”തന്റെ മൂന്ന് തമിഴ് സിനിമകൾക്കും കാരണമായത് ഒരൊറ്റ മലയാള ചിത്രം”; വെളിപ്പെടുത്തലുമായി രജിഷ വിജയൻ| Rajisha Vijayan| June


അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരമാണ് രജിഷ വിജയൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ആയിരുന്നു പുരസ്കാരം ലഭിച്ചത്. അതേസമയം, അവാർഡ് വെറുമൊരു പ്രശംസയായി മാത്രം കണ്ടാൽ മതിയെന്നാണ് രജിഷയുടെ അഭിപ്രായം. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

മലയാളത്തിൽ ധാരാളം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത ശേഷമായിരുന്നു താരത്തിന്റെ തമിഴ് അരങ്ങേറ്റം. ധനുഷ്, സൂര്യ, കാർത്തി തുടങ്ങി തമിഴിലെ ഹിറ്റ് നായകൻമാർക്ക് ഒപ്പമായിരുന്നു രജിഷ അഭിനയിച്ചത്. കാർത്തിക്ക് ഒപ്പം അഭിനയിച്ച സർദാർ ആണ് രജിഷയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ”മൂന്നും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതും രാഷ്ട്രീയപരമായി സ്വാദീനം ചെലുത്താൻ കഴിഞ്ഞതുമായ സിനിമകളാണ്.

തമിഴിൽ നിന്ന് എനിക്ക് ലഭിച്ച അവസരങ്ങലിൽ നിന്നും ഞാൻ തെരഞ്ഞെടുത്ത് അഭിനയിച്ച മൂന്ന് കഥാപാത്രങ്ങളാണ്, മൂന്ന് സിനിമകളാണ് ഇവ മൂന്നും. എനിക്ക് തോന്നുന്നു, എന്റെ എന്തോ ഒരു ഭാ​ഗ്യം കൊണ്ടാണ് ഈ മൂന്ന് പ്രൊജക്റ്റ്സ് എനിക്ക് കിട്ടിയത്. കർണ്ണനിൽ സംസാരിക്കുന്നത് കാസ്റ്റ് പൊളിറ്റിക്സ് ആണ്. ജയ് ഭീമിൽ സംസാരിക്കുന്നത് ഇരുളർ ട്രൈബ്സിന്റെ പൊളിറ്റിക്സ് ആണ്.

സർദാരിൽ സംസാരിക്കുന്നത് വാട്ടർ പൊളിറ്റിക്സിനെ കുറിച്ചാണ്. പ്രധാനപ്പെട്ട കോർ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന, അതിന്റെ കൂടെത്തന്നെ ഒരു കൊമേർസ്യൽ പടം എന്ന നിലയിൽ ആൾക്കാരിലേക്കെത്താൻ പറ്റിയ സിനിമകളാണ്. നമ്മൾ സംസാരിച്ചിട്ട് മാത്രം കാര്യമില്ല, സാധാരണക്കാരിലേക്ക് ഈ ടോപ്പിക്ക് എത്തുക എന്നതിലാണ് കാര്യം.

വലിയ താരങ്ങൾ ഇപ്പറഞ്ഞ ചിത്രങ്ങളിലെല്ലാം അഭിനയച്ചത് കൊണ്ടാണ് ഇത് സാധാരണ ജനങ്ങളിലേക്ക് എത്തിയതിന്റെ വലിയ കാരണം. പക്ഷേ, സംവിധായകരുടെ ബോധ്യമാണ് ഈ സിനിമ ഇങ്ങനെത്തന്നെ വരണമെന്നത്. അങ്ങനെയുള്ള നല്ല സിനിമകളുടെ ഭാ​ഗമാകാൻ കഴിയുന്നു എന്നതിനോടൊപ്പം ആ സിനിമ വിജയിക്കുന്നു. ഈ സിനിമകൾ സാധാരണക്കാരിലേക്ക് എത്തുന്നുണ്ട് എന്നതിലാണ് എന്റെ സന്തോഷം, അല്ലാതെ ബോക്സ് ഓഫിസ് കളക്ഷനിൽ അല്ല”- രജിഷ വ്യക്തമാക്കി.

ഈ മൂന്ന് സിനിമകളും സമൂഹത്തിൽ വലിയ ഇംപാക്റ്റ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അതേസമയം താൻ അഭിനയിച്ച തമിഴ് ചിത്രങ്ങളുടെയൊന്നും ഓഡിഷനിൽ പങ്കെടുത്തിട്ടില്ല, എല്ലാം ജൂണിലെ അഭിനയം കണ്ട് വന്ന സിനിമകളാണെന്നാണ് രജിഷ പറയുന്നത്. തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും ജൂൺ കാരണമാണ്. തന്റെ കരിയറിലെ വളരെയേറെ പ്രധാനപ്പെട്ട സിനിമയാണ് ജൂൺ എന്ന് താരം വ്യക്തമാക്കി.