”ആ പടം കണ്ട ഞാന്‍ ഞെട്ടിക്കരഞ്ഞുപോയി, രാജുവിന്റെ വലിയ മോഹമായിരുന്നു അതില്‍ അഭിനയിക്കുകയെന്നത്” പൃഥ്വിരാജ് നായകനായ ആ ചിത്രത്തെക്കുറിച്ച് മല്ലികാ സുകുമാരന്‍ | Prithviraj | Aadujeevitham | Mallika Sukumaran
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടന്‍ എന്നതിന് പുറമേ സംവിധായകനെന്ന നിലയിലും പൃഥ്വിരാജ് തിളങ്ങിയിരുന്നു. കഥാപാത്രങ്ങള്‍ക്കുവേണ്ടി പൃഥ്വിരാജ് നല്‍കുന്ന ഡെഡിക്കേഷന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ആടുജീവിതം എന്ന സിനിമയുടെ ഫോട്ടോകള്‍ പുറത്തുവന്നപ്പോഴായിരുന്നു. മെലിഞ്ഞ് എല്ലുംതോലുമായി കാണപ്പെട്ട പൃഥ്വിരാജ് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു.
ആ രൂപം പ്രേക്ഷകരെ മാത്രമല്ല തന്നെയും ഏറെ വേദനിപ്പിച്ചെന്ന് പറയുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലികാ സുകുമാരന്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ് തടികുറച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മല്ലികയുടെ പ്രതികരണം.
” തടി കുറച്ചെന്നോ! ഞാന്‍ കണ്ടയുടനെ ഞെട്ടിപ്പോയി. ഞാന്‍ കണ്ട പടം, ഞാനാകെ ഞെട്ടിക്കരഞ്ഞുപോയി, അപ്പോ എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്ന് അവന്‍. ഏതാണ്ട് പത്ത് മുപ്പത്തിയഞ്ച് കിലോ അങ്ങാട്ട് പോയി. വെറും അസ്ഥിപഞ്ചരമായി ഇരിക്കുന്നു, അതിന്റെ കൂടെ ഇത്രയറ്റം നീണ്ട താടിയും.” മല്ലിക പറഞ്ഞു.
”ആ സിനിമ ബ്ലെസിയുടെ വലിയ സ്വപ്‌നമാണ്. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോട് കൂടെയും സാക്ഷാത്കരിക്കപ്പെടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കാരണം എത്രയോ വര്‍ഷമായി ബ്ലെസി അതിനുവേണ്ടി അധ്വാനിക്കുകയാണ്. രാജു അത് അറിഞ്ഞ് അവന്റെ കൂടെ നിന്നുവെന്നുള്ളതാണ്. അവന്റെ വലിയ മോഹമായിരുന്നു ആടുജീവിതത്തില്‍ അഭിനയിക്കുകയെന്നത്. ആ പുസ്തകം വായിച്ച എല്ലാവര്‍ക്കും ഇതൊരു സിനിമയായാല്‍ എങ്ങനെയിരിക്കും എന്ന കൗതുകമുണ്ട്. എനിക്കുമുണ്ട് അത് ഇറങ്ങിക്കിട്ടിയാല്‍ ഒന്നു കാണായിരുന്നു എന്ന ആഗ്രഹം.”
ബെന്ന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ആടുജീവിതം എന്ന ചിത്രമൊരുക്കുന്നത്. ജോലി അന്വേഷിച്ച് ഗള്‍ഫിലെത്തി മണലാരണ്യത്തില്‍ ആടുമേക്കുന്നവനായി വര്‍ഷങ്ങളും ദിവസങ്ങളും പോകുന്നതറിയാതെ കാലങ്ങളോളം ജീവിക്കേണ്ടിവന്ന നജീബിന്റെ അതിജീവനത്തിന്റെ കഥയാണ് ‘ആടുജീവിതം’. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെ അവതരിപ്പിക്കേണ്ടതിനാല്‍ നീണ്ട ഷെഡ്യൂളായിരുന്നു ചിത്രത്തിനുവേണ്ടി താരം നല്‍കിയത്. നാലരവര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രം പൂര്‍ത്തിയാക്കിയത്. വിവിധ രാജ്യങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. അമല പോള്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.