“അവൻ സോറി പറഞ്ഞു, അതിനുള്ള ശിക്ഷയും കൊടുത്തു, വീണ്ടുമെന്തിനാണ്?”; മനസ് തുറന്ന് രജിഷ വിജയൻ| Rajisha Vijayan| Aparna Balamurali
ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ഹൃദയത്തിലിടം നേടിയ നടിയാണ് രജിഷ വിജയൻ. ജേണലിസം ബിരുദദാരിയായ താരം ടെലിവിഷൻ അവതാരകയിൽ നിന്നും സിനിമാ താരമായി വളർന്നയാളാണ്. മലയൻ കുഞ്ഞ്, തമിഴ് ചിത്രം ജയ് ഭീം എന്നിവയായിരുന്നു രജിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.
ഇപ്പോൾ താരം മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാവുന്നത്. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി തൃശൂർ ലോ കോളജിലെത്തിയ അപർണ്ണ ബാലമുരളിയോട് അവിടുത്തെ ഒരു വിദ്യാർത്ഥി മോശമായി ഇടപെട്ടത് വലിയ വാർത്തയായിട്ടുണ്ടായിരുന്നു.
ആ വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കുകയും വിദ്യാർത്ഥി മാപ്പ് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. സംഭവം സമൂഹമാധ്യമത്തിൽ ചർച്ചയായതോടെ വിവിധ തലങ്ങളിലുള്ള ആളുകൾ അഭിപ്രായ പ്രകടനങ്ങളുമായെത്തിയിരുന്നു. പ്രസ്തുത വിഷയത്തിൽ അഭിപ്രായമെന്താണെന്ന് അവതാരകൻ ചോദിക്കുമ്പോൾ മറുപടി പറയുകയാണ് രജിഷ വിജയൻ.
ആ വിഷയമൊക്കെ അവസാനിച്ചെന്നും ഇനിയതിനെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ലെന്നുമാണ് രജിഷയുടെ അഭിപ്രായം. ‘ആ പ്രശ്നം അവസാനിച്ചു. നമ്മൾ വീണ്ടും വീണ്ടും അത് പറയേണ്ട കാര്യമില്ല. അവൻ സോറി പറയുകയും ചെയ്തു. അത് വീണ്ടും കൊണ്ടു വരേണ്ട. സോറിയും പറഞ്ഞു, അതിനുള്ള ശിക്ഷയും കൊടുത്തു. എനിക്ക് സിനിമയുടെ പ്രൊമോഷൻ സമയത്തോ സെറ്റിലോ അങ്ങനെ ഉണ്ടായിട്ടില്ല. അല്ലാത്ത സമയത്ത് ഫേസ് ചെയ്തിട്ടുണ്ട്,’- താരം വ്യക്തമാക്കി.
കൂടാതെ, അഭിമുഖത്തിനിടെ മറ്റ് താരങ്ങളോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന ക്ലീഷേ ചോദ്യം തനിക്കിഷ്ടമല്ല എന്നും താരം പറഞ്ഞു. ‘നമ്മളെല്ലാവരും നോക്കിക്കാണുന്ന ആക്ടേർസാണ് ഇവരാെക്കെയും’
‘തീർച്ചയായും നല്ല അനുഭവമായിരിക്കും. മോശം എക്സ്പീരിയൻസ് ഉണ്ടെങ്കിലും ആരും പറയാൻ പോവുന്നില്ല. ഞാൻ വന്നിരിക്കുന്നത് ഈ പറഞ്ഞ ഏതെങ്കിലും ആക്ടറുടെ പടത്തിന്റെ പ്രൊമോഷനാണെങ്കിൽ ആ ചോദ്യം കുഴപ്പമില്ല. ആ സിനിമയും കഴിഞ്ഞ് അടുത്ത പടത്തിന്റെ പ്രൊമോഷന് വന്നിരിക്കുമ്പോഴും അത് തന്നെ ചോദിക്കുന്നു’.
താൻ ടെലിവിഷൻ അവതാരികയായിരുന്ന സമയത്ത് താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചിരുന്നില്ലെന്നാണ് രജിഷ പറയുന്നത്. അവർക്ക് സംസാരിക്കാൻ താൽപര്യമില്ലെങ്കിൽ അത് ചോദിക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. അത് ബേസിക് എത്തിക്സാണെന്നും നടി അഭിപ്രായപ്പെട്ടു. സിനിമയിലുടനീളമുള്ള വേഷങ്ങളും കുറച്ച് സമയം മാത്രമുള്ള വേഷങ്ങളും ചെയ്യാറുണ്ട്. കഥ നോക്കിയാണ് സിനിമ തെരഞ്ഞെടുക്കാറെന്നും നടി വ്യക്തമാക്കി.