”അത് വിശ്വസിക്കാനാണ് തോന്നുന്നത്, കാരണം…” കൊല്ലം സ്വദേശി ജയന്റെ മകനാണെന്ന അവകാശവാദവുമായി വന്ന സംഭവത്തില്‍ പഴയകാല സിനിമാതാരത്തിന് പറയാനുള്ളത് കേട്ടുനോക്കൂ.. Punnapra Appachan| Prem Nazir | Jayan


ലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേനേടിയ കലാകാരനാണ് പുന്നപ്ര അപ്പച്ചന്‍. സിനിമയില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹം പഴയ കാല സിനിമാ താരങ്ങളായ ജയനെയും പ്രേംനസീറിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമ അനുഭവങ്ങള്‍ പങ്കുവെച്ചത്.

അനശ്വര നടന്‍ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ ബന്ധുത്വത്തെ ചൊല്ലി ചില വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അദ്ദേഹത്തിന്റെ മകന്‍ എന്ന അവകാശവാദവുമായി 2001ല്‍ കൊല്ലം സ്വദേശി മുരളി ജയന്‍ രംഗത്തുവന്നത്. എന്നാല്‍ ജയന്റെ അടുത്ത ബന്ധുക്കള്‍ ഇതിനെതിരെ രംഗത്തുവരികയും മുരളിയുടെ വാദത്തെ ചോദ്യം ചെയ്യുകയുും ചെയ്തിരുന്നു. എന്നാല്‍ മുരളി പറഞ്ഞത് വിശ്വസിക്കാനാണ് തനിക്ക് തോന്നുന്നത് എന്നാണ് പുന്നപ്ര അപ്പച്ചന്‍ പറയുന്നത്.

അതിന് അദ്ദേഹം നല്‍കുന്ന വിശദീകരണം ഇങ്ങനെ:

” അത് വിശ്വസിക്കാനാണ് തോന്നുന്നത്. കാരണം അദ്ദേഹവുമായിട്ട് നല്ല സാമ്യമുണ്ട്. ഇത്രയും പ്രായമായിട്ട് ഇരിക്കുന്നെങ്കില്‍ പോലും ജയന്റെ ഒരു ലക്ഷണമൊക്കെയുണ്ടായിരുന്നു.”

”ആ കാലഘട്ടത്തിലൊന്നും ഞാന്‍ ജയന്റെ മകനെന്ന് പറഞ്ഞയാളെ കണ്ടിട്ടില്ല. പക്ഷേ അന്ന് പറയുന്നുണ്ട് ഇന്ന സ്ഥലത്തൊരു മകനുണ്ട് എന്നൊക്കെ പറഞ്ഞ് സംസാര വിഷയമുണ്ട്. പക്ഷേ അതൊന്നും പുള്ളി അംഗീകരിക്കുകയൊന്നും ചെയ്തിട്ടില്ല. കല്ല്യാണം കഴിച്ചതായും നമ്മള്‍ക്ക് അറിഞ്ഞുകൂടാ. ഇപ്പോള്‍ കണ്ടു കഴിഞ്ഞാല്‍ പത്തറുപത് വയസെങ്കിലും പറയാമെന്ന് തോന്നുന്നു. ഞാന്‍ എവിടെയൊ ഒരു ഫോട്ടോ കണ്ടപ്പോള്‍ നല്ലൊരു സാമ്യം തോന്നിയായിരുന്നു. അത് പറയാമല്ലോ.”

ഡി.എന്‍.എ ടെസ്റ്റിന് വരെ തയ്യാറാണെന്ന് അയാള്‍ പറഞ്ഞിരുന്നല്ലോയെന്ന് ചോദിച്ചപ്പോള്‍ ”അയാള്‍ ഇങ്ങനെ നിര്‍ബന്ധമായി പറയുമ്പോള്‍ ഒരുപക്ഷേ ശരിയായിരിക്കാന്‍ സാധ്യതയുണ്ട്.” അദ്ദേഹം പറയുന്നു.

പ്രേംനസീറിന് മകന്‍ ഷാനവാസിനെ സിനിമയിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന കാര്യവും അദ്ദേഹം ഒരു സംഭവം ഓര്‍ത്തെടുത്തുകൊണ്ട് പറഞ്ഞു. ”രസകരമായ ഒരു സംഭവമുണ്ട്. നസീര്‍ സാറ് ഡേറ്റ് ഇല്ലെന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസര്‍ അദ്ദേഹത്തോട് പറഞ്ഞു, ഷാനവാസിന് ഞാന്‍ ഇതിനകത്ത് നല്ലൊരു വേഷം കൊടുക്കുന്നുണ്ട്. ആണോ അവന്‍ അഭിനയിക്കുമോ! ‘അഭിനയിക്കുമെന്നറിയാം സാര്‍, ഞങ്ങളൊരു വേഷം കൊടുക്കുന്നുണ്ട്’ എന്ന് പ്രൊഡ്യൂസര്‍ മറുപടി പറഞ്ഞു. അപ്പോള്‍ നസീര്‍ ഡേറ്റ് ഞാന്‍ തരാം എന്നായി. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറഞ്ഞതുപോലെ മകനൊരു വേഷം കൊടുക്കുന്നുണ്ട് എന്നു പറഞ്ഞപ്പോള്‍ മറ്റതിന്റകത്ത് ലാഘവത്വം വന്നു.”

നസീറിന്റെ മകനാണെന്ന് പറഞ്ഞാലും അഭിനയത്തിന്റെ പോരായ്മകൊണ്ടാവും അദ്ദേഹത്തിന് തിളങ്ങാനാവാഞ്ഞത്. അല്ലെങ്കില്‍ വലിയ നിലയില്‍ ഉയര്‍ന്നുവന്നേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.