”അപ്പന്റെ പ്രായമുള്ള എന്നെപ്പോലും മലയാളത്തിലെ നടൻമാർ പേരെടുത്താണ് വിളിക്കുന്നത്, ഒട്ടും ബഹുമാനമില്ല, തമിഴിലെ കാര്യം തീർത്തും വ്യത്യസ്തമാണ്”; തുറന്ന് പറച്ചിലുമായി പ്രൊഡക്ഷൻ കൺട്രോളർ എ കബീർ| A Kabeer| Rajanikanth| Vijay


മലയാളികളായ നടൻമാർക്ക് ബഹുമാനത്തോടെ പെരുമാറാനറിയില്ലെന്ന് സംവിധായകൻ ഫാസിലിന്റെ സന്തത സഹചാരിയും മലയാളസിനിമയിലെ അറിയപ്പെടുന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ശ്രീ എ കബീർ. അപ്പന്റെ പ്രായമുള്ള തന്നെപ്പോലും പേരാണ് വിളിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അതേസമയം തമിഴ് ഫിലിം ഇൻഡസ്ട്രിയിലേക്ക് പോയാൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. രജനീകാന്ത്, വിജയ്, കമൽഹാസൻ തുടങ്ങിയവരെയെല്ലാം താൻ സർ എന്ന് വിളിക്കുമ്പോൾ അവർ തിരിച്ചും തന്നെ അങ്ങനെയാണ് വിളിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നടിയും സംവിധായികയുമായ സുഹാസിനി, ചേരൻ, സുധീപ് തുടങ്ങിയവരെല്ലാം കബീറിന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച കഥയും അദ്ദേഹം പറയുന്നു.

”രജനീകാന്തിനെ ഞാൻ സർ എന്ന് വിളിക്കും. അദ്ദേഹം എന്നെ തിരിച്ച് കബീർ സർ എന്നാണ് വിളിക്കുന്നത്. തമിഴിലെ സംസ്കാരം അതാണ്. വിജയ്ക്കൊപ്പം ഞാൻ 3, 4 പടങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹവും എന്നെ സർ എന്ന് തന്നെയാണ് വിളിക്കുന്നത്, അതാണ് തമിഴന്റെ സംസ്കാരം. എന്നാൽ മലയാളി വേറെയാണ്. ഡാ കബീർ എന്നായിരിക്കും വിളിക്കുക. വാപ്പായുടെ പ്രായമുള്ള എന്നെയും കബീർ എന്നേ വിളിക്കുകയുള്ളു മലയാള നടൻമാർ”- കബീർ പറയുന്നു.

അതേസമയം, അദ്ദേഹം പറഞ്ഞത് പഴയകാര്യമാണ് ഇപ്പോൾ മലയാളത്തിലെ ന്യൂ ജനറേഷൻ നടൻമാർ അങ്ങനെയല്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് പക്ഷേ അദ്ദേഹം സീനിയർ ആയതുകൊണ്ടും ഫാസിലിന്റെ അടുത്ത ആൾ ആയത് കൊണ്ടുമാണെന്നും പറയുന്നു.

”ഞാനൊരു സീനിയർ ആണെന്നും പ്ര​ഗത്ഭനായ സംവിധായകൻ ഫാസിലിന്റെ അടുത്ത ആളാണെന്നുമുള്ള ടാ​ഗ് വെച്ച് ഇപ്പോഴത്തെ നടൻമാർ പെരുമാറും. സാധാരണ ഒരു മാനേജർ എന്നതിലുപരി ഫാസിൽ സാറിന്റെ ആളാണെന്നുള്ള ഒരു റെസ്പെക്റ്റ് എനിക്ക് കിട്ടുന്നുണ്ട്, അത് വേറെ കാര്യം”- അദ്ദേഹം വ്യക്തമാക്കി.

അതേസമയം തമിഴ് നടൻമാർ മാത്രമല്ല, തെലുങ്ക് നടൻമാരും വളരെ ബഹുമാനത്തിൽ ആണ് പെരുമാറുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നന്ദമൂരി ബാലകൃഷ്ണൻ, അല്ലു അർജുൻ തുടങ്ങിയവരുടെയെല്ലാം കൂടെ താൻ ജോലി ചെയ്തിട്ടുണ്ട്. അവരെല്ലാം എന്ത് സ്നേഹമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അവർക്ക് കേരളത്തിൽ വരുമ്പോൾ നല്ല ഭക്ഷണം മതി. കമൽ ഹാസന് നമ്മുടെ നാട്ടിലെ പുട്ടും ചെറുപയറും പപ്പടവുമാണ് ഏറ്റവും ഇഷ്ടം എന്നും അദ്ദേഹം പറയുന്നു.