”റഹ്മാന് അതൊന്നും ഇഷ്ടമായേയില്ല, അന്നത്തെ അഭിനയം കണ്ടാൽ സ്റ്റേറ്റ് അവാർഡ് തിരിച്ച് വാങ്ങും”; അനുഭവം വെളിപ്പെടുത്തി രജിഷ വിജയൻ| Rajish Vijayan | Khalid Rahman


ഖാലിദ് റഹ്മാന്റെ അനുരാ​ഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ വിജയൻ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. ആദ്യ സിനിമ തന്നെ വൻ ഹിറ്റായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുന്ന സംസ്ഥാന സർക്കാർ അവാർഡും രജിഷക്ക് തന്നെയാണ് ലഭിച്ചത്. ഇപ്പോൾ ആ സിനിമയിലേക്ക് കടന്ന് വരാനുള്ള സാഹചര്യവും അന്നത്തെ അനുഭവങ്ങളും വ്യക്തമാക്കുകയാണ് താരം.

അന്ന് താൻ പങ്കെടുത്ത ഓഡിഷൻ കണ്ടാൽ ലഭിച്ച സ്റ്റേറ്റ് അവാർഡ് തിരികെ വാങ്ങുമെന്ന് തമാശയായി പറയുകയാണ് താരം. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഫ്രണ്ട്സ് ഒരു സിനിമയെടുക്കാൻ പോവുകയാണെന്ന് മാത്രമേ അന്ന് അനുരാ​ഗ കരിക്കിൻ വെള്ളത്തിനെ കുറിച്ച് താരത്തിന് അറിവുണ്ടായിരുന്നുള്ളു. ഏതാണ് സിനിമയെന്നോ അതിന്റെ മറ്റ് വിവരങ്ങളെപ്പറ്റിയോ താരം അറിഞ്ഞിരുന്നില്ല.

ആസിഫിന്റെ പെയർ ആയിട്ട് ചെയ്യാൻ ഒരു പെൺകുട്ടിയെ കിട്ടുമോ എന്ന് ഒരു ദിവസം റഹ്മാൻ എന്നോട് ചോദിക്കുകയായിരുന്നു. അങ്ങനെ എന്റെ ഫോണിൽ ഉണ്ടായിരുന്ന കുറേ കുട്ടികളുടെ ഫോട്ടോ കാണിച്ചു കൊടുത്തു. പക്ഷേ റഹ്മാന് അതൊന്നും ഇഷ്ടപ്പെട്ടില്ല. എന്നെ കളിപ്പിക്കുകയായിരുന്നു അവർ. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് എന്നോട് ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നു.

അങ്ങനെ ഒരു ഓ‍ഡിഷനൊക്കെ ചെയ്തു. അതൊക്കെ കണ്ടാൽ തന്ന സ്റ്റേറ്റ് അവാർഡ് സർക്കാർ തിരികെ വാങ്ങി പോയനേ. കഥാപാത്രത്തെ എങ്ങനെ കൃത്യമായി അവതരിപ്പിക്കുമെന്നതിൽ ഭയങ്കര ടെൻഷനായിരുന്നു. അമിതമായാലും തീരെ കുറഞ്ഞാലും മോശമാകും.

സിനിമയുടെ ഫസ്റ്റ് ഷോട്ടൊക്കെ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്, ഇതാണ് എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്നതെന്ന്. പിന്നീട് സിനിമ പുറത്ത് വരുമ്പോൾ ആളുകളുടെ പ്രതികരണമൊക്കെ കാണുമ്പോഴാണ് അഭിനയം എനിക്ക് സാധിക്കുമെന്നും ഇതാണ് എനിക്ക് സന്തോഷം തരുന്നതെന്നും ഞാൻ മനസിലാക്കുന്നത്- രജിഷ മനസ് തുറന്നു.

‘ലവ്ഫുളി യുവേഴ്സ് വേദ’യാണ് രജിഷയുടെ ഏറ്റവും പുതിയ സിനിമ. ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല, രജിഷ ഇതുവരെ ചെയ്തതിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിലുള്ള കഥാപാത്രമാണ് ലവ്ഫുളി യുവേഴ്സ് വേദയിലേത്.