ഇന്നവന്റെ കണ്ണിൽ പുലിയെ കൊല്ലണം എന്ന തീക്ഷ്ണതയല്ല, മാറിനിൽക്കേണ്ടി വന്നവന്റെ നിസ്സഹായതയാണ്; ‘പുലിമുരുകൻ’ താരം അജാസ് ഇവിടെയുണ്ട്
മലയാള സിനിമാ ചരിത്രത്തിൽ തന്നെ മികച്ച ബോക്സ്ഓഫിസ് വിജയം കൈവരിച്ച ചിത്രമായിരുന്നു 2016ൽ പുറത്തിറങ്ങിയ പുലിമുരുകൻ. 152 കോടി രൂപയായിരുന്നു മോഹൻലാലിനെ നായകനാക്കി വൈശാഖൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ബോക്സ്ഓഫിസ് വിജയം. ഇതിന് ശേഷം 2017ൽ ഹോട്ട്സ്റ്റാറിലും വൻ വിജയമായിരുന്നു.
ഒട്ടുമിക്ക പ്രേക്ഷകരും ഒന്നിലധികം തവണയാണ് ചിത്രം തിയേറ്ററിൽ പോയി കണ്ടത്. അതുകൊണ്ട്തന്നെ പുലിമുരുകനിലെ ഓരോ കഥാപാത്രങ്ങളെയും ആളുകൾ ഇന്നും ഓർത്തിരിക്കുന്നുണ്ടായിരിക്കും. ഇതിൽ മോഹൻലാലിന്റെ മുരുകൻ എന്ന കഥാപാത്രത്തെപ്പോലെത്തന്നെ പ്രാധാന്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിച്ച അജാസിന്റെയും. ചെറിയ കുട്ടികൾക്ക് കൂടി ഈ സിനിമ പ്രിയപ്പെട്ടതാകാൻ കാരണമായത് അജാസിന്റെ അസാധ്യ പ്രകടനം കൂടിയാണെന്ന് സംശയമില്ലാതെ സ്ഥാപിക്കാം.
എന്നാലിപ്പോൾ നമ്മുടെ ജൂനിയർ പുലിമുരുകൻ എവിടെയാണെന്ന് നമ്മളിലെത്രപേർക്കറിയാം? സിനിമയുടെ ആഘോഷങ്ങളെല്ലാം അടങ്ങിയതിനോടൊപ്പം ആ കുഞ്ഞു താരവും എല്ലാവരുടെയും കൺവെട്ടത്ത് നിന്ന് മാഞ്ഞ്പോയി. ഇന്നവൻ പുലിമുരുകനല്ല, ഒരു സാധാരണ ഗ്രാമത്തിലെ ഗവൺമെന്റ് സ്കൂളിൽ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയാണ്. അതും അധികമാരാലും അറിയപ്പെടാതെ താരജാഡകളൊന്നുമില്ലാതെ വളരെ ശാന്തമായൊരു ജീവിതമാണ് അജാസ് ജീവിക്കുന്നത്. എംഎം മഠത്തിൽ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് അജാസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂളിലാണ് അജാസ് പഠിക്കുന്നത്. ആദിച്ചനല്ലൂരിലെ വിളച്ചിക്കാലയാണ് അജാസിന്റെ ജന്മദേശം. മികച്ച ഡാൻസറായ അജാസ് സ്കൂൾ കലോൽസവങ്ങളിൽ കൂടി പങ്കെടുക്കാറില്ലെന്നാണറിഞ്ഞത്. ഈ മാറിനിൽക്കലിന്റെ കാരണമന്വേഷിച്ചപ്പോൾ വേദനയോടുകൂടിയുള്ള പുഞ്ചിയായിരുന്നു മറുപടിയെന്ന് എഴുത്തുകാരൻ പറയുന്നു.
ഇന്നവന്റെ കണ്ണുകളിൽ “പുലിയെ കൊല്ലണം” “എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.. എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്.. സ്കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായ് അവൻ മാറിയിരിക്കുന്നു..അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയേറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോർത്തു..- എംഎം മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.