” അവള്‍ എന്നെയൊന്നുനോക്കി, പിന്നെ അമ്മയെ വിളിച്ചു പറഞ്ഞു, അമ്മേ ആരോ വന്നെന്ന് തോന്നുന്നു” പ്രസവിച്ചു കിടക്കുന്ന ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ പോയി ആകെ പാളിപ്പോയ അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി| Ramesh Pisharady


മിമിക്രി ട്രൂപ്പായ കൊച്ചിന്‍ സ്റ്റാലിയന്‍സില്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നത്.

അഭിനയരംഗത്തേക്ക് കടന്നെങ്കിലും പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന താരം എന്ന നിലയിലാണ് രമേഷ് ശ്രദ്ധനേടിയത്. വേദികളിലും ഷോകളിലും കോമഡി പറഞ്ഞ് ആളുകളെ കയ്യിലെടുക്കുമെങ്കിലും ജീവിതത്തെ സീരിയസ് ആയി തന്നെ കാണുന്ന ആളാണ് താനെന്നാണ് രമേഷ് പിഷാരടി പറയുന്നത്. ”ജീവിതത്തിലെ എല്ലാ നിമിഷങ്ങളെയും നമുക്കൊരു കഥപോലെ ആലോചിക്കാം. ഇല്ലെങ്കില്‍ ജീവിതത്തിലെ ചില കാര്യങ്ങള്‍ നമ്മളോട് മറന്നുപോകും. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും രസകരമായ എന്തെങ്കിലും സംഭവം നമ്മള്‍ കണ്ടുപിടിച്ചുവെച്ചാല്‍ ഓര്‍ക്കാന്‍ സുഖമാണ്.” അദ്ദേഹം പറഞ്ഞു.

ഭാര്യയുടെ പ്രസവ സമയത്തുണ്ടായ സംഭവങ്ങളാണ് ഈ പറഞ്ഞതിന് ഉദാഹരണമായി രമേഷ് പങ്കുവെക്കുന്നത്. ”ആദ്യത്തെ കുട്ടിയുണ്ടാവുന്ന സമയത്ത് ഞാന്‍ ഇന്തോനേഷ്യയിലായിരുന്നു. അവിടെ പരിപാടിക്ക് പോയതായിരുന്നു. അവിടെ നിന്ന് തിരിച്ച് വരുംവഴി സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ സമയത്താണ് ഞാന്‍ കുട്ടിയുടെ ഫോട്ടോ കാണുന്നത്. പൂനെയിലാണ് ഭാര്യ പ്രസവിച്ചു കിടക്കുന്നത്. നാട്ടിലെത്തിയ ഞാന്‍ സര്‍പ്രൈസായി ഭാര്യയെ കാണാന്‍ പോകുമെന്ന് വിചാരിക്കുന്നു.

അവളോട് നാളെയേ ഞാന്‍ എത്തൂവെന്ന് പറഞ്ഞ് ഞാന്‍ ഇന്ന് തന്നെ ഫ്‌ളൈറ്റില്‍ മുംബൈയിലെത്തി അവിടെ നിന്നും പൂനയിലെ വീട്ടിലെത്തി ഡോര്‍ തുറന്നപ്പോള്‍ അമ്മയോട് ഞാനാണ് വന്നതെന്ന ഭാവം കാണിക്കരുത് എന്ന് പറഞ്ഞു. എന്റെ ഭാര്യയ്ക്ക് നല്ല പവറുള്ള കണ്ണടയുണ്ട്. ഞാന്‍ നേരെ അവളുടെ മുറിയുടെ വാതില്‍ക്കല്‍ ചെന്നു. അവള്‍ കണ്ണട വെച്ചിട്ടില്ല. അവള്‍ എന്നെയൊന്നു നോക്കിയശേഷം അമ്മയെ വിളിച്ച് ‘അമ്മേ ആരോ വന്നുവെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു. എന്റെ സര്‍വ്വ സര്‍പ്രൈസും പൊളിഞ്ഞുപോയി.” രമേഷ് പിഷാരടി പറയുന്നു.