത്തത്തയും മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയ ഗാനഗന്ധര്‍വ്വനുമാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങള്‍. സംവിധായകന്‍ എന്ന നിലയില്‍ മലയാളത്തില്‍ തന്റെതായ ഇടം പിടിച്ചെങ്കിലും തന്നെ വളര്‍ത്തിയ മിമിക്രിയെയും സ്റ്റേജ് പരിപാടികളെയും ടെലിവിഷന്‍ പ്രോഗ്രാമുകളെയുമൊന്നും പിഷാരടി കൈവിട്ടിട്ടില്ല.

ആദ്യകാലത്ത് രമേഷ് എന്ന് മാത്രമായിരുന്നു ഔദ്യോഗിക രേഖകളിലുള്‍പ്പെടെ രമേഷ് പിഷാരടിയുടെ പേര്. ജാതിവാലായ ‘പിഷാരടി’ തന്റെ പേരിനൊപ്പം വന്നതിന്റെ രസകരമായ കഥ രമേഷ് പിഷാരടി പങ്കുവച്ചിരിക്കുകയാണ്. മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന അഭിമുഖ പരിപാടിയില്‍ അവതാരകന്‍ ജാണി ലൂക്കോസിന്റെ ചോദ്യത്തിന് മറുപടിയായാണ് പിഷാരടി ആ കഥ പറഞ്ഞത്.

ജാതിയെ കുറിച്ചുള്ള ചോദ്യത്തിന് പറയുന്ന ഉത്തരം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാനുള്ള വലിയ സാധ്യതയുണ്ടെന്ന പരാമര്‍ശത്തോടെയാണ് രമേഷ് പിഷാരടി കഥ പറഞ്ഞ് തുടങ്ങിയത്. രമേഷ് ടി.വി എന്നായിരുന്നു തന്റെ യഥാര്‍ത്ഥ പേര്. ഔദ്യോഗിക രേഖകളിലുള്‍പ്പെടെ ഇതായിരുന്നു പേര്. പേരിനൊപ്പം പിഷാരടി എന്ന ജാതിവാല്‍ ഇല്ലായിരുന്നു. ആദ്യത്തെ മൂന്ന് പാസ്‌പോര്‍ട്ടിലും രമേഷ് ടി.വി എന്ന് തന്നെയായിരുന്നു പേര് എന്നും പിഷാരടി ഓര്‍മ്മിക്കുന്നു.

‘ഞാന്‍ വളര്‍ന്ന സാഹചര്യം കാരണം ഞാനൊരു വെജിറ്റേറിയനായിരുന്നു. സലിം കുമാറേട്ടന്റെ ട്രൂപ്പില്‍ എത്തിയപ്പൊ എനിക്ക് വെജിറ്റേറിയന്‍ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. അതെന്താ എന്ന് അവര്‍ ചോദിച്ചു. ഞാനൊരു പിഷാരടി ആണ്, അതുകൊണ്ട് എനിക്ക് വെജിറ്റേറിയന്‍ ഭക്ഷണം വേണം എന്ന് മറുപടി നല്‍കി. അന്ന് മുതല്‍ റിഹേഴ്‌സല്‍ ക്യാമ്പില്‍ രാവിലെ ഭക്ഷണം മേടിക്കാന്‍ പോകുന്ന ആളോട് സലിമേട്ടന്റെ ഭാര്യ ‘ആ പിഷാരടിക്ക് തിന്നാന്‍ എന്തെങ്കിലും മേടിക്കണേ’ എന്ന് പറയും. മാത്രമല്ല, അന്ന് രമേഷ് കുറുമശ്ശേരി എന്നൊരാള്‍ മിമിക്രിയില്‍ സജീവമായിരുന്നു. എന്റെ അച്ഛന്റെ നാട് കണ്ണൂര്‍, അമ്മ പാലക്കാട്, ഞാന്‍ ജനിച്ച് വളര്‍ന്നത് വെള്ളൂര്‍, ഇപ്പൊ താമസിക്കുന്നത് തൃപ്പൂണിത്തുറ. അതുകൊണ്ട് ഏതെങ്കിലും സ്ഥലപ്പേര് എന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ പറ്റില്ലായിരുന്നു. ഞാനൊരു ട്രൂപ്പിലും ഉണ്ടായിട്ടുമില്ല. എന്റെ പച്ചക്കറി തീറ്റ ഒരു സംഭവമായത് കൊണ്ടും ഒരേ പേരുള്ള മറ്റൊരു ആര്‍ട്ടിസ്റ്റ് ഉള്ളത് കൊണ്ടും രമേഷ് എന്ന് പറയുന്നതിനൊപ്പം പലരും എന്റെ ഐഡന്റിറ്റിയായി പിഷാരടി എന്ന് കൂടെ ചേര്‍ത്ത് പറയാന്‍ തുടങ്ങി.’ -രമേഷ് പിഷാരടി പറഞ്ഞു.

‘വിദേശത്തൊക്കെ പരിപാടിക്ക് പോകുമ്പൊ ഭക്ഷണത്തിന്റെ കാര്യം പ്രശ്‌നമായിരുന്നു. ‘ഒന്ന് പറഞ്ഞിരുന്നെങ്കില്‍ തരാമായിരുന്നു, വെജ് ആണെന്ന് ആരും പറഞ്ഞില്ല, അത് കൊണ്ട് വെജിറ്റേറിയന്‍ ഭക്ഷണം ഒന്നും വച്ചില്ല’ എന്നൊക്കെ അവര്‍ പറയും. ഫ്‌ളൈറ്റില്‍ പോലും ഇതൊരു പ്രശ്‌നമായി. അങ്ങനെ പിഷാരടി എന്ന വാല് എന്റെ പേരിന്റെ കൂടെ പോപ്പുലറായി. അതിന്റെ കൂടെ എനിക്ക് പ്രതിഫലമായി കിട്ടുന്ന ചെക്കുകളിലും പിഷാരടി എന്ന വാല് വരാന്‍ തുടങ്ങി. രമേഷ് ടി.വിയായ ഞാന്‍ തന്നെയാണ് രമേഷ് പിഷാരടി എന്ന കത്ത് കൂടെ വച്ച് ബാങ്കില്‍ നിന്ന് ചെക്ക് മാറേണ്ട അവസ്ഥയായി. അതോടെയാണ് ഗസറ്റില്‍ കൊടുത്തുകൊണ്ട് ഞാന്‍ പേര് മാറ്റി രമേഷ് പിഷാരടിയായത്.’

‘പിഷാരടി എന്ന ജാതി കാരണമോ പേരിനൊപ്പമുള്ള ജാതിവാല്‍ കാരണമോ ഒരു ക്യൂവില്‍ പോലും എനിക്ക് മുന്‍ഗണന കിട്ടിയിട്ടില്ല. ജാതിവാലിനെ പ്രിവിലേജിന്റെ ജാതിവാല്‍ എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ അച്ഛന്‍ 18 വയസുള്ളപ്പൊ കഷ്ടപ്പാട് സഹിക്കാന്‍ പറ്റാതെ വീട്ടില്‍ നിന്ന് ഒളിച്ചോടിയ ആളാണ്. പിന്നീട് അദ്ദേഹം എയര്‍ ഫോഴ്‌സില്‍ കയറി. റിട്ടയറായ ശേഷം വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ വര്‍ക്ക് ഷോപ്പില്‍ ജോലിക്ക് കയറി. 47 വര്‍ഷം കേന്ദ്ര സര്‍ക്കാറിന്റെ ജോലി ചെയ്തിട്ടാണ് ഞങ്ങള്‍ അഞ്ച് മക്കളെ പുള്ളി പഠിപ്പിച്ചതും വളര്‍ത്തിയതുമെല്ലാം. അതുകൊണ്ട് പുള്ളിക്ക് തന്നെ തോന്നിയിട്ടുണ്ടാകും ഈ ജാതി കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന്. അതുകൊണ്ടാവും ഞങ്ങള്‍ അഞ്ച് മക്കളുടെയും പേരിനൊപ്പം ജാതിവാല്‍ വയ്ക്കാതിരുന്നത്. എന്റെ കാര്യത്തില്‍ ഇത് വന്ന് പെട്ടതാണ്.’

‘എന്റെ പേരിനൊപ്പം പിഷാരടി എന്ന് ഇല്ല, ഞാന്‍ വലിയ വര്‍ഗീയവാദിയാണ്. എന്താ ഗുണം? എന്റെ പേരില്‍ പിഷാരടി എന്ന് ഉണ്ട്, ഇന്ന് കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ഞാന്‍ ഇറച്ചിയും തിന്നും മീനും തിന്നും ഈ ലോകത്ത് കിട്ടുന്ന എല്ലാ സാധനവും തിന്നും. ഞാന്‍ വളരെ അഭിമാനത്തോടെ മീന്‍ കച്ചവടം ചെയ്യുന്ന ‘പിഷാരടി’യാണ്. ജാതിപ്പേര് എനിക്കൊരു ബാധ്യതയല്ല. പക്ഷേ കേള്‍ക്കുന്ന പലരും അതൊരു ബാധ്യതയായി എടുക്കാറുണ്ട്.’ -പിഷാരടി പറഞ്ഞു നിര്‍ത്തി.

English Summary / Content Highlights: Ramesh Pisharody describes the story of how he added caste surname with his name in an interview in Manorama News Nere Chovve with Johny Lukose.