”പേര് പറഞ്ഞാൽ അറിയാൻ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്”: ഒരു വ്യക്തിയെന്ന നിലയിൽ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ഇതുവരെ അറിയില്ലെന്ന് പുരുഷപ്രേതം നായകൻ|Prashanth Alexander| Purusha Pretham


ടെലിവിഷൻ പരിപാടികളിലൂടെ കരിയർ തുടങ്ങിയ താരമാണ് നടൻ പ്രശാന്ത് അലക്സാണ്ടർ. കഠിന പരിശ്രമത്തിലൂടെയാണ് താൻ മിനി സ്ക്രീനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്ക് ചുവടു വെച്ചതെന്ന് പ്രശാന്ത് തന്നെ തന്റെ അഭിമുഖങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രം​ഗപ്രവേശനം ചെയ്തെങ്കിലും ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.

ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചതിന് ശേഷം പ്രശാന്ത് ഇപ്പോൾ മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാണ്. എന്നിരുന്നാലും പ്രശാന്ത് അലക്സാണ്ടർ എന്ന് പറഞ്ഞാൽ അധികമാർക്കും അറിയില്ല. എന്നാൽ ഈ നടൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ് താനും. പേര് പറഞ്ഞാൽ അറിയാൻ ഇനി താൻ എന്താണ് ചെയ്യേണ്ടത് എന്നാണ് പ്രശാന്ത് ചോദിക്കുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ടെലിവിഷൻ അവതാരകനായി ഈ മേഖലയിലേക്ക് കടന്നു വരുന്ന സമയത്ത് എല്ലവരും പേരിനൊപ്പം സ്ഥലപ്പേരാണ് വെച്ചിരുന്നത്. എന്നാൽ പ്രശാന്ത് അതിന് വിപരീതമായി സ്വന്തം പേര് തന്നെ തുടരുകയായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല. എല്ലാത്തിനുമപരി സ്വയം മാർക്കറ്റ് ചെയ്യുന്ന കാര്യത്തിൽ താൻ ഒരു പരാജയമാണെന്നാണ് അദ്ദേഹം പറയുന്നത്.

സംസ്ഥാന അവാർഡ് ലഭിച്ച ‘ആവാസവ്യൂഹം’ എന്ന സിനിമയുടെ ‍ഡയറക്ടർ കൃഷാന്ദിന്റെ ഏറ്റവും പുതിയ സിനിമയായ ‘പുരുഷപ്രേതത്തിലാണ് പ്രശാന്ത് ഒടുവിൽ അഭിനയിച്ചത്. തന്നെയൊക്കെ വെച്ച് ഒരു സിനിമ ചെയ്താൽ അത് വിജയിക്കുമോയെന്ന് താൻ കൃഷാന്ദിനോട് നേരിട്ട് ചോദിച്ചു എന്നാണ് താരം പറയുന്നത്. പിന്നീട് കഥ കേട്ടപ്പോൾ എന്തായാലും ചെയ്യണമെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

”മാർക്കറ്റുള്ള ഒരാളെ വെച്ച് ഈ പടം ചെയ്യുന്നതാണ് നല്ലതെന്ന് പറഞ്ഞപ്പോൾ, ചേട്ടൻ ഈ കഥ കേൾക്ക് എന്നിട്ട് നമുക്ക് ഒരു വർഷം ട്രെെ ചെയ്യാം. ഒരു വർഷത്തിനുള്ള പ്രൊഡ്യൂസറെ കിട്ടിയില്ലെങ്കിൽ വേറെ നടനിലേക്ക് പോകാം എന്ന്. കഥ കേട്ടപ്പോൾ ഇത് എങ്ങനെയെങ്കിലും ചെയ്യണം എന്നായി എനിക്ക്. 2019ലാണ് എന്നോട് ഈ കഥ പറയുന്നത്. കോവിഡ് വന്നപ്പോൾ രണ്ട് വർഷം കൂടി നീട്ടിക്കിട്ടി.

കോവിഡ് കഴിഞ്ഞപ്പോഴേക്കും മലയാള സിനിമയുടെ കാഴ്ച്ചപ്പാട് മാറി. എന്നെപ്പോലെയുള്ള നടനെയെല്ലാം ആളുകൾ നായകനായി അം​ഗീകരിച്ച് തുടങ്ങി. ഒടുവിൽ സിനിമയ്ക്കുള്ള ഫണ്ട് അഞ്ച് വർഷത്തേക്കുള്ള കാലയളവിൽ പലരിൽ നിന്നും കടം വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ ജിയോ ബേബിയും മറ്റൊരു സുഹൃത്തും ഇതിന്റെ പങ്കാളികളായി, ഇങ്ങനെയാണ് ഞാൻ ഈ സിനിമയിലേക്ക് വന്നു”- അദ്ദേഹം വ്യക്തമാക്കി.