‘മതപരമായ വിവേചനം ഇക്കാലത്തും നിലനില്‍ക്കുന്നതില്‍ നിരാശയുണ്ട്’; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിയതിനെ കുറിച്ച് അമലാ പോൾ, പ്രതികരണവുമായി രാഹുൽ ഈശ്വറും
കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ പന്ത്രണ്ട് ദിവസത്തെ നടതുറപ്പുത്സവത്തിന്റെ ഭാഗമായി ദർശനത്തിനെത്തിയ തെന്നിന്ത്യൻ സിനിമാ താരം അമലാ പോളിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അമലാ പോളിന് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പ്രതികരണവുമായി ഇപ്പോൾ രാഹുൽ ഈശ്വറും രംഗത്തെത്തിയിട്ടുണ്ട്. അമ്പലത്തിന്റെ ഭാഗത്ത് നിന്ന് ഈ വിഷയം മനസിലാക്കണമെന്നും അമ്പലത്തിൽ ഒരു കീഴ് വഴക്കമോ നിയമമോ ചട്ടമോ ഉണ്ടെങ്കിൽ, വിശ്വാസികളല്ലാത്തവർ കയറരുത് എന്നുണ്ടെങ്കിൽ അമ്പലത്തിന്റെ ആൾക്കാർക്ക് അത് ലംഘിക്കാൻ കഴിയില്ല എന്നുമാണ് അമലാ പോളിന്റെ ക്ഷേത്ര പ്രവേശനം നിഷേധിച്ചതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വർ നടത്തിയ പ്രതികരണം.
ഹിന്ദുമതവിശ്വാസികൾക്ക് മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ എന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ നടിക്ക് ദർശനം നിഷേധിച്ചത്. ക്ഷേത്രഭാരവാഹികൾ തടഞ്ഞതിനെ തുടർന്ന് ക്ഷേത്രത്തിനകത്ത് കടക്കാതെ അമലാ പോൾ റോഡിൽ നിന്ന് ദേവീ ദർശനം നടത്തി പ്രസാദവും വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു.
ക്ഷേത്രത്തിൽ നിന്ന് മടങ്ങി പോകുന്നതിന് മുൻപായി ക്ഷേത്ര രജിസ്റ്ററിൽ അമലാ പോൾ എഴുതി ചേർത്ത കുറിപ്പും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ‘മതപരമായ വിവേചനം ഇക്കാലത്തും നിലനില്‍ക്കുന്നതില്‍ നിരാശയുണ്ട്. ദേവിയുടെ അടുത്ത് പോകാന്‍ സാധിച്ചില്ല. അകലെ നിന്ന് ചൈതന്യം അനുഭവിച്ചു. മത വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി എല്ലാവരെയും പരിഗണിക്കുന്ന കാലം വരുമെന്നുമാണ് അവർ കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിലേത് പോലെ ഹിന്ദുമതസ്ഥര്‍ക്ക് മാത്രമാണ് നിലവില്‍ ക്ഷേത്രത്തിൽ പ്രവേശനം നല്‍കുന്നതെന്നും ആചാരങ്ങള്‍ പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതര മതസ്ഥര്‍ ക്ഷേത്രത്തില്‍ വരുന്നുണ്ടാകാം. അതാരും അറിയുന്നില്ല. എന്നാല്‍ സെലിബ്രിറ്റികൾ വന്നാല്‍ എല്ലാവരും അറിയാനും വിവാദമാകാനും ഇടയുണ്ടെന്നും ഇതര മതവിശ്വാസിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് തടസമുണ്ടെന്നുമാണ് ക്ഷേത്ര ഭാരവാഹികൾ ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.
ഏത് മതസ്ഥരാണെങ്കിലും വിശ്വാസികളായവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ക്ഷേത്രാചാര സംരക്ഷണത്തിന്റെ ചിട്ടവട്ടങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഇതര മതസ്ഥരായ വിശ്വാസികൾക്ക് ക്ഷേത്ര ദർശനത്തിനുള്ള അനുവാദം നിഷേധിക്കുന്നത് കേരളത്തെ സംബന്ധിച്ച് ആദ്യത്തെ സംഭവമല്ല. ഗാനഗന്ധർവ്വൻ യേശുദാസ് ഉൾപ്പെടെയുള്ള പല പ്രമുഖരും ഇത്തരം അവസ്ഥയിലൂടെ മുൻപും കടന്നുപോയിട്ടുണ്ട്.