”എനിക്കറിഞ്ഞൂടാ എന്ന് പറഞ്ഞത് വെറുതെയല്ല, എനിക്കവനെ വേണം; കീരിക്കാടൻ ജോസ് ശരിക്കും അങ്ങനെ പറഞ്ഞത് എന്നോടാണ്”|punnapra appachan | Mohanlal


മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നടനാണ് പുന്നപ്ര അപ്പച്ചൻ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകളിൽ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു എന്ന് തന്നെ വേണം പറയാൻ. ഇപ്പോൾ തന്റെ പഴയകാല സിനിമാ അനുഭവങ്ങൾ പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് അ​ദ്ദേഹം. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നായ കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് എന്ന അവിസ്മരണീയ കഥാപാത്രത്തിന്റെ അസിസ്റ്റന്റായി അഭിനയിച്ചത് പുന്നപ്ര അപ്പച്ചൻ ആയിരുന്നു. മോഹൻ ജോസ് അവതരിപ്പിച്ച കീരിക്കാടൻ ജോസിനെ മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവൻ കുത്തുന്നത് സിനിമയിലെ നിർണ്ണായക രം​ഗമായിരുന്നു.

കുത്തേറ്റ് കിടക്കുന്ന ജോസിനോട് നടൻ മുരളിയുടെ കഥാപാത്രം ആരാണിത് ചെയ്തതെന്ന് ചോദിക്കുമ്പോൾ എനിക്കറിയില്ല എന്നായിരുന്നു മറുപടി. ആ സമയത്താണ് പുന്നപ്ര പാപ്പച്ചൻ അവതരിപ്പിച്ച കഥാപാത്രത്തോട് എനിക്കറിഞ്ഞൂടാ എന്ന് പറഞ്ഞത് വെറുതെയല്ല, എനിക്കവനെ വേണം എന്ന് പറയുന്നത്. അവിടെ നിന്നങ്ങോട്ട് സിനിമയുടെ ​ഗതി പാടേ മാറി. മാത്രമല്ല, മോഹൻലാലിനോളം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി കീരിക്കാടൻ ജോസ് മാറുകയും ചെയ്തു.

എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥനയാ മോഹൻ ജോസിന്റെ ആദ്യത്തെ സിനിമയായിരുന്നു കിരീടം. പിന്നീട് ധാരാളം സിനിമകളിൽ വലുതും ചെറുതുമായ വില്ലൻ വേഷങ്ങൾ ചെയ്തെങ്കിലും കീരിക്കാടൻ ജോസിനോളം ഹിറ്റായ കഥാപാത്രം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നാണ് പുന്നപ്ര അപ്പച്ചന്റെ അഭിപ്രായം.

സന്ദേശം സിനിമയിൽ അഭിനയിക്കുമ്പോഴുണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ”ചിത്രത്തിൽ മാമുക്കോയയുടെ കഥാപാത്രം അസാദ്ധ്യ പ്രകടനമായിരുന്നു. ബോഡി ലാം​ഗ്വേജ് എല്ലാം കൃത്യമായിരുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു നേതാവ് വരുമ്പോൾ ഇവിടെയുള്ള സാധാരണ പാർട്ടി പ്രവർത്തകർ എങ്ങനെ പെരുമാറുന്നോ, അങ്ങനെത്തന്നെയായിരുന്നു മാമുക്കോയ അഭിനയിച്ചത്.

ഞാൻ ഇപ്പോഴും ഇടയ്ക്ക് അദ്ദേഹത്തെ വിളിക്കാറുണ്ട്. ഈയടുത്ത് സുഖമില്ലാതെ ഇരിക്കുകയായിരുന്നു. കുറച്ച് കാലം ശബ്മെല്ലാം പോയി, ഇപ്പോൾ ശരിയായെന്ന് തോന്നുന്നു. പുതിയ ഒരു വർക്ക് വന്നിട്ടുണ്ടെന്ന് പറഞ്ഞു”- അദ്ദേഹം പറഞ്ഞ് നിർത്തി. മോഹൻ ജോസുമായും തനിക്ക് ഇപ്പോഴും കോൺടാക്റ്റ് ഉണ്ടെന്നും ഇടയ്ക്ക് വിളിക്കാറുണ്ടെന്നും അ​ദ്ദേഹം വ്യക്തമാക്കി.

1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് പുന്നപ്ര പാപ്പച്ചൻ അഭിനയരം​ഗത്തേക്ക് കടന്നു വരുന്നത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം – എന്ന സിനിമയിൽ തുടങ്ങി പിന്നീട് അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന് അഭിനയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെയും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.