‘പ്രിയദര്‍ശന് എന്നെ ഇഷ്ടമല്ലായിരുന്നു, എന്റെ പല ഡയലോഗുകളും വെട്ടി, ഒടുവില്‍ പ്രിയന്റെ പിണക്കം മാറിയത് ഈ സംഭവത്തിന് ശേഷം’; നടന്‍ മുകേഷ് പറയുന്നു | Actor Mukesh shares a memory about Director Priyadarshan


സിനിമയിലും ജീവിതത്തിലും കോമഡി കൊണ്ട് ശ്രദ്ധേയനായ നടനാണ് മുകേഷ്. നിരവധി ചിത്രങ്ങളില്‍ നായകനായും സഹതാരവുമായും എല്ലാം മലയാളികളുടെ മനം കവര്‍ന്ന മുകേഷിന്റെ പഴയകാല കോമഡി ചിത്രങ്ങളാണ് ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നത്.

മുകേഷിന്റെ കോമഡി ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ട് കളയാന്‍ പാടില്ലാത്ത പേരാണ് സംവിധായകന്‍ പ്രിയദര്‍ശന്റെത്. മുകേഷിന്റെ നര്‍മ്മരംഗങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് പ്രിയദര്‍ശനാണ്. ഒടരുതമ്മാവാ ആളറിയാം, അക്കരെ അക്കരെ അക്കരെ, കാക്കക്കുയില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ മരക്കാര്‍:അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ വരെ മുകേഷ് ഉണ്ട്.


Also Read: തിയേറ്റര്‍ ഹിറ്റില്ലെങ്കിലും മലയാളികളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളവരില്‍ മോഹന്‍ലാല്‍; ലിസ്റ്റില്‍ ഇടംനേടാനാകാതെ ദുല്‍ഖര്‍ സല്‍മാന്‍-ഓര്‍മാക്‌സിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ അറിയാം


പ്രയദര്‍ശനൊപ്പം ആദ്യമായി അഭിനയിക്കാനെത്തിയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മുകേഷ് ഇപ്പോള്‍. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലാണ് പ്രിയദര്‍ശനും മുകേഷും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ചും പിന്നീട് അത് മാറിയതിനെ കുറിച്ചുമാണ് മുകേഷ് സംസാരിച്ചത്.

കോഴിക്കോട് ബീച്ചില്‍ നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് (കെ.എല്‍.എഫ്) മുകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെ.എല്‍.എഫിലെ മുകേഷ് കഥകള്‍ റീലോഡഡ് എന്ന പരിപാടിയില്‍ ആര്‍.ജെ പ്രിയയുമായുള്ള സംഭാഷണത്തിന് ഇടയിലാണ് മുകേഷ് തന്റെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവച്ചത്. സംവിധായകന്‍ പ്രിയദര്‍ശന് ആദ്യം തന്നെ ഇഷ്ടമല്ലായിരുന്നുവെന്ന് പരിപാടിയില്‍ മുകേഷ് പറഞ്ഞു.


Hot News: ”ഭയങ്കര സാധനാ, വലിയ വഴക്കാളി, കല്ല്യാണക്കാര്യം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ….” നടി ഹണി റോസിനെക്കുറിച്ച് അമ്മയുടെ വെളിപ്പെടുത്തല്‍


‘പ്രിയന് എന്നെ ഇഷ്ടമല്ലായിരുന്നു. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലാണ് ഞാനും പ്രിയനും ആദ്യമായി ഒന്നിക്കുന്നത്. ശ്രീനിവാസനാണ് എഴുത്ത്. ശ്രീനിയുടെ സുഹൃത്തായാണ് ഞാന്‍ എത്തുന്നത്. പ്രിയന്‍ എന്നോട് നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും പല കാര്യങ്ങളും കണ്ടപ്പോള്‍ എനിക്ക് മനസിലായി പ്രിയന് എന്നോട് താല്‍പ്പര്യമില്ല എന്ന്.’ -മുകേഷ് പറഞ്ഞു.

‘സീന്‍ എടുക്കുന്നതിന് മുമ്പ് ‘ഇയാള്‍ക്കെന്തിനാണ് ഇത്ര ഡയലോഗ്’ എന്ന് പറഞ്ഞ് എന്റെ ഡയലോഗുകള്‍ പലതും പ്രിയന്‍ വെട്ടിക്കളയുമായിരുന്നു. പിന്നീടാണ് എനിക്ക് ഡയലോഗുകള്‍ വളരെ കുറവാണെന്ന കാര്യം ഞാനും ശ്രദ്ധിച്ചത്. എന്താ കാര്യമെന്ന് അപ്പോള്‍ എനിക്ക് മനസിലായില്ല. ഞാന്‍ ചോദിച്ചുമില്ല. എന്നാല്‍ പിന്നീട് ഉണ്ടായ ഒരു സംഭവത്തിലൂടെയാണ് പ്രിയന്റെ പിണക്കം മാറിയതും ഇങ്ങനെയൊരു പിണക്കം ഉണ്ടായിരുന്നുവെന്നും ഞാന്‍ അറിയുന്നത്.’ -മുകേഷ് തുടര്‍ന്നു.

‘ഞാനും ശ്രീനിയും ജഗദീഷുമെല്ലാം ലിസിയെ രകാണാനായി വീട്ടില്‍ നിന്ന് പോകുന്ന സീനാണ് ഷൂട്ട് ചെയ്യുന്നത്. മൂന്ന് പേരും ഓരോ കാരണം പറഞ്ഞ് ഇറങ്ങി അവസാനം ലിസിയുടെ അടുത്താണ് ചെല്ലുക. ഞാന്‍ പോകാനിറങ്ങുന്ന സീന്‍ എടുക്കുമ്പോഴാണ് രസകരമായ സംഭവനമുണ്ടായത്. ഞാന്‍ പാന്റും ഷര്‍ട്ടും ഇന്‍സര്‍ട്ട് ചെയ്ത് കൂളിങ് ഗ്ലാസുമിട്ട് പോകാനിറങ്ങുമ്പോള്‍ ശ്രീനിയും ജഗദീഷും എവിടെ പോകുകയാണെന്ന് ചോദിക്കും. മറുപടിയായി കൊല്ലത്തുള്ള എന്റെ ചിറ്റപ്പന്റെ കുഞ്ഞമ്മേടെ മകളുടെ ഭര്‍ത്താവ് മരിച്ചുവെന്ന് ഞാന്‍ പറയും. എന്നിട്ട് ഞങ്ങളോട് ഇതുവരെ പറഞ്ഞില്ലല്ലോ എന്ന് ചോദിക്കുമ്പോള്‍ എന്തിന് വെറുതേ നിങ്ങളെ കൂടി ദുഃഖത്തിലാഴ്ത്തണമെന്ന് ഞാന്‍. നിന്റെ ചിറ്റപ്പന്റെ കുഞ്ഞമ്മേടെ മകളുടെ ഭര്‍ത്താവ് മരിച്ചാല്‍ നമുക്കെന്ത് ദുഃഖമെന്ന് ജഗദീഷും നീ ചത്താലും ഞങ്ങക്ക് സന്തോഷമേ ഉള്ളൂവെന്ന് ശ്രീനിയും പറയും. ഇതാണ് സീന്‍.’ -മുകേഷ് തുടര്‍ന്നു.


Also Read: ‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്, സംവിധായകന്‍ ചെയ്തത് പച്ചയ്ക്ക് പറ്റിക്കുന്ന പരിപാടി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ് 


‘ഈ സീനില്‍ എനിക്ക് ഇത്ര ഡയലോഗ് തന്നത് പോലും പ്രിയന് ഇഷ്ടമായിരുന്നില്ല. ശ്രീനി എന്തൊക്കെയോ പറഞ്ഞാണ് സമ്മതിപ്പിച്ചത്. അങ്ങനെ സീന്‍ എടുക്കുന്ന സമയമെത്തി. നീ ചത്താലും ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ എന്ന ശ്രീനിയുടെ ഡയലോഗ് കഴിഞ്ഞ് ഞാന്‍ പുറത്തേക്ക് പോകണം. അപ്പോഴാണ് അവിടെ ഒരു പെര്‍ഫ്യൂമിന്റെ കുപ്പി കണ്ടത്. ശ്രീനിയുടെ ഡയലോഗ് കഴിഞ്ഞ ഉടനെ ഞാന്‍ ആ പെര്‍ഫ്യൂമെടുത്ത് ചറപറാ അടിച്ചിട്ട് പുറത്തേക്കിറങ്ങി. മരണവീട്ടിലേക്ക് പോകുന്ന ആളാണ് പെര്‍ഫ്യൂം അടിക്കുന്നത്. ഈ വൈരുധ്യമാണ് അതിലെ കോമഡി. ഇത് കണ്ടതും പ്രിയന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഓടി എന്റടുത്തേക്ക് വന്നിട്ട് പറഞ്ഞു, വലിയ നടന്മാര്‍ക്ക് പോലും ചെയ്യാന്‍ പറ്റാത്ത സംഗതിയാണ് നീ ചെയ്തത് എന്ന്. അപ്പോള്‍ മുതലാണ് പ്രിയനും ഞാനും അടുത്ത സുഹൃത്തുക്കളാകുന്നത്. എന്നെ ഇഷ്ടമല്ലാതിരുന്ന കാര്യവും ഡയലോഗ് വെട്ടിയ കാര്യവുമെല്ലാം പ്രിയന്‍ എന്നോട് പറഞ്ഞു. പിന്നീടുള്ള സീനുകളില്‍ എനിക്ക് പ്രാധാന്യത്തോടെയുള്ള ഡയലോഗുകളും ഉണ്ടായിരുന്നു. കോമഡി എന്നെ രക്ഷിച്ച ഒരു സംഭവമാണ് ഇത്.’ -മുകേഷ് പറഞ്ഞുനിര്‍ത്തി.

മുകേഷിന്റെ സ്വതസിദ്ധമായുള്ള അവതരണ ശൈലിയില്‍ ഈ കഥ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഓരോ വാക്കും പ്രേക്ഷകര്‍ കേട്ടത്. സദസ്സില്‍ നിന്നുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് മുകേഷ് ഈ കഥ പറഞ്ഞത്.

English Summary: Director Priyadarshan did not like me in the first time and this incident changed his mind says actor Mukesh.